ലോക്ക് ഡൗൺ കാലത്തെ ജീവനക്കാരുടെ ശമ്പളം സിഎസ്ആർ ചെലവാക്കലായി പരി​ഗണിക്കില്ല; നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

By Web TeamFirst Published Apr 11, 2020, 5:26 PM IST
Highlights

ലോക്ക് ഡൗൺ കാലയളവിൽ താൽക്കാലിക അല്ലെങ്കിൽ കാഷ്വൽ അല്ലെങ്കിൽ ദിവസ വേതന തൊഴിലാളികൾക്ക് വേതനം നൽകുന്നതും സി‌എസ്‌ആർ ചെലവിലേക്ക് കണക്കാക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു.

ദില്ലി: ലോക്ക് ഡൗൺ കാലയളവിൽ ബിസിനസുകൾക്ക് അവരുടെ ജീവനക്കാരുടെ വേതന ബിൽ സിഎസ്ആർ (കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തം) ചെലവാക്കലായി സജ്ജീകരിക്കാൻ കഴിയില്ല. എന്നാൽ, മഹാമാരി സമയത്ത് ആശ്വാസമായി തൊഴിലാളികൾക്ക് നൽകുന്ന എക്സ് ഗ്രേഷ്യ പെയ്‌മെന്റിനെ ഇതിന്റെ പരിധിയിൽ ഉൾപ്പെടുത്താം. 

സാധാരണ സാഹചര്യങ്ങളിൽ ശമ്പളമോ വേതനമോ നൽകുന്നത് കമ്പനിയുടെ കരാർ/നിയമപരമായ ബാധ്യതയാണെന്ന് കോർപ്പറേറ്റ് കാര്യ മന്ത്രാലയം അറിയിച്ചു. അതുപോലെ, ലോക്ക് ഡൗൺ കാലയളവിൽ ജീവനക്കാർക്കും തൊഴിലാളികൾക്കും ശമ്പളമോ വേതനമോ നൽകുന്നത് തൊഴിലുടമകളുടെ ധാർമ്മിക ബാധ്യതയാണ്. കാരണം,  അവർക്ക് ഈ കാലയളവിൽ മറ്റ് തൊഴിൽ സ്രോതസ്സുകളോ ഉപജീവന മാർഗ്ഗമോ ഇല്ല.

ലോക്ക് ‍ഡൗൺ കാലയളവിൽ ജീവനക്കാർക്കും തൊഴിലാളികൾക്കും നൽകുന്ന വേതനം സി‌എസ്‌ആർ ചെലവായി കണക്കാക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ നിയമപ്രകാരം അറ്റാദായത്തിന്റെ രണ്ട് ശതമാനം കമ്പനികൾ കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സി‌എസ്‌ആർ) ഫണ്ടായി ചെലവാക്കേണ്ടതുണ്ട്. 

ലോക്ക് ഡൗൺ കാലയളവിൽ താൽക്കാലിക അല്ലെങ്കിൽ കാഷ്വൽ അല്ലെങ്കിൽ ദിവസ വേതന തൊഴിലാളികൾക്ക് വേതനം നൽകുന്നതും സി‌എസ്‌ആർ ചെലവിലേക്ക് കണക്കാക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു.

കുറഞ്ഞത് 500 കോടി രൂപയുടെ ആസ്തിയോ 1,000 കോടി വരുമാനമോ അഞ്ച് കോടി രൂപയുടെ ലാഭമോ ഉള്ള സ്ഥാപനങ്ങൾ അവരുടെ അറ്റാദായത്തിന്റെ 2% എങ്കിലും സി‌എസ്‌ആറിനായി ചെലവഴിക്കണമെന്ന് നിയമം അനുശാസിക്കുന്നു. ഇക്കാര്യത്തിൽ എന്തെങ്കിലും പരാജയം സംഭവിച്ചിട്ടുണ്ടെങ്കിൽ വാർഷിക ധനകാര്യ പ്രസ്താവനയിൽ കമ്പനി ഇത് മന്ത്രാലയത്തോട് വിശദീകരിക്കണം.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികൾക്ക് നൽകുന്ന സംഭാവന അർഹമായ സി‌എസ്‌ആർ ചെലവായിരിക്കുമെന്നും എന്നാൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലേക്കോ സംഭാവന നൽകുന്നതിനെ ഈ ​ഗണത്തിൽ പരി​ഗണിക്കാൻ ആകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

click me!