വിജയ് മല്യയുടെ കിങ്ഫിഷര്‍ വില്ല ലേലം ചെയ്തു വിറ്റു; വാങ്ങിയത് തെലുങ്ക് നടന്‍

By Web DeskFirst Published Apr 8, 2017, 10:06 AM IST
Highlights

പനാജി: രാജ്യം വിട്ട വ്യവസായി വിജയ് മല്യയുടെ ഗോവയിലെ വസ്തുവകകള്‍ ലേലം ചെയ്തു വിറ്റു. തെലുങ്ക് സിനിമാ നടനും വ്യവസായിയുമായ സച്ചിന്‍ ജോഷിയാണ് 73 കോടി രൂപയ്ക്ക് മല്യയുടെ കിങ്ഫിഷര്‍ വില്ല സ്വന്തമാക്കിയത്. എസ്.ബി.ഐയുടെ നേതൃത്വത്തില്‍ 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് ലേലം നടത്തിയത്. നേരത്തെ പലതവണ കിങ്ഫിഷര്‍ വില്ല ബാങ്കുകള്‍ ലേലത്തിന് വെച്ചിരുന്നെങ്കിലും ഒരാള്‍ പോലും വാങ്ങാന്‍ തയ്യാറായിരുന്നില്ല. വില്‍പ്പന നടന്ന വിവരം എസ്.ബി.ഐ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ സ്ഥിരീകരിച്ചിരുന്നെങ്കിലും ആരാണ് വാങ്ങായതെന്ന് വ്യക്തമാക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനിടെയാണ് തെലുങ്ക് നടനാണ് 73 കോടിക്ക് മല്യയുടെ കെട്ടിടം സ്വന്തമാക്കിയതെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.

കഴിഞ്ഞ മാസമാണ് വില്‍പ്പന നടന്നത്. നേരത്തെ നടന്ന ലേലങ്ങളില്‍ വാങ്ങാന്‍ ആരും എത്താത്തതിനെ തുടര്‍ന്ന് 10 ശതമാനത്തോളം വില കുറച്ച് 73 കോടിയായിരുന്നു അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ആദ്യ ലേലത്തില്‍ 85.29 കോടിയായിരുന്നു അടിസ്ഥാന വില. ഒരാള്‍ പോലും വാങ്ങാന്‍ സന്നദ്ധരാവാത്തതിനെ തുടര്‍ന്ന് പിന്നീട് അടുത്ത ലേലത്തില്‍ വില 81 കോടിയായി കുറച്ചു. ഇതിലും ആരും വാങ്ങാനെത്താത്തതിനെ തുടര്‍ന്നാണ് വില 10 ശതമാനത്തോളം കുറച്ച് 73 ആക്കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, അലഹബാദ് ബാങ്ക്, ഫെ‍റല്‍ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയവയ്ക്ക് 9,000 കോടി രൂപയാണ് വിജയ് മല്യ തിരികെ നല്‍കാനുള്ളത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മൂന്നിനാണ് മല്യ രാജ്യം വിട്ടത്. 

click me!