ഭവന-വാഹന വായ്പാ പലിശ നിരക്കുകള്‍ കുറയും

By Web DeskFirst Published Jan 1, 2017, 12:28 AM IST
Highlights

ദില്ലി: ഭവനവായ്പയ്‌ക്കുള്‍പ്പടെയുള്ള പലിശ നിരക്ക് ഗണ്യമായി കുറയ്‌ക്കാന്‍ ബാങ്ക് മേധാവിമാരുടെ യോഗം തീരുമാനിച്ചു. പ്രഖ്യാപനം രണ്ടു ദിവസത്തിനകം ഉണ്ടാകും. ബാങ്ക് നിക്ഷേപത്തില്‍ 15 ശതമാനം വര്‍ദ്ധനവ് ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം. നോട്ട് അാധുവാക്കല്‍ വന്‍വിജയമാണെന്ന് വ്യക്തമാക്കിയ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പലിശനിരക്ക് സ്വാഭാവികമായും കുറയുമെന്ന് അഭിപ്രായപ്പെട്ടു.

നോട്ട് അസാധുവാക്കലിനു ശേഷമുള്ള ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ നടത്തിയ പ്രസംഗത്തില്‍ ബാങ്കുകളിലേക്ക് വന്ന വന്‍സമ്പത്തിന്റെ ഗുണം സാധാരണക്കാര്‍ക്ക് എങ്ങനെ കൈമാറാം എന്ന് അവര്‍ തന്നെ തീരുമാനിക്കണം എന്ന് നിര്‍ദ്ദേശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ നിക്ഷേപങ്ങളില്‍ 15 ശതമാനം വര്‍ദ്ധനവാണ് 2016ല്‍ ഉണ്ടായത്. വായ്പകളുടെ കാര്യത്തില്‍ എന്നാല്‍ വളര്‍ച്ച അഞ്ചു ശതമാനം മാത്രമാണ് ഉണ്ടായത്. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവ് നോക്കിയാല്‍ വായ്പയിലുള്ള വളര്‍ച്ച ഒരു ശതമാനമാണ്. ഇക്കാര്യം കൂടി കണക്കിലെടുത്താണ് ബാങ്ക് മേധാവിമാരുടെ യോഗം പലിശ നിരക്കുകള്‍ കുറയ്‌ക്കാന്‍ തീരുമാനിച്ചത്.

സാധാരണ കാല്‍ ശതമാനമും, അര ശതമാനവുമാണ് നിരക്ക് കുറയ്‌ക്കുന്നതെങ്കില്‍ ഇപ്പോള്‍ ഒരു ശതമാനം വരെ കുറയ്‌ക്കാനാണ് ആലോചന. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശ നിരക്ക് ഇപ്പോള്‍ 8.90 ശതാനമാണ്. ഒരു ശതമാനം കുറഞ്ഞാല്‍ ഇത് 7.90 ശതമാനമാകും. ഇന്നലെ 12 ലക്ഷം വരെയുള്ള ഭവനവായ്പകള്‍ക്ക് പ്രധാനമന്ത്രി പ്രഖ്യാപിച്ച് 3മുതല്‍ നാലു ശതമാനം വരെയുള്ള കിഴിവ് ഇതിന് പുറമെയായിരിക്കും. നോട്ട് അസാധുവാക്കല്‍ വന്‍വിജയമാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അവകാശപ്പെട്ടു. ഇതിന് ജനപിന്തുണകിട്ടിയെന്ന് പറഞ്ഞ ജയ്റ്റ്‌ലി പലിശനിരക്ക് കുറയുമെന്ന സൂചനയും നല്‍കി.

നാളെ ലക്നൗവില്‍ നടത്തുന്ന റാലിയില്‍ പ്രധാനമന്ത്രി നോട്ട് അസാധുവാക്കല്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമായി ഉയര്‍ത്തിക്കാട്ടാനാണ് സാധ്യത. എടിഎമ്മുകളില്‍ നിന്ന പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി 2500 നിന്ന് 4500 ആയി ഉയര്‍ത്തിയത് ഇന്ന് നിലവില്‍ വന്നു. എന്നാല്‍ മറ്റു നിയന്ത്രണങ്ങള്‍ മാറാന്‍ ഒരു മാസമെങ്കിലും വേണ്ടി വരും.

click me!