അഞ്ച് ലക്ഷം കോടി ഡോളര്‍ ലക്ഷ്യം നേടിയെടുക്കും; ശുഭലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായി നിര്‍മല സീതാരാമന്‍

By Web TeamFirst Published Feb 12, 2020, 10:57 AM IST
Highlights

വളർച്ചയ്ക്കായി കേന്ദ്ര സർക്കാർ ഊന്നൽ നൽകുന്ന നാല് മേഖലകൾ സ്വകാര്യ നിക്ഷേപം, കയറ്റുമതി, സ്വകാര്യ ഉപഭോഗം, പൊതുമേഖലാ ഉപഭോഗം എന്നിവയാണെന്ന് നിർമല വ്യക്തമാക്കി.

ദില്ലി: രാജ്യത്തെ സാമ്പദ്‍വ്യവസ്ഥയില്‍ പ്രശ്നങ്ങളില്ലെന്ന് ആവർത്തിച്ച് വീണ്ടും കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. ശുഭലക്ഷണങ്ങൾ പ്രകടമാണെന്ന് പറഞ്ഞ അവർ, അഞ്ച് ട്രില്യൺ ജിഡിപി എന്ന ലക്ഷ്യം നേടാനാവുമെന്ന് ശുഭാപ്തി വിശ്വാസവും പ്രകടിപ്പിച്ചു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജിഎസ്‌ടി കളക്ഷൻ ഒരു ലക്ഷം കോടി കടന്നതും നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഉണ്ടായ വർധനവും ഫാക്ടറി ഉൽപ്പാദനത്തിലുണ്ടായ വർധനവും ശുഭലക്ഷണങ്ങളാണെന്ന് അവർ പറഞ്ഞു.

ഫോറെക്സ് റിസർവ് ഏറ്റവും ഉയർന്ന നിരക്കിലാണെന്നും സ്റ്റോക് മാർക്കറ്റ് ശക്തമായി മുന്നേറുകയാണെന്നും അവർ വിശദീകരിച്ചു. വളർച്ചയ്ക്കായി കേന്ദ്ര സർക്കാർ ഊന്നൽ നൽകുന്ന നാല് മേഖലകൾ സ്വകാര്യ നിക്ഷേപം, കയറ്റുമതി, സ്വകാര്യ ഉപഭോഗം, പൊതുമേഖലാ ഉപഭോഗം എന്നിവയാണെന്ന് നിർമല വ്യക്തമാക്കി.

അടുത്ത നാല് വർഷത്തിനുള്ളിൽ രാജ്യത്ത് 103 ലക്ഷം കോടിയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന് പറഞ്ഞ അവർ, ഉപഭോഗം വളർത്താനാണ് റാബി, ഖാരിഫ് വിളകളുടെ താങ്ങുവില ഉയർത്തിയതെന്നും പറഞ്ഞു. 

അതേസമയം ധനക്കമ്മി യുപിഎ സർക്കാരിന്റെ കാലത്തും ഉയർന്ന നിലയിലായിരുന്നുവെന്ന് അവർ വിശദീകരിച്ചു. പി ചിദംബരം തിങ്കളാഴ്ച കേന്ദ്രസർക്കാരിനെതിരെ ഉന്നയിച്ച വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.

click me!