കടത്തിന് മേലെ കടം: സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധിയും റവന്യൂ കമ്മിയും ആദ്യ നാല് മാസത്തിൽ പകുതിയോളമായി; നികുതി വരുമാനം 13,880.82 കോടി

Published : Aug 31, 2026, 09:18 AM IST
vd satheesan

Synopsis

സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസത്തിൽ തന്നെ കടമെടുപ്പ് പരിധിയുടെ പകുതിയോളം ഉപയോഗിച്ച സർക്കാർ, ഓണച്ചെലവുകൾക്ക് ശേഷം 1,800 കോടി രൂപ കൂടി കടമെടുക്കുന്നു. ഓണവിപണിയിലെ ഉണർവ് നികുതി വരുമാനം വർധിപ്പിച്ച് ഖജനാവിലേക്ക് പണം തിരിച്ചെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ധനവകുപ്പ്.

തിരുവനന്തപുരം: സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസത്തിൽ തന്നെ കടമെടുപ്പ് പരിധിയുടെയും റവന്യൂ കമ്മിയുടെയും പകുതിയോളം തൊട്ട് സംസ്ഥാന സർക്കാർ. ഈ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഓണച്ചെലവുകൾക്ക് ശേഷം 1,800 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. കടപത്രങ്ങൾ വഴിയുള്ള ലേലം ചൊവ്വാഴ്ച ആർ.ബി.ഐയുടെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിൽ നടക്കും.

ഈ വർഷത്തെ ബജറ്റിൽ പൊതുവിപണിയിൽ നിന്നടക്കം സമാഹരിക്കാൻ ലക്ഷ്യമിട്ട 56,413.06 കോടി രൂപയുടെ 46.91 ശതമാനം തുകയും ആദ്യ നാല് മാസങ്ങളിൽ തന്നെ കേരളം കടമെടുത്തു കഴിഞ്ഞു. 26,461.75 കോടി രൂപയാണ് ഇതുവരെ സമാഹരിച്ചത്. ഇതിന് പുറമെയാണ് പുതിയ 1,800 കോടിയുടെ കടമെടുപ്പ്. ബജറ്റ് കണക്കാക്കിയ റവന്യൂ കമ്മിയുടെ പകുതിയോളവും ഈ ചുരുങ്ങിയ കാലയളവിൽ രേഖപ്പെടുത്തിക്കഴിഞ്ഞു.

ക്ഷേമപെൻഷനുകൾ, ബോണസ്, ഉത്സവബത്ത, വിപണി ഇടപെടലുകൾ എന്നിവയ്ക്കായി പതിനായിരം കോടിയോളം രൂപയാണ് ഓണക്കാലത്ത് ചെലവായത്. ഇതിനായി ഈ മാസം മാത്രം 2,200 കോടി രൂപ നേരത്തെ കടമെടുത്തിരുന്നു. ഓണവിപണി സജീവമാകുന്നതോടെ നികുതി വരുമാനം വർധിക്കുമെന്നും പണം ഖജനാവിലേക്ക് തിരിച്ചെത്തുമെന്നുമുള്ള കണക്കുകൂട്ടലിലാണ് സർക്കാർ പണം വിപണിയിലിറക്കിയത്.

സാമ്പത്തിക വർഷത്തിലെ ആദ്യ നാല് മാസത്തിൽ 13,880.82 കോടി രൂപയാണ് സംസ്ഥാനത്തിന്റെ ജി.എസ്.ടി (GST) വരുമാനം. ഓണക്കാലത്തെ ഭീമമായ ചെലവുകൾക്ക് ശേഷം വിപണിയിലെ ഉണർവ് വരും ദിവസങ്ങളിൽ ജി.എസ്.ടി ഉൾപ്പെടെയുള്ള നികുതി വരുമാനത്തിൽ വലിയ വർധനവുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ധനവകുപ്പ്.

PREV
Stay updated on Economy and Financial news (സാമ്പത്തിക വാർത്തകൾ) in Malayalam with Asianet News. Indian economy updates, policies, and market analysis. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും പുതിയ വാർത്തകൾ , സർക്കാർ നയങ്ങൾ, വിപണി വിശകലനം.
Read more Articles on
click me!

Recommended Stories

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം എന്ന നേട്ടം നിലനിർത്തി ഇന്ത്യ; ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്
കേരള ബാങ്ക്: പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാർ; ലക്ഷ്യം ജില്ലാ സഹകരണ ബാങ്കുകളെ സ്വതന്ത്രമായി പുനഃസ്ഥാപിക്കൽ