സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ആ​ഗോള സമ്മേളനത്തിൽ രത്തന്‍ ടാറ്റയും ആനന്ദ് മഹീന്ദ്രയും പങ്കെ‌ടുക്കും

Web Desk   | Asianet News
Published : Jan 27, 2021, 07:31 PM ISTUpdated : Jan 27, 2021, 07:35 PM IST
സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ആ​ഗോള സമ്മേളനത്തിൽ രത്തന്‍ ടാറ്റയും ആനന്ദ് മഹീന്ദ്രയും പങ്കെ‌ടുക്കും

Synopsis

ഫെബ്രുവരി മൂന്നിന് നടക്കുന്ന പ്രത്യേക വ്യവസായ സെഷനില്‍ ബയോകോണ്‍ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ കിരണ്‍ മജൂംദാര്‍ ഷാ, ആക്സിലര്‍ വെന്‍ചേഴ്സ് ചെയര്‍പേഴ്സൺ ക്രിസ് ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള വ്യവസായ പ്രമുഖര്‍ പങ്കെടുക്കും.

തിരുവനന്തപുരം: ഭാവി കേരളത്തിന്റെ സൃഷ്ടിക്ക് ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിക്കുന്ന  ആ​ഗോള സമ്മേളനത്തില്‍ വ്യവസായ പ്രമുഖർ പങ്കെടുക്കും. രത്തന്‍ ടാറ്റ, ആനന്ദ് മഹീന്ദ്ര, എം എ യൂസഫ് അലി, നൊബേല്‍ ജേതാവ് പ്രൊഫ. അമര്‍ത്യാ സെന്‍ എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. കോവിഡാനന്തര കാലഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നും പുറത്തുനിന്നും നിക്ഷേപങ്ങള്‍ ആകര്‍ഷിച്ച് കേരളത്തെ വികസന പാതയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് വ്യവസായ പ്രമുഖര്‍ അടക്കമുള്ളവരുടെ നിര്‍ദേശങ്ങളും കാഴ്ചപ്പാടുകളും ഉപയോ​ഗപ്പെടുത്തും. ഫെബ്രുവരി ഒന്നു മുതല്‍ മൂന്നു വരെ ഓണ്‍ലൈനായിട്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്തിന്‍റെ സാധ്യതകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ശരിയായ പാതയിലാണ് കേരളമെന്ന് ആസൂത്രണ ബോര്‍ഡിന്‍റെ ക്ഷണം സ്വീകരിച്ചുകൊണ്ട് രത്തന്‍ ടാറ്റ അറിയിച്ചു. ഫെബ്രുവരി മൂന്നിന് നടക്കുന്ന പ്രത്യേക വ്യവസായ സെഷനില്‍ ബയോകോണ്‍ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ കിരണ്‍ മജൂംദാര്‍ ഷാ, ആക്സിലര്‍ വെന്‍ചേഴ്സ് ചെയര്‍പേഴ്സൺ ക്രിസ് ഗോപാലകൃഷ്ണന്‍, ലുലു ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ എം എ യൂസഫ് അലി, ആര്‍ പി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ രവി പിള്ള, ആസ്റ്റര്‍ മെഡിസിറ്റി ചെയര്‍പേഴ്സണും മാനേജിംഗ് ഡയറക്ടറുമായ ഡോ ആസാദ് മൂപ്പന്‍ ഉള്‍പ്പെടെയുള്ള വ്യവസായ പ്രമുഖര്‍ പങ്കെടുക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ എന്നിവര്‍ പ്രത്യേക സെഷനില്‍ പങ്കെടുക്കും. ഫെബ്രുവരി ഒന്നിന് മുഖ്യമന്ത്രി സമ്മേളനത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും.

ഫെബ്രുവരി ഒന്നിന് സാമ്പത്തിക നോബേല്‍ ജേതാവ് പ്രൊഫ ജോസഫ് സ്റ്റിഗ്ലിറ്റ്‌സ്, ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു എച്ച് ഒ) ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ എന്നിവരുടെ പ്രഭാഷണങ്ങളോടെ സമ്മേളനത്തിന് തുടക്കമാകും. തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളില്‍ സംസ്ഥാനത്തിന്‍റെ ഭാവി ലക്ഷ്യമിട്ടുള്ള വിവിധ ആശയങ്ങളും പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യുകയും അതില്‍നിന്ന് ഉരുത്തിരിയുന്ന മാതൃകകള്‍ ഏകോപിപ്പിക്കുകയും ചെയ്യും.

വ്യവസായത്തെക്കുറിച്ചുള്ള പ്രത്യേക സെഷനില്‍ വ്യവസായ പ്രമുഖര്‍ക്കും പങ്കാളികള്‍ക്കും മുമ്പാകെ സംസ്ഥാനത്തെ കരുത്തുറ്റതും വളര്‍ച്ച പ്രാപിക്കുന്നതും കൂടാതെ നയപരമായ ഇടപെടലുകളുടെ മെച്ചപ്പെടുത്തിയതുമായ വ്യവസായ മാതൃകകളെയും പ്രദര്‍ശിപ്പിക്കും.

PREV
click me!

Recommended Stories

ഡിജിറ്റൽ കിസാൻ ക്രെഡിറ്റ് കാർഡ്
രണ്ടാം പാദത്തിൽ കുതിപ്പ്, ജിഡിപി ആറ് പാദങ്ങളിലെ ഏറ്റവയും ഉയർന്ന നിലയിൽ, ജിഎസ്ടി നിരക്കുകൾ കുറച്ചത് നേട്ടമായെന്ന് കേന്ദ്ര സർക്കാർ