ആശ്വാസത്തിന്റെ വാതില്‍ തുറന്ന് ആര്‍ബിഐ; ഭവനവായ്പക്കാര്‍ക്ക് ഇനി വരുന്ന മാസങ്ങള്‍ നിര്‍ണായകം

Published : Aug 06, 2025, 03:02 PM IST
rbi

Synopsis

റിപ്പോ നിരക്ക് കുറയ്ക്കുന്നത് ഭവനവായ്പാ പലിശനിരക്ക് വീണ്ടും കുറയാന്‍ ഇടയാക്കും

വനവായ്പ എടുത്തവര്‍ക്ക് ആശ്വാസം പകര്‍ന്ന് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 5.5% ആയി നിലനിര്‍ത്തി. സമീപകാലത്തെ സാമ്പത്തിക സൂചനകള്‍ കണക്കിലെടുക്കുമ്പോള്‍, റിപ്പോ നിരക്ക് ഇനിയും കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലുകളാണ് ഇപ്പോള്‍ സജീവമാകുന്നത്. ആര്‍.ബി.ഐയുടെ ഈ നിലപാട് ഭവനവായ്പയെടുക്കാന്‍ ഒരുങ്ങുന്നവര്‍ക്കും, നിലവില്‍ വായ്പ എടുത്തവര്‍ക്കും ഒരുപോലെ ഗുണകരമാകും. റിപ്പോ നിരക്ക് കുറയ്ക്കുന്നത് ഭവനവായ്പാ പലിശനിരക്ക് വീണ്ടും കുറയാന്‍ ഇടയാക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആര്‍.ബി.ഐ റിപ്പോ നിരക്ക് 6.5% -ല്‍ നിന്ന് 5.5% ആയി കുറച്ചിരുന്നു. ഇതിന്റെ ഫലമായി ഭവനവായ്പകളുടെ പലിശനിരക്ക് 8% -ല്‍ താഴെയായി.

ഇനിയെന്ത് സംഭവിക്കും? 

പണപ്പെരുപ്പം കുറയുന്നതാണ് റിപ്പോ നിരക്ക് കുറയ്ക്കാന്‍ ആര്‍.ബി.ഐയെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. കഴിഞ്ഞ എട്ട് മാസമായി ഇന്ത്യയില്‍ പണപ്പെരുപ്പം കുറഞ്ഞുവരികയാണ്. ജൂണ്‍ മാസത്തില്‍ ഇത് 2.1% -ല്‍ എത്തി, ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. എങ്കിലും, ആര്‍.ബി.ഐയുടെ തീരുമാനം പെട്ടെന്നുള്ള ഈ കണക്കുകളെ മാത്രം ആശ്രയിച്ചായിരിക്കില്ല. ദീര്‍ഘകാല പണപ്പെരുപ്പത്തിന്റെ സാധ്യതകളും ആര്‍.ബി.ഐ പരിഗണിക്കും. നിലവിലെ സാഹചര്യം അനുകൂലമായതിനാല്‍, സമീപ ഭാവിയില്‍ റിപ്പോ നിരക്ക് വീണ്ടും കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

വായ്പാ നിരക്കുകളിലെ മാറ്റങ്ങള്‍ എങ്ങനെ? ഭവനവായ്പ ദീര്‍ഘകാലത്തേക്കുള്ള ഒരു സാമ്പത്തിക ബാധ്യതയായതിനാല്‍ പലിശനിരക്കിലെ ചെറിയ മാറ്റങ്ങള്‍ പോലും വലിയ സ്വാധീനം ചെലുത്തും. ഉദാഹരണത്തിന്, 20 വര്‍ഷത്തേക്ക് 8.5% പലിശയില്‍ 50 ലക്ഷം രൂപ വായ്പയെടുത്ത ഒരാളുടെ പ്രതിമാസ തിരിച്ചടവ് ഏകദേശം 43,391 രൂപയായിരിക്കും. ഇതിലൂടെ, അയാള്‍ ഏകദേശം 54 ലക്ഷം രൂപ പലിശയായി മാത്രം അടയ്ക്കുന്നു.എന്നാല്‍, പലിശനിരക്ക് 7.25% ആയി കുറഞ്ഞാല്‍ വായ്പക്കാര്‍ക്ക് രണ്ട് സാധ്യതകളുണ്ട്:

  • ഇ.എം.ഐ കുറയ്ക്കുക: പ്രതിമാസ തിരിച്ചടവ് ഏകദേശം 39,574 രൂപയായി കുറയ്ക്കാം. ഇത് മാസച്ചെലവുകള്‍ ലഘൂകരിക്കാന്‍ സഹായിക്കും. അതോടൊപ്പം 9 ലക്ഷത്തിലധികം രൂപ പലിശയിനത്തില്‍ ലാഭിക്കാം.
  • വായ്പാ കാലാവധി കുറയ്ക്കുക: നിലവിലെ ഇ.എം.ഐ നിലനിര്‍ത്തിക്കൊണ്ട് വായ്പാ കാലാവധി 20 വര്‍ഷത്തില്‍ നിന്ന് 16.5 വര്‍ഷമായി കുറയ്ക്കാം. ഇത് 11 ലക്ഷത്തിലധികം രൂപ ലാഭിക്കാന്‍ സഹായിക്കും.

വരുമാനം, സാമ്പത്തിക ലക്ഷ്യങ്ങള്‍ എന്നിവ അനുസരിച്ച് ഈ ഓപ്ഷനുകളില്‍ ഒന്ന് തിരഞ്ഞെടുക്കാവുന്നതാണ്.

ഇപ്പോള്‍ നിലവിലുള്ള കുറഞ്ഞ പലിശനിരക്ക് ഉപയോഗപ്പെടുത്തി വായ്പകള്‍ പുനഃക്രമീകരിക്കാനും, മുന്‍കൂട്ടി തിരിച്ചടയ്ക്കാനും, അല്ലെങ്കില്‍ പുതിയ ഭവനങ്ങള്‍ വാങ്ങാനും ഇത് നല്ലൊരു സമയമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

PREV
Read more Articles on
click me!

Recommended Stories

ഡിജിറ്റൽ കിസാൻ ക്രെഡിറ്റ് കാർഡ്
രണ്ടാം പാദത്തിൽ കുതിപ്പ്, ജിഡിപി ആറ് പാദങ്ങളിലെ ഏറ്റവയും ഉയർന്ന നിലയിൽ, ജിഎസ്ടി നിരക്കുകൾ കുറച്ചത് നേട്ടമായെന്ന് കേന്ദ്ര സർക്കാർ