എടിഎം കാര്‍ഡുകളുടെ അന്താരാഷ്ട്ര ഉപയോഗം തടയുന്നു

By Web DeskFirst Published Nov 3, 2017, 7:01 PM IST
Highlights

എ.ടി.എം കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ചുള്ള തട്ടിപ്പ് തടയാന്‍ കര്‍ശന നടപടികളുമായി ബാങ്കുകള്‍. എ.ടി.എം കാര്‍ഡുകള്‍ രാജ്യത്തിന് പുറത്ത് ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ പ്രമുഖ ബാങ്കുകള്‍ തീരുമാനിച്ചു. ഒറ്റത്തവണ പാസ്‍വേഡ് പോലുള്ള സുരക്ഷാ നടപടികള്‍ ഇല്ലാതെ തന്നെ വിദേശത്ത് നിന്ന് കാര്‍ഡ് ഉപയോഗിച്ച് പണമിടപാട് നടത്താന്‍ കഴിയുമെന്നുള്ളത് കൊണ്ടാണ് ഇത് തടയുന്നത്.

ഉപഭോക്താക്കള്‍ക്ക് ബാങ്കുകള്‍ നല്‍കുന്ന എ.ടി.എം/ഡെബിറ്റ് കാര്‍ഡുകള്‍ അന്താരാഷ്ട്ര ഉപയോഗം സാധ്യമാകുന്നവയാണ്. മറ്റ് രാജ്യങ്ങളിലും നിബന്ധനകള്‍ക്ക് വിധേയമായി എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാനും സ്വൈപ് ചെയ്ത് സാധനങ്ങള്‍ വാങ്ങാനും കഴിയും. വിദേശ വെബ്സൈറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിക്കുന്ന നിരവധി പേരുണ്ട്. എന്നാല്‍ കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തുമ്പോള്‍ ഉപഭോക്താവിന്റെ ഫോണിലേക്ക് ഒറ്റത്തവണ പാസ്‍വേഡ് അയച്ചുകൊടുത്ത് യഥാര്‍ത്ഥ കാര്‍ഡുടമ തന്നെയാണ് കാര്‍ഡ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുന്ന സംവിധാനം വിദേശരാജ്യങ്ങളിലില്ല. കാര്‍ഡ് നമ്പറും മറ്റ് വിവരങ്ങളും നല്‍കിയാല്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും. ഇത് ഉപയോഗപ്പെടുത്തി വിദേശ രാജ്യങ്ങളിലിരുന്ന് പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് ഇത് തടയാന്‍ സത്വര നടപടികള്‍ ബാങ്കുകള്‍ സ്വീകരിക്കുന്നത്.

നിലവില്‍ വലിയൊരു ശതമാനം പേരും കാര്‍ഡുകള്‍ എ.ടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ മാത്രമാണ് ഉപയോഗിക്കുന്നത്. കടകളിലും മറ്റും കാര്‍ഡ് സ്വൈപ്പ് ചെയ്യുന്നവരേക്കാള്‍ കുറച്ച് പേര്‍ മാത്രമേ അതുപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നുള്ളൂ. ഇവരില്‍ തന്നെ വിദേശ വെബ്സൈറ്റുകളില്‍ നിന്നും മറ്റും സാധനങ്ങള്‍ വാങ്ങുന്നവരും കാര്‍ഡുകള്‍ വിദേശത്ത് ഉപയോഗിക്കുന്നവരും കുറവാണ്. ഈ സാഹചര്യത്തിലാണ് ബാങ്കുകള്‍ വിദേശ ഇടപാട് തടയുന്നത്. ആവശ്യമുള്ളവര്‍ പ്രത്യേകം അപേക്ഷ നല്‍കിയാല്‍ മാത്രം ഇത് നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം. ബാങ്കുകള്‍ക്ക് ഇത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനോടകം തന്നെ പല ബാങ്കുകളും തങ്ങളുടെ കാര്‍ഡുകള്‍ ഇത്തരത്തിലേക്ക് മാറ്റിയിട്ടുണ്ട്. 

click me!