പ്രൊവിഡൻ്റ് ഫണ്ടിൽ തൊഴിലാളികളും സ്ഥാപനമുടമകളും അടയ്‌ക്കേണ്ട നിർബന്ധിത വിഹിതം 1800 രൂപയായി നിശ്ചയിച്ചു. കൂടാതെ, ചികിത്സ, വിവാഹം, വിദ്യാഭ്യാസം, വീട് നിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്കായി പണം പിൻവലിക്കാനുള്ള വ്യവസ്ഥകൾ ലളിതമാക്കി മൂന്ന് വിഭാഗങ്ങളായി തരംതിരിക്കുകയും ചെയ്തു.
ദില്ലി: പ്രൊവിഡൻറ് ഫണ്ടിൽ തൊഴിലാളികളും സ്ഥാപനമുടമകളും നിർബന്ധമായും അടക്കേണ്ട വിഹിതം പരമാവധി 1800 രൂപയായി നിശ്ചയിച്ചു. ഇതിനു മുകളിലുള്ള ഏതു തുകയും തൊഴിലാളിയോ സ്ഥാപനമുടമയോ സ്വമേധയാ അടയ്ക്കുന്ന തുകയായി കണക്കാക്കും. തൊഴിലാളി നൽകുന്ന വിഹിതത്തിന് 1800 രൂപക്ക് മേൽ തത്തുല്യ വിഹിതം അടയ്ക്കണോ എന്നത് സ്ഥാപനമുടമക്ക് നിശ്ചയിക്കാം. കൂടുതൽ വിഹിതം അടയ്ക്കുന്നവർക്ക് എപ്പോൾ വേണമെങ്കിലും അത് വേണ്ടെന്നു വെക്കാനുള്ള സ്വാതന്ത്ര്യവും ചട്ടങ്ങളിലെ മാറ്റം നൽകുന്നു.
പ്രൊവിഡൻറ് ഫണ്ടിൽ നിന്ന് പണം പിൻവലിക്കാനുള്ള വ്യവസ്ഥകളും ലളിതമാക്കി. നിലവിൽ 13 കാര്യങ്ങൾക്കായി പിൻവലിക്കാം എന്നത് മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചു. ചികിത്സ, വിവാഹം, വിദ്യാഭ്യാസം എന്നിവ ഉൾപ്പെടുന്ന അത്യാവശ്യങ്ങൾ, വീട് നിർമ്മാണം, വാങ്ങൽ, സവിശേഷ സാഹചര്യങ്ങൾ എന്നീ മൂന്ന് വിഭാഗങ്ങളിലാവും പണം പിൻവലിക്കാൻ സൗകര്യം ഉണ്ടാകുകയെന്നും ഇപിഎഫ്ഒ അറിയിച്ചു. എട്ടു കോടി അംഗങ്ങളാണ് എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ടിൽ നിലവിലുള്ളത്.
