2000 രൂപ നോട്ടിന്‍റെ  അച്ചടി നിര്‍ത്തിയതായി സൂചന

By Web DeskFirst Published Jul 26, 2017, 12:29 PM IST
Highlights

ദില്ലി: റിസര്‍വ് ബാങ്ക് രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിയതായി സൂചന. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ ഇടപാട് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അച്ചടി പൂര്‍ത്തിയായ 200 രൂപ നോട്ടുകള്‍ അടുത്ത മാസം പുറത്തിറക്കിക്കാനും ആര്‍ബിഐയ്ക്ക് പദ്ധതിയുണ്ട്. കഴിഞ്ഞ നവംബര്‍ എട്ടിലെ നോട്ടസാധുവാക്കലിന് ശേഷം വിപണിയില്‍ എത്തിയ രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി റിസര്‍വ് ബാങ്ക് അവസാനിപ്പിച്ചെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

രണ്ടായിരം രൂപ നോട്ടിന്റെ പ്രചാരത്തില്‍ കുറവുണ്ടായതായി ബാങ്കുകളും എടിഎം സേവന ദാതാക്കളും അടുത്തിടെ പരാതിപ്പെട്ടിരുന്നു. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ ഇടപാട് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ആര്‍ബിഐ നടപടി. നോട്ടസാധുവാക്കലിന് ശേഷം കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ 7.4 ലക്ഷം കോടി രൂപയുടെ രണ്ടായിരം രൂപ നോട്ടുകള്‍ ആര്‍ബിഐ അച്ചടിച്ചു. നവംബര്‍ എട്ടിന് നോട്ടസാധുവാക്കല്‍ പ്രഖ്യാപിക്കുന്‌പോള്‍ 6.3 ലക്ഷം കോടി രൂപയുടെ ആയിരം രൂപ നോട്ടുകളാണ് പ്രചാരത്തിലിരുന്നത്.

ഒറ്റയടിക്ക് രണ്ടായിരം രൂപ നോട്ട് വിപണിയിലെത്തിയപ്പോള്‍ ചില്ലറ ലഭിക്കാന്‍ ആളുകള്‍ക്ക് കടുത്ത ബുദ്ധിമുട്ട് നേരിട്ടിരുന്നു. പിന്‍വലിച്ചതിന് തത്തുല്യമായി അഞ്ഞൂറ് രൂപ നോട്ടുകള്‍ പുറത്തിറക്കാനും റിസര്‍വ് ബാങ്കിനായില്ല. ഈ സാഹചര്യത്തിലാണ് കുറഞ്ഞ മൂല്യമുള്ള 200 രൂപ നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കുന്നത്. 

കഴിഞ്ഞ ജൂണില്‍ അച്ചടി തുടങ്ങിയ 200 രൂപ നോട്ടുകള്‍ അടുത്ത മാസം അവതരിപ്പിച്ചേക്കും. ആദ്യഘട്ടത്തില്‍ ബാങ്കുകള്‍ മുഖേനയാകും 200 രൂപ നോട്ടിന്റെ വിതരണം. എടിഎമ്മിലൂടെ വിതരണം ചെയ്യണമെങ്കില്‍ രാജ്യത്തെ രണ്ട് ലക്ഷത്തോളം എടിഎം മെഷീനുകള്‍  പുനഃക്രമീകരിക്കേണ്ടി വരും.

click me!