
റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരെ ഇന്ത്യക്ക് വന്‍തോതില്‍ തീരുവ ചുമത്തിയ യുഎസ് നടപടി ഇരട്ടത്താപ്പെന്ന് തെളിയുന്നു. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ശ്രമങ്ങള്‍ക്ക് ഇന്ത്യ തുരങ്കം വെക്കുന്നു എന്നാണ് അമേരിക്കന്‍ ആരോപണം. എന്നാല്‍, ഹംഗറി പോലുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ പൈപ്പ് ലൈനുകള്‍ വഴി റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് തുടരുന്നുണ്ട്. ഈ ഇരട്ടത്താപ്പ് ഇന്ത്യ പലവട്ടം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവായിട്ടും ചൈനയ്ക്ക് സമാനമായ വലിയ പിഴകളൊന്നും അമേരിക്ക ചുമത്തിയിട്ടില്ല എന്നതും ശ്രദ്ദേയമാണ്. 2024-ല്‍ റഷ്യയില്‍ നിന്നുള്ള ചൈനയുടെ എണ്ണ ഇറക്കുമതി ഗണ്യമായി വര്‍ധിച്ചു. കൂടാതെ, ചൈന വലിയ അളവില്‍ റഷ്യന്‍ പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്നുണ്ട്.
റഷ്യയുമായുള്ള സാമ്പത്തിക ബന്ധം കുറയ്ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ശ്രമിക്കുന്നുവെന്ന് പറയുമ്പോഴും, 2024-ല്‍ 67.5 ബില്യണ്‍ യൂറോയുടെ വ്യാപാരമാണ് ഇരുകൂട്ടരും തമ്മില്‍ നടന്നത്. 2022-ല്‍ യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ച ശേഷം യൂറോപ്യന്‍ യൂണിയന്‍ റഷ്യക്ക് 105.6 ബില്യണ്‍ ഡോളറാണ് വാതകത്തിന് മാത്രം നല്‍കിയത്. ഇത് 2024-ലെ റഷ്യയുടെ സൈനിക ചെലവിന്റെ 75% വരും. അതേസമയം, റഷ്യയുമായി അമേരിക്കയ്ക്കും വ്യാപാര ബന്ധമുണ്ട്. 2024-ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 5.2 ബില്യണ്‍ ഡോളറിന്റേതായിരുന്നു. റഷ്യന്‍ രാസവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ അമേരിക്ക ഇപ്പോഴും ഇറക്കുമതി ചെയ്യുന്നുണ്ട്.
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം അധിക തീരുവ ചുമത്തിക്കൊണ്ടുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതോടെ, ബ്രസീലിനൊപ്പം ലോകത്ത് ഏറ്റവും ഉയര്‍ന്ന അമേരിക്കന്‍ തീരുവ നേരിടുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. സ്വിറ്റ്‌സര്‍ലന്‍ഡിന് 39 ശതമാനവും, കാനഡയ്ക്കും ഇറാഖിനും 35 ശതമാനവും, ചൈനയ്ക്ക് 30 ശതമാനവുമാണ് അമേരിക്കന്‍ തീരുവ.