
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച 'ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ 54,908.22 കോടി രൂപയുടെ പദ്ധതികൾ നിര്‍മ്മാണം തുടങ്ങിയെന്ന് മന്ത്രി പി രാജീവ്. ആകെ ലഭിച്ച നിക്ഷേപ വാഗ്ദാനങ്ങളിൽ ഭൂമി ലഭ്യമായവയുടെ നാല്‍പത് ശതമാനത്തിലധികമാണ് യാഥാര്‍ത്ഥ്യമായ നിക്ഷേപങ്ങള്‍. 449 നിക്ഷേപകരില്‍ നിന്നായി 1,81,209 കോടി രൂപയുടെ നിക്ഷേപ താല്പര്യ പത്രങ്ങളാണ് (ഇഒഐ) സർക്കാരിന് ലഭിച്ചത്. ഇതില്‍ നിർമ്മാണം ആരംഭിച്ചതും പ്രവർത്തനങ്ങൾ ആരംഭിച്ചതുമായ 115 പദ്ധതികളാണുള്ളത്. 66,073 തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത്. ടൂറിസം, ഭക്ഷ്യ സംസ്കരണം, ഐടി, ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത്കെയർ തുടങ്ങി 22 മുൻ മേഖലകളിലാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലഭിച്ച നിക്ഷേപ താല്പര്യ പത്രങ്ങൾ സമയബന്ധിതമായി യാഥാർത്ഥ്യമാക്കുന്നതിലാണ് സർക്കാർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 100 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾ വ്യവസായ വാണിജ്യ ഡയറക്ടറേറ്റും, അതിനു മുകളിലുള്ള പദ്ധതികൾ കെ.എസ്.ഐ.ഡി.സിയുമാണ് നിരീക്ഷിക്കുന്നത്. നിക്ഷേപകർക്ക് ആവശ്യമായ വിവിധ അനുമതികൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി വ്യവസായ വകുപ്പ് പ്രത്യേക സംവിധാനം രൂപീകരിച്ച്, കൃത്യമായ ഇടവേളകളിൽ പദ്ധതി അവലോകനങ്ങൾ നടത്തുന്നുണ്ട്.
ആകെ 4,97,800 തൊഴിലവസര സാധ്യതയാണ് ഇതിലൂടെ തുറക്കപ്പെടുന്നത്. 285 പദ്ധതികൾക്ക് ഭൂമി ലഭ്യമാക്കി. നിർമ്മാണം ആരംഭിച്ച പദ്ധതികളിൽ പ്രതീക്ഷിക്കുന്ന തൊഴിലവസരങ്ങൾ 66,073 ആണെന്നും വ്യവസായ വകുപ്പ് വ്യക്തമാക്കി. നിക്ഷേപ പ്രക്രിയ കൂടുതൽ സുതാര്യമാക്കുന്നതിനായി പ്രത്യേക ഓൺലൈൻ സംവിധാനത്തിന് സർക്കാർ രൂപം നൽകി. നോഡൽ ഓഫീസർമാരുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്നതിനും നിക്ഷേപകർ നേരിടുന്ന പ്രശ്നങ്ങൾ വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കുന്നതിനും ഈ പോർട്ടൽ സഹായിക്കും. പദ്ധതി നിർവ്വഹണത്തിലെ തടസ്സങ്ങൾ നീക്കാനായി വ്യവസായ വകുപ്പ് മന്ത്രി അദ്ധ്യക്ഷനായി ഉപദേശക സമിതിയും നിലവിൽ വന്നു.