റെയ്ഡ് നടത്താതിരിക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ ആദായ നികുതി വകുപ്പ് ഉദ്ദ്യോഗസ്ഥന്‍ അറസ്റ്റില്‍

By Web DeskFirst Published Dec 31, 2016, 11:43 AM IST
Highlights

ജയ്പൂരിലെ ജാല്‍വറില്‍ ഇന്‍കം ടാക്സ് ഓഫീസറായിരുന്ന വിനയ് കുമാര്‍ മംഗള (42)യാണ് വെള്ളിയാഴ്ച രാത്രി പിടിയിലായത്. ഒരു പെട്രോള്‍ പമ്പുടമയില്‍ നിന്ന് ഒരു ലക്ഷം രൂപയാണ് അദ്ദേഹം കൈക്കൂലി ആവശ്യപ്പെട്ടത്. ഇന്റലിജന്‍സ് ബ്യൂറോയിലെ മുന്‍ ഉദ്ദ്യോഗസ്ഥന്‍ കൂടിയായ പമ്പുടമ എസ്‍.എല്‍ യാദവാണ് പരാതിയുമായി ഡിസംബര്‍ 28ന് സിബിഐയെ സമീപിച്ചത്. തന്റെ പെട്രോള്‍ പമ്പ് ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണെന്നും പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഒരു ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്നും വിനയ് കുമാര്‍ ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. തുടര്‍ന്ന് സി.ബിഐ നിര്‍ദ്ദേശിച്ചതനുസരിച്ച് പണം നല്‍കാമെന്ന് പമ്പുടമ, വിനയ് കുമാറിനെ അറിയിച്ചു. ഓഫീസിലേക്ക് വരാനായിരുന്നു ഉദ്ദ്യോഗസ്ഥന്റെ നിര്‍ദ്ദേശം.

വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഓഫീസിലെത്തിയ ശേഷം ഇരുവരും ഏറെ നേരം സംസാരിച്ചു. തുടര്‍ന്ന് രാത്രി പണവുമായി ഓഫീസിന് സമീപത്തുള്ള ആളൊഴിഞ്ഞ പ്രദേശത്ത് വരാന്‍ നിര്‍ദ്ദേശിച്ചു. പണം വാങ്ങാന്‍ ഔദ്ദ്യോഗിക കാറിലാണ് വിനയ് കുമാര്‍ എത്തിയത്. പണം വാങ്ങിയ ഉടന്‍ അവിടെ നിന്നും കാറില്‍ തന്നെ രക്ഷപെട്ടു. സി.ബി.ഐ സംഘം പിന്തുടര്‍ന്ന് കാര്‍ തടഞ്ഞതോടെ വിനയ് കുമാര്‍ പണമടങ്ങിയ ബാഗ് പുറത്തേക്കെറിഞ്ഞ ശേഷം കാറില്‍ നിന്ന് ഇറങ്ങിയോടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ താമസ സ്ഥലത്ത് പരിശോധന നടത്തിയത്. കണ്ടെടുത്ത 24 ലക്ഷത്തില്‍ അധികവും 2000ന്റെ പുതിയ നോട്ടുകളായിരുന്നു.

click me!