
ദില്ലി: സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) ഗണ്യമായ വർധനവ്. ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ആറ് പാദത്തിലെ ഏറ്റവും ഉയർന്ന വളർച്ചയായ 8.2 ശതമാനം രേഖപ്പെടുത്തിയെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ഫലമായാണ് ജിഡിപി ഉയർന്നതെന്നും പറയുന്നു. രണ്ടാം പാദത്തിലെ ജിഡിപി വളർച്ച കഴിഞ്ഞ മൂന്ന് മാസത്തെ 7.8 ശതമാനത്തേക്കാൾ മികച്ചതാണെന്നും കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വളർച്ച 5.6 ശതമാനമായിരുന്നുവെന്നും സർക്കാർ രേഖകളിൽ പറയുന്നു.
രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 14 ശതമാനം സംഭാവന ചെയ്യുന്ന മാനുഫാക്ചറിങ് മേഖല 9.1 ശതമാനം വളർച്ച കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 2.2 ശതമാനം മാത്രമായിരുന്നു വളർച്ച. സെപ്റ്റംബർ പാദത്തിൽ ഇന്ത്യയുടെ ജിഡിപി 8.7 ശതമാനം നിരക്കിൽ വളർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി, പ്രധാനമന്ത്രി നരേന്ദ്ര മോദി നികുതി ഇളവുകളും തൊഴിൽ പരിഷ്കാരങ്ങളും കൊണ്ടുവന്നതുമാണ് നേട്ടത്തിന് കാരണമെന്നും അതേസമയം കൃഷി ഉൾപ്പെടെയുള്ള പ്രധാന മേഖലകളിലെ താരിഫ് കുറക്കണമെന്ന യുഎസ് ആവശ്യങ്ങളെ നിരാകരിച്ചുവെന്നും പറയുന്നു.
2047 ആകുമ്പോഴേക്കും വികസിത രാഷ്ട്രത്തിന്റെ സ്വപ്നമായ 'വിക്ഷിത് ഭാരത്' എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്, ഇന്ത്യ ചുരുങ്ങിയത് പത്തോ ഇരുപതോ വർഷത്തേക്ക് സ്ഥിരമായി ഏകദേശം 8 ശതമാനം വളർച്ചാ നിരക്ക് കൈവരിക്കേണ്ടതുണ്ടെന്ന് 2024-25 ലെ സാമ്പത്തിക സർവേ രേഖയിൽ പറഞ്ഞിരുന്നു. 2013-14 ൽ ഇന്ത്യ പതിനൊന്നാമത്തെ സമ്പദ് വ്യവസ്ഥയായിരുന്നെങ്കിൽ ഇപ്പോൾ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. കഴിഞ്ഞ ദശകത്തിൽ സാമ്പത്തിക വലിപ്പത്തിന്റെ കാര്യത്തിൽ ഇന്ത്യ പല രാജ്യങ്ങളെയും മറികടന്നുവെങ്കിലും പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ പുരോഗതി കൈവരിക്കേണ്ടതുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം, 2021-22 ലും 2022-23 ലും സമ്പദ്‌വ്യവസ്ഥ യഥാക്രമം 8.7 ശതമാനവും 7.2 ശതമാനവും വളർന്നു.