പ്രതിസന്ധി കൂടുതൽ ബാധിച്ചത് മഹാരാഷ്ട്രയെ, ഇന്ത്യൻ ജിഡിപി 16.5 ശതമാനം ചുരുങ്ങും: എസ്ബിഐ റിപ്പോർട്ട്

By Web TeamFirst Published Aug 17, 2020, 8:21 PM IST
Highlights

ലിസ്റ്റുചെയ്ത ആയിരത്തോളം കമ്പനികൾ ഇതുവരെ ജൂൺ പാദത്തിലെ ഫലം പ്രഖ്യാപിച്ചു. വരുമാനത്തിൽ 25 ശതമാനത്തിലധികം ഇടിവും ലാഭത്തിൽ 55 ശതമാനത്തിലധികം ഇടിവുമാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. 

ടപ്പ് സാമ്പത്തിക വർഷത്തിന്റെ ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയുടെ ജിഡിപി 16.5 ശതമാനം ചുരുങ്ങിയേക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നേരത്തെ 20 ശതമാനം ജിഡിപി ചുരുങ്ങിയേക്കുമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചിച്ചിരുന്നത്. എസ്ബിഐയുടെ ഗവേഷണ റിപ്പോർട്ടായ ഇക്കോറാപ്പിലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കുന്നത്. കോർപ്പറേറ്റ് ജി വി എയിൽ (മൊത്ത മൂല്യവർദ്ധനവ്) ആശങ്കപ്പെട്ട രീതിയിലുളള ഇടിവുണ്ടായില്ല എന്ന സൂചനക​ളാണ് ലഭിക്കുന്നത്, ലിസ്റ്റുചെയ്ത കമ്പനികളുടെ ഫലങ്ങളെ സംബന്ധിച്ചിടത്തോളം നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ പ്രതീക്ഷിച്ച രീതിയിലുളള വളർച്ചാ മുരടിപ്പ് ഉണ്ടായിട്ടില്ല. 
  
"തത്വത്തിൽ, ലിസ്റ്റുചെയ്ത കമ്പനികളുടെ വരുമാന ഇടിവ് അവരുടെ മാർജിനുകളെ ബാധിക്കില്ല. ഞങ്ങളുടെ കണക്കനുസരിച്ച്, ഈ സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ റിയൽ ജിഡിപി ഇടിവ് -16.5 ശതമാനമായിരിക്കും, ”ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ (എസ് ബി ഐ) സാമ്പത്തിക വിദഗ്ധർ പറഞ്ഞു.
  
കൃഷി, വനം, മത്സ്യബന്ധനം, വൈദ്യുതി, ഗ്യാസ്, ജലവിതരണം, മറ്റ് യൂട്ടിലിറ്റി സേവനങ്ങൾ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, പ്രതിരോധം, മറ്റ് സേവനങ്ങൾ എന്നിവ കൂടാതെ മറ്റെല്ലാ മേഖലകളിലും സങ്കോചത്തിന്റെ പ്രവണത പ്രകടമാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

എല്ലാം സമ്മർദ്ദത്തിൽ

ലിസ്റ്റുചെയ്ത ആയിരത്തോളം കമ്പനികൾ ഇതുവരെ ജൂൺ പാദത്തിലെ ഫലം പ്രഖ്യാപിച്ചു. വരുമാനത്തിൽ 25 ശതമാനത്തിലധികം ഇടിവും ലാഭത്തിൽ 55 ശതമാനത്തിലധികം ഇടിവുമാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും കോർപ്പറേറ്റ് ജിവിഎയുടെ ഇടിവ് 14.1 ശതമാനം മാത്രമാണ്.

41 ഉയർന്ന ഫ്രീക്വൻസി ലീഡിംഗ് സൂചകങ്ങളിൽ 11 എണ്ണം ഒഴികെ ബാക്കി എല്ലാ സൂചകത്തിലും നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. ആഭ്യന്തര ട്രാക്ടർ വിൽപ്പന, ബിറ്റുമെൻ ഉപഭോഗം, എ എസ് സി ബി ബാങ്ക് നിക്ഷേപം എന്നിവ ഒഴികെ എല്ലാം സമ്മർദ്ദത്തിലാണ്. 

ഗ്രാമീണ മേഖലയിലെയും ഉൾപ്രദേശങ്ങളിലെയും കൊറോണ വൈറസ് കേസുകൾ അതിവേഗം ഉയരുന്നതിനെക്കുറിച്ച് ഇക്കോറാപ്പ് ആശങ്കപ്പെടുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കൊറോണ വൈറസ് ഗ്രാമപ്രദേശങ്ങളിൽ ഗണ്യമായി വർധിക്കുകയാണ്. ഗ്രാമീണ ജില്ലകളിലെ കേസുകൾ ഓഗസ്റ്റിൽ 54 ശതമാനമായി ഉയർന്നു. പത്തിൽ താഴെ കേസുകളുള്ള ഗ്രാമീണ ജില്ലകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതും സമ്പദ്‍ഘടനയ്ക്ക് ആഘാതം സൃഷ്ടിക്കും. 

മഹാരാഷ്ട്രയ്ക്ക് വൻ നഷ്ടം

ആന്ധ്രാപ്രദേശിനെയും മഹാരാഷ്ട്രയെയുമാണ് ഈ പ്രതിസന്ധി കൂടുതൽ ബാധിച്ചത്. COVID-19 മൂലമുള്ള മൊത്തം ജി എസ് ഡി പി (മൊത്ത സംസ്ഥാന ആഭ്യന്തര ഉത്പാദനം) നഷ്ടം ജി എസ് ഡി പിയുടെ 16.8 ശതമാനമാണെന്ന് റിപ്പോർട്ട് കണക്കാക്കുന്നു. മൊത്തം ജിഡിപി നഷ്ടത്തിന്റെ 73.8 ശതമാനം 10 സംസ്ഥാനങ്ങളിൽ നിന്നാണെന്ന് സംസ്ഥാന തിരിച്ചുള്ള വിശകലനം സൂചിപ്പിക്കുന്നു. മൊത്തം നഷ്ടത്തിന്റെ 14.2 ശതമാനം മഹാരാഷ്ട്രയിലാണ്. തമിഴ്നാട് (9.2 ശതമാനം), ഉത്തർപ്രദേശ് (8.2 ശതമാനം) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.

ഇന്ത്യയിലെ മൊത്തത്തിലുളള ആളോഹരി നഷ്ടം 27,000 രൂപയാണ്. തമിഴ്നാട്, ഗുജറാത്ത്, തെലങ്കാന, ദില്ലി, ഹരിയാന, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടപ്പ് സാമ്പത്തിക വർഷത്തിൽ ഒരാൾക്ക് 40,000 രൂപയിൽ കൂടുതൽ നഷ്ടം കാണിക്കുന്നു. 
 

click me!