
ഒരു ഗ്രാമത്തിലെ 800 പേര്‍ക്ക് ആധാര്‍ കാര്‍ഡില്‍ ഒരേ ജനന തീയ്യതി
ഹരിദ്വാര്‍: ഒരേ ഗ്രാമത്തില്‍ ആധാര്‍ കാര്‍ഡിനായി വിവരങ്ങള്‍ നല്‍കിയ 800 ഓളം പേര്‍ക്ക് ലഭിച്ച കാര്‍ഡിലെല്ലാം ഒരേ ജനന തീയ്യതി. ഹരിദ്വാറിലെ ഗെയ്ണ്ടി ഖട്ട ഗ്രാമത്തിലാണ് പുതുതായി ആധാര്‍ കിട്ടിയവര്‍ക്കെല്ലാം ജനുവരി ഒന്ന് ജനന തീയ്യതിയായിരിക്കുന്നത്. എന്നാല്‍ സംഭവം പിഴവല്ലെന്നും വ്യക്തികള്‍ ജനന തീയ്യതി തെളിയിക്കാനുള്ള രേഖകള്‍ ഹാജരാക്കാതിരിക്കുമ്പോള്‍ ജനുവരി ഒന്ന് ജനന തീയ്യതിയായി നല്‍കാറാണ് പതിവെന്നുമാണ് യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി വിശദീകരിക്കുന്നത്.
ഏകീകൃത തിരിച്ചറിയല്‍ രേഖയെന്ന പേരില്‍ ആധാര്‍ നല്‍കിയപ്പോള്‍ തങ്ങളുടെ ജനന തീയ്യതിയും ഏകീകരിച്ചെന്നായിരുന്നു ഗ്രാമവാസികളുടെ പരിഹാസം. സംഭവം ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് വിശദീകരണവുമായി യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി രംഗത്തെത്തിയത്. മൂന്ന് തരത്തിലാണ് ആധാര്‍ കാര്‍ഡില്‍ വ്യക്തികളുടെ ജനന തീയ്യതി രേഖപ്പെടുത്തുന്നത്. വ്യക്തികള്‍ ജനന തീയ്യതിക്ക് തെളിവ് ഹാരജാക്കിയാല്‍ കൃത്യമായ തീയ്യതി തന്നെ രേഖപ്പെടുത്താം. അത് ഇല്ലാത്തവര്‍ക്ക് തെളിവുകളില്ലാതെ തന്നെ തന്റെ ജനന തീയ്യതി സംബന്ധിച്ച് വാക്കാലുള്ള സത്യവാങ്മൂലം നല്‍കി അത് രേഖപ്പെടുത്തും. വ്യക്തിക്ക് തന്റെ ജനന തീയ്യതി അറിയില്ലെങ്കില്‍ വയസ് നോക്കിയ ശേഷം വര്‍ഷം മാത്രം രേഖപ്പെടുത്തും. ഈ സാഹചര്യത്തില്‍ മാസവും ദിവസവും ജനുവരി ഒന്ന് എന്നായിരിക്കും രേഖപ്പെടുത്തുക. ഇതാണ് സംഭവിച്ചതെന്നാണ് വിശദീകരണം.
എന്നാല്‍ സംഭവം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഹരിദ്വാര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മനീഷ് കുമാര്‍ പറഞ്ഞു. ജനന തീയ്യതി തെറ്റായി രേഖപ്പെടുത്തിയവര്‍ക്ക് പിന്നീട് എപ്പോള്‍ വേണമെങ്കിലും ആധാര്‍ കാര്‍ഡില്‍ അത് തിരുത്താനുള്ള സൗകര്യമുണ്ടെന്ന് യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി അറിയിച്ചു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.