സാമ്പത്തികാവസ്ഥ 2009നേക്കാള്‍ മോശമാകും; മുന്നറിയിപ്പുമായി ഐഎംഎഫ്

By Web TeamFirst Published Mar 27, 2020, 10:38 PM IST
Highlights

 80 രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ ഐഎംഎഫിനോട് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചു. അവരുടെ സാമ്പത്തികാവസ്ഥ പ്രശ്‌നങ്ങള്‍ക്ക് പര്യാപ്തമല്ലെന്ന് ഞങ്ങള്‍ക്ക് അറിയാം.
 

വാഷിംഗ്ടണ്‍: കൊവിഡ് 19 ലോകമാകെ പടര്‍ന്ന സാഹചര്യത്തില്‍ സാമ്പത്തികാവസ്ഥ മാന്ദ്യകാലമായ 2008-2009നേക്കാള്‍ മോശമാകുമെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റീന ജിയോര്‍ജിവ പറഞ്ഞു. കാര്യങ്ങള്‍ വ്യക്തമാണ്. നമ്മള്‍ മാന്ദ്യത്തിലേക്ക് കടന്നു. ഇങ്ങനെ തുടരുകയാണെങ്കില്‍ ആഗോള സാമ്പത്തിക മാന്ദ്യം നേരിട്ട 2009നേക്കാള്‍ കാര്യങ്ങള്‍ മോശമാകും. ലോകരാജ്യങ്ങളിലെ സാമ്പദ് വ്യവസ്ഥ പൊടുന്നനെ നിശ്ചലമായിരിക്കുകയാണ്.  വിപണിയെ ഉത്തേജിപ്പിക്കുന്നതിനായി കുറഞ്ഞത് രണ്ട് ലക്ഷം കോടി ഡോളറെങ്കിലും വേണ്ടി വരുമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ 83 ബില്ല്യണ്‍ ഡോളറാണ് സര്‍ക്കാറുകള്‍ ഇറക്കിയത്. പക്ഷേ കാര്യങ്ങള്‍ അത്ര നല്ലതല്ല. ആഭ്യന്തര വിഭവങ്ങള്‍ ചുരുങ്ങുകയാണ്. നിരവധി രാജ്യങ്ങള്‍ വലിയ കടക്കെണിയിലാണ്.  80 രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ ഐഎംഎഫിനോട് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചു. അവരുടെ സാമ്പത്തികാവസ്ഥ പ്രശ്‌നങ്ങള്‍ക്ക് പര്യാപ്തമല്ലെന്ന് ഞങ്ങള്‍ക്ക് അറിയാം. വേഗത്തില്‍ ഉപകാരപ്രദമായ തീരുമാനങ്ങള്‍ എടുക്കാന്‍ ശ്രമിക്കാമെന്നും അവര്‍ പറഞ്ഞു. അമേരിക്ക പ്രഖ്യാപിച്ച 2.2 ലക്ഷം കോടിയുടെ രക്ഷാപാക്കേജിനെ ഐഎംഎഫ് സ്വാഗതം ചെയ്തു.
 

click me!