
പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് അധിക എക്‌സൈസ് ഡ്യൂട്ടിയും പാന്‍ മസാലയ്ക്ക് പ്രത്യേക ആരോഗ്യ സെസ്സും ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ പുകയില കമ്പനികള്‍ക്ക് വന്‍ തകര്‍ച്ച. ഫെബ്രുവരി 1 മുതല്‍ പുതിയ നികുതി ഘടന നിലവില്‍ വരുമെന്ന് ധനമന്ത്രാലയം ഔദ്യോഗികമായി അറിയിച്ചതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റൊഴിഞ്ഞു വ്യാപാരം ആരംഭിച്ചത് മുതല്‍ പുകയില ഓഹരികള്‍ കനത്ത നഷ്ടം രേഖപ്പെടുത്തി. പ്രമുഖ കമ്പനിയായ ഐടിസിയുടെ ഓഹരി വില 9.2 ശതമാനം ഇടിഞ്ഞപ്പോള്‍ ഗോഡ്‌ഫ്രെ ഫിലിപ്സ് 14.1 ശതമാനം തകര്‍ച്ച നേരിട്ടു. കേന്ദ്ര ധനമന്ത്രാലയം പുതിയ എക്‌സൈസ് ഡ്യൂട്ടി പ്രഖ്യാപിച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഐടിസി ഓഹരി നിക്ഷേപകര്‍ക്ക് 50,000 കോടി രൂപയയുടെ നഷ്ടമാണ് ഇന്ന് ഉണ്ടായത്.
ഓഹരി വിപണിയിലെ ആഘാതം ഇങ്ങനെ:
ഐടിസി : ഓഹരി വില 363 രൂപയിലേക്ക് താഴ്ന്നു. 2023 ഏപ്രിലിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലവാരമാണിത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റദിന തകര്‍ച്ചയാണ് ഐടിസി ഓഹരികളിലുണ്ടായത്.
ഗോഡ്‌ഫ്രെ ഫിലിപ്സ് : മള്‍ബറോ സിഗരറ്റുകളുടെ വിതരണക്കാരായ ഇവരുടെ ഓഹരികള്‍ക്ക് 2016 നവംബറിന് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് നേരിട്ടത്.
നിഫ്റ്റി 50 ഇന്‍ഡക്‌സിലും എഫ്എംസിജി ഇന്‍ഡക്‌സിലും ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയതും പുകയില ഓഹരികളാണ്.
പുകയില ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നികുതി കൂട്ടുമ്പോള്‍, അത് വില്‍പ്പനയെ ബാധിക്കുമെന്ന ആശങ്കയിലാണ് നിക്ഷേപകര്‍. കൂടാതെ, നികുതി കൂടുമ്പോള്‍ അനധികൃത പുകയില വിപണി സജീവമാകാന്‍ സാധ്യതയുണ്ടെന്ന് 'ജെഫറീസ്' പോലുള്ള സാമ്പത്തിക വിശകലന ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. കമ്പനികളുടെ മൊത്തത്തിലുള്ള ഉല്‍പ്പാദനച്ചെലവില്‍ 22 മുതല്‍ 28 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടായേക്കാം. നിലവില്‍ ഇന്ത്യയില്‍ സിഗരറ്റിന്റെ വില്പന വിലയുടെ 53 ശതമാനമാണ് നികുതിയായി ഈടാക്കുന്നത്. ഇത് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്ന 75 ശതമാനത്തേക്കാള്‍ കുറവാണെന്നും, ഉപയോഗം കുറയ്ക്കാന്‍ നികുതി ഇനിയും വര്‍ദ്ധിപ്പിക്കണമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.