കീശ നിറഞ്ഞ് സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പും: ഇക്കൊല്ലം നേടിയത് 4431.88 കോടി രൂപ വരുമാനം

By Web TeamFirst Published Apr 1, 2022, 6:03 PM IST
Highlights

കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജീവനക്കാരുടെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനമാണ് വരുമാന വര്‍ദ്ധനയ്ക്കിടയാക്കിയതെന്ന് സഹകരണം, രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു

തിരുവനന്തപുരം: ഇന്നലെ അവസാനിച്ച സാമ്പത്തിക വർഷത്തിൽ രജിസ്‌ട്രേഷന്‍ വകുപ്പിന് റെക്കോര്‍ഡ് വരുമാനം. 2021 -22 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1301.57 കോടി രൂപയുടെ ഉയർച്ചയാണ് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വരുമാനത്തിലുണ്ടായത്. ബജറ്റ് ലക്ഷ്യം വച്ചതിനേക്കാള്‍ 305.89 കോടി രൂപയുടെ അധിക വരുമാനമാണ് സാമ്പത്തിക വര്‍ഷം അവസാനം രജിസ്‌ട്രേഷന്‍ വകുപ്പ് നേടിയത്. 

സംസ്ഥാനത്തെ 12 ജില്ലകളില്‍ ബജറ്റ് ലക്ഷ്യത്തേക്കാള്‍ കൂടുതല്‍ വരുമാനമുണ്ടായി. എറണാകുളം ജില്ലയ്ക്ക് ബജറ്റ് ലക്ഷ്യത്തിലേയ്ക്ക് എത്തനായില്ല. എങ്കിലും സംസ്ഥാനത്ത് ഏറ്റവും അധികം റവന്യൂ വരുമാനം നേടാനായത് എറണാകുളം ജില്ലയ്ക്കാണ്. 977.21 കോടി രൂപയാണ് എറണാകുളത്ത് രജിസ്‌ട്രേഷന്‍ വകുപ്പില്‍ സമാഹരിച്ച വരുമാനം. ഇതും മുന്‍ വര്‍ഷത്തേക്കാള്‍ അധികമാണ്.

ബജറ്റ് ലക്ഷ്യത്തിലേയ്ക്ക് എത്താനാകാത്ത തൃശ്ശൂര്‍ ജില്ല റവന്യൂ വരുമാനത്തില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ്. 462.74 കോടിയാണ് തൃശ്ശൂര്‍ ജില്ലയില്‍ സമാഹരിച്ചത്. റവന്യൂ വരുമാനത്തില്‍ രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ് 572.27 കോടിയാണ്  വരുമാനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷവും വരുമാനത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു തിരുവനന്തപുരം ജില്ല. ലക്ഷ്യം നേടാനാകാത്ത ജില്ലകളിലും വരുമാനം മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ദ്ധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4125.99 കോടിയായിരുന്നു ബജറ്റ് ലക്ഷ്യം. വരുമാനമാകട്ടെ 107.41 ശതമാനം ഉയര്‍ന്ന് 4431.88 കോടി രൂപയായി. 

സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍  9,26,487 ആധാരങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. 2020 -21 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 1,63,806 ആധാരങ്ങള്‍ കൂടുതലായി രജിസ്റ്റര്‍ ചെയ്തു. ആധാര രജിസ്‌ട്രേഷനില്‍ നിന്നും 4,431.88 കോടി രൂപ വരുമാനമായി ലഭിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 1301.57 കോടി രൂപയുടെ അധിക വരുമാനമാണ് ലഭിച്ചത്.  2020 -21 ല്‍  7,62,681 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തില്‍ നിന്നും  3130.32 കോടി രൂപയായിരുന്നു വരുമാനം.  
ഏറ്റവും കൂടുതല്‍ ആധാരം രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 1,20,143 രജിസ്‌ട്രേഷനുകള്‍. 1,00,717 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത തിരുവനന്തപുരം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. ഏഴ് സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ മാത്രമുള്ള വയനാട് ജില്ലയില്‍ 25148 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്‌ട്രേഷനില്‍ ഏറ്റവും പിന്നിലാണെങ്കിലും ബജറ്റ് ലക്ഷ്യം വച്ചതിനേക്കാള്‍ 125.83 ശതമാനം അധിക വരുമാനം വയനാട് നേടി. 

കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജീവനക്കാരുടെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനമാണ് വരുമാന വര്‍ദ്ധനയ്ക്കിടയാക്കിയതെന്ന് സഹകരണം, രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. നികുതി വകുപ്പിന്റെ അധിക ചുമതല വഹിക്കുന്ന ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് ഐഎഎസിനെയും രജിസ്‌ട്രേഷന്‍ ഐജിയെയും ജില്ലാ രജിസ്ട്രാര്‍മാരെയും വകുപ്പിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും മന്ത്രി വി.എന്‍. വാസവന്‍ അഭിനന്ദിച്ചു.
 

click me!