പേടിഎമ്മിന് പണി കൊടുക്കാന്‍ ആമസോണ്‍ വരുന്നു

By Web DeskFirst Published Apr 12, 2017, 1:36 PM IST
Highlights

ബംഗളുരു: രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ആമസോണ്‍ ഇന്ത്യയ്ക്ക് ഡിജിറ്റല്‍ വാലറ്റ് സേവനം ആരംഭിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ഇതോടെ അമേരിക്കന്‍ റീട്ടെയ്ല്‍ ഭീമനായ അമസോണ്‍ രാജ്യത്ത് അതിവേഗം വളരുന്ന ഡിജിറ്റര്‍ പേയ്മെന്റ് ബിസിനസിന്റെ മുഖ്യകേന്ദ്രമായി മാറുമെന്നാണ് സൂചന. പേടിഎം, ഫ്രീചാര്‍ജ്ജ് പോലുള്ള കമ്പനികള്‍ക്ക് കടുത്ത മത്സരത്തിന്റെ നാളുകളായിരിക്കും ഇനി വരാനിരിക്കുന്നത്.

നിലവില്‍ പേ ബാലന്‍സ് സര്‍വ്വീസ് എന്ന പേരില്‍ ചെറിയ തോതില്‍ ഇ-വാലറ്റ് സേവനം ആമസോണ്‍ നല്‍കുന്നുണ്ട്. എന്നാല്‍ ആമസോണ്‍ വെബ്സൈറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ മാത്രമേ ഇതില്‍ സൂക്ഷിച്ചിരിക്കുന്ന പണം ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. വിപുലമായ ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങള്‍ ആരംഭിക്കാനുള്ള പ്രീപെയ്ഡ് പേയ്മെന്റ് ഇന്‍സ്ട്രുമെന്റ് ലൈസന്‍സിന് ഒരു വര്‍ഷം മുമ്പാണ് ആമസോണ്‍ ഇന്ത്യ അപേക്ഷ നല്‍കിയിരുന്നത്. ഇത് ലഭിച്ചതോടെ ഇനി പേടിഎം പോലുള്ള കമ്പനികളുടേതിന് സമാനമായ സേവനങ്ങള്‍ നല്‍കാന്‍ ആമസോണിന് കഴിയും. നോട്ട് പിന്‍വലിക്കലിന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് പേ ബാലന്‍സ് സര്‍വ്വീസ് ആമസോണ്‍ ആരംഭിച്ചത്. പണ രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്.

റിസര്‍വ് ബാങ്കിന്റെ ലൈസന്‍സ് കിട്ടിയ വിവരം ആമസോണ്‍ സ്ഥിരീകരിച്ചെങ്കിലും തങ്ങളുടെ പേയ്മെന്റ് സര്‍വ്വീസിന്റെ സ്വഭാവം ഏത് തരത്തിലായിരിക്കുമെന്ന് വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ല. ബില്‍ പേയ്മെന്റും റീചാര്‍ജ്ജും അടക്കം പേടിഎം പ്രവര്‍ത്തിക്കുന്നതിന് സമാനമായിരിക്കുമോ അതോ മറ്റ് മേഖലകളില്‍ ശ്രദ്ധിക്കുന്നതാവുമോ സേവനം എന്ന കാര്യമാണ് ഈ രംഗത്തുള്ള ഏവരും ഉറ്റുനോക്കുന്നത്.

click me!