ഇന്ത്യ ആയുധങ്ങൾ വിറ്റത് അമേരിക്കയും ഇസ്രായേലും അടക്കം രാജ്യങ്ങൾക്ക്; പ്രതിരോധ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്

Published : Apr 02, 2026, 05:42 PM IST
akash missile

Synopsis

ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 38424 കോടി രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തി, മുൻ വർഷത്തെ അപേക്ഷിച്ച് 62.66 ശതമാനത്തിൻ്റെ വർധനവ് രേഖപ്പെടുത്തി. കയറ്റുമതിയിൽ സ്വകാര്യ മേഖലയെ മറികടന്ന് പൊതുമേഖലാ സ്ഥാപനങ്ങൾ മുന്നിലെത്തി, നിലവിൽ 80-ഓളം രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിരോധ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നുണ്ട്.

ദില്ലി: ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി റെക്കോർഡ് ഉയരത്തിൽ. 2025-26 സാമ്പത്തിക വർഷത്തിൽ 38424 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ 23622 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നത്. തൊട്ടുമുൻപത്തെ വർഷത്തെ അപേക്ഷിച്ച് 62.66 ശതമാനത്തിൻ്റെ വർധനവാണ് കയറ്റുമതിയിൽ രേഖപ്പെടുത്തിയത്. ഇസ്രായേലും അമേരിക്കയും അടക്കം 80 ഓളം രാജ്യങ്ങളിലേക്ക് നടത്തിയ കയറ്റുമതിയിലൂടെയാണ് 14802 കോടി രൂപയുടെ അധിക വരുമാനം നേടാനായത്.

പശ്ചിമേഷ്യയിൽ ഇറാനുമായി അമേരിക്ക-ഇസ്രായേൽ സഖ്യം യുദ്ധം തുടങ്ങിയത് ഫെബ്രുവരി 28 നായിരുന്നു. ഒരു മാസത്തിലേറെയായി ഏറ്റുമുട്ടൽ തുടരുകയാണ്. മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷം വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കണക്കുകൾ പ്രകാരം പ്രതിരോധ രംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങളാണ് 151 ശതമാനം വളർച്ച നേടിയത്. 2025 സാമ്പത്തിക വർഷത്തെ 8389 കോടി രൂപയിൽ നിന്ന് 21071 കോടി രൂപയായി കയറ്റുമതി വളർന്നു. സ്വകാര്യ കമ്പനികളും വളർച്ച നേടി. 15233 കോടിയായിരുന്ന മുൻവർഷത്തെ കയറ്റുമതി ഇക്കുറി 17353 കോടി രൂപയായി ഉയർന്നു. കയറ്റുമതിയിൽ മുന്നിലായിരുന്ന സ്വകാര്യ മേഖലയെ മറികടന്ന് പൊതുമേഖലാ കമ്പനികൾ മുന്നിലെത്തിയതും സവിശേഷതയാണ്. നിലവിൽ വിപണി വിഹിതത്തിൻ്റെ 54.84 ശതമാനം പൊതുമേഖലാ കമ്പനികൾക്കാണ്.

അതേസമയം പ്രതിരോധ കയറ്റുമതിക്കാരുടെ എണ്ണം 128 ൽ നിന്ന് 145 ആയി ഉയർന്നു. മുൻവർഷത്തെ അപേക്ഷിച്ച് 13.3 ശതമാനം വളർച്ചയാണ് രജിസ്റ്റർ ചെയ്ത കയറ്റുമതിക്കാരുടെ എണ്ണത്തിലുണ്ടായത്. ഇന്ത്യൻ പ്രതിരോധ ഉൽപ്പന്നങ്ങൾക്ക് ലഭിച്ച വൻ സ്വീകാര്യതയായാണ് ഈ കണക്കുകളെ കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്. ആഗോള വിപണിയിൽ 80 രാജ്യങ്ങളിലേക്ക് ആയുധം കയറ്റി അയക്കുന്ന രാജ്യമായി മാറിയെന്ന നേട്ടവും കേന്ദ്ര പ്രതിരോധ മന്ത്രി ഉയർത്തിക്കാട്ടി.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കടുത്ത സാമ്പത്തിക-ഊര്‍ജ പ്രതിസന്ധി: 'സ്മാര്‍ട്ട് ലോക്ക്ഡൗണ്‍' ഉള്‍പ്പെടെ കര്‍ശന നടപടികളിലേക്ക് നീങ്ങി പാക് സർക്കാർ
പശ്ചിമേഷ്യയിലെ യുദ്ധം കാരണം; ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നു; 100 കടന്നേക്കുമെന്ന് സാമ്പത്തിക വിദഗ്‌ധർ