ബ്രിട്ടണ്‍ യൂറോ സോണ്‍ വിട്ടാല്‍ ഇന്ത്യയ്ക്ക് എന്ത്?

By Asianet NewsFirst Published Jun 23, 2016, 1:47 AM IST
Highlights

ബ്രെക്സിറ്റ് ഹിത പരിശോധന ഇന്ന് ആരംഭിക്കുകയാണ്. യൂറോസോണില്‍ന്നു പുറത്തുപോകാന്‍ ഹിത പരിശോധനയില്‍ ബ്രീട്ടീഷ് ജനത തീരുമാനിച്ചാല്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്കു താത്കാലിക തിരിച്ചടിയായേക്കും. യുറോയും ബ്രിട്ടീഷ് പൗണ്ടും  ദുര്‍ബലമാകുകയും ഡോളര്‍ കരുത്ത് നേടുകയും ചെയ്യുന്നതു കറന്‍സി വിപണിയില്‍ രൂപയുടെ മൂല്യമിടിക്കും.

രാജ്യത്തിന്റെ കരുതല്‍ വിദേശ നാണ്യ ശേഖരത്തില്‍ 19 ശതമാനം പൗണ്ടും യൂറോയുമാണ്. യുറോ സോണില്‍ പ്രതിസന്ധിയുണ്ടാകുന്നതു ഡോളറിനെ ശക്തിപ്പെടുത്തും. ഇതോടെ രൂപയുടെ മൂല്യം ഇപ്പോഴത്തെ സ്ഥിതിയില്‍നിന്നു വീണ്ടും ഇടിയും. സ്വര്‍ണ്ണ വിലയിലും വര്‍ദ്ധനവുണ്ടായേക്കും. ഓഹരി വിപണിയിലും വലിയ ചലനങ്ങള്‍ക്ക് സാധ്യതയുണ്ട്.

ഇന്ത്യയുടെ കയറ്റുമതിയേയും ഇറക്കുമതിയേയും ബ്രിട്ടണിന്റെ തീരുമാനം ബാധിക്കില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. യൂറോ മേഖലയ്ക്കു പുറത്തു നില്‍ക്കാന്‍ ബ്രിട്ടണ്‍ തീരുമാനിച്ചാലും രാജ്യത്തുനിന്നുള്ള കയറ്റുമതിക്കു കുറവുണ്ടാകാനിടയില്ല. ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 3.4 ശതമാനം മാത്രമാണ് ബ്രിട്ടണിലേക്കുള്ളത്. ഇറക്കുമതിയിലാകട്ടെ 1. 4ശതമാനം മാത്രം.

ബ്രിട്ടീഷ് കമ്പനികളുമായി വ്യാപാര ബന്ധമുള്ള ഇന്ത്യന്‍ കമ്പനികള്‍ക്കും പുതിയ തീരുമാനം തുടക്കത്തില്‍ പ്രതിസന്ധികളുണ്ടാക്കിയേക്കാമെന്നാണ് വിലയിരുത്തല്‍. ടെലികോം, വാഹന നിര്‍മാണം, മരുന്ന്, ടെക്നോളജി എന്നീ മേഖലകളിലാണ് ഇന്ത്യയും ബ്രിട്ടണും തമ്മില്‍ നിലവില്‍ പ്രധാന വ്യാപാര ബന്ധങ്ങളുള്ളത്. പുറത്തുപോകാനാണു ബ്രിട്ടണ്‍ തീരുമാനിക്കുന്നതെങ്കില്‍  ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ കുടിയേറ്റങ്ങള്‍ക്കും ഇതു ഗുണകരമായേക്കുമെന്നും വിലയിരുത്തലുണ്ട്.

click me!