
ദില്ലി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ നൽകുന്ന തുക ഉയർത്തുമോ എന്ന് ആകാംഷയിൽ രാജ്യത്തെ കാർഷിക മേഖല. നിലവിൽ 6000 രൂപയാണ് 3 ഗഡുക്കളായി ഈ പദ്ധതിയിലൂടെ നൽകുന്നത്. വിവിധ കാർഷിക പദ്ധതികൾക്കും കൂടുതൽ തുക വകയിരുത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ കർഷിക മേഖലയ്ക്ക് ഒന്നേകാൽ ലക്ഷം കോടി രൂപയാണ് ആകെ വകയിരുത്തിയത്. ഇത്തവണ ഇത് കൂട്ടുമെന്നാണ് പ്രതീക്ഷ. അതേസമയം കയറ്റുമതി മേഖലയും പ്രതീക്ഷയോടെയാണ് കേന്ദ്ര ബജറ്റിനെ ഉറ്റുനോക്കുന്നത്. സ്വതന്ത്ര വ്യാപാര കരാർ അടക്കം അനുകൂല ഘടകങ്ങൾ നിൽക്കുന്ന സാഹചര്യത്തിൽ കയറ്റുമതി മേഖലയെ പരിപോഷിപ്പിക്കാൻ കൂടുതൽ വകയിരുത്തലും പിന്തുണയും അനിവാര്യമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. എക്സ്പോർട്ട് ലിങ്ക്ഡ് ഇൻസെൻ്റീവ്, സാങ്കേതിക സഹായം, കാർഷിക മേഖലയിലെ ആധുനിക സംവിധാനങ്ങൾ എന്നിവയ്ക്കായി ബജറ്റിൽ പ്രഖ്യാപനങ്ങളുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.
വനിതാ കർഷകർക്ക് പ്രതിവർഷം നൽകുന്ന തുക 6000 രൂപയിൽ നിന്ന് 10,000 രൂപയോടടുത്ത് ഉയർത്തിയേക്കുമെന്നാണ് പ്രതീക്ഷ. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ ഇത് സഹായിക്കും. വിളവെടുപ്പിന് ശേഷം വിളകൾ സുരക്ഷിതമായി സംഭരിക്കുന്നതിനും നഷ്ടം കുറയ്ക്കുന്നതിനും കോൾഡ് സ്റ്റോറേജ് ശൃംഖലകൾക്കും ഫുഡ് പ്രോസസിംഗ് യൂണിറ്റുകൾക്കും കൂടുതൽ സബ്‌സിഡികൾ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. കാർഷിക വൃത്തിയിൽ ഡ്രോണുകളുടെ ഉപയോഗം പരിപോഷിപ്പിക്കുക, ആധുനിക കൃഷി രീതികൾ അവലംബിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നും പ്രതീക്ഷയുണ്ട്.
ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്ന പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചേക്കും. കയറ്റുമതി ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ഇത്തരമൊരു പ്രതീക്ഷയുടെ കാരണം. 'പിഎം ഗതിശക്തി' പദ്ധതിയുമായി ബന്ധിപ്പിച്ച് ചരക്ക് നീക്കത്തിനുള്ള ചെലവ് കുറയ്ക്കാൻ പുതിയ റെയിൽവേ ഇടനാഴികൾ പ്രഖ്യാപിച്ചേക്കും. ഒപ്പം തുറമുഖങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതികളും ഉണ്ടാകും. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെൻ്റിൽ ബജറ്റ് അവതരിപ്പിക്കും. വികസിത ഭാരതം എന്ന പ്രഖ്യാപിത മുദ്രാവാക്യവുമായാണ് കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നത്. അതിനാൽ തന്നെ വൻ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധർ കരുതുന്നു.