കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കുന്ന പണം എവിടെ നിക്ഷേപിക്കണം എന്ന ചോദ്യത്തിന് ഭൂരിഭാഗം മലയാളികളായ പ്രവാസികള്‍ക്കും ഒരേയൊരു ഉത്തരമേയുള്ളൂ- നാട്ടിലൊരു വീട് അല്ലെങ്കില്‍ കുറച്ച് സ്ഥലം. പ്രവാസികൾ നാട്ടിൽ വീടോ സ്ഥലമോ വാങ്ങുന്നത് പലപ്പോഴും വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകാറുണ്ട്. ഇത് നല്ല തീരുമാനം ആണോ?

കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കുന്ന പണം എവിടെ നിക്ഷേപിക്കണം എന്ന ചോദ്യത്തിന് ഭൂരിഭാഗം മലയാളികളായ പ്രവാസികള്‍ക്കും ഒരേയൊരു ഉത്തരമേയുള്ളൂ- നാട്ടിലൊരു വീട് അല്ലെങ്കില്‍ കുറച്ച് സ്ഥലം. എന്നാല്‍, കാലം മാറിയതറിയാതെ നടത്തുന്ന ഇത്തരം നിക്ഷേപങ്ങള്‍ പലപ്പോഴും പ്രവാസികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടവും മാനസിക വിഷമവുമാണ് ഉണ്ടാക്കുന്നതെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നാട്ടില്‍ വസ്തു വാങ്ങുന്നത് അത്ര നല്ല തീരുമാനമല്ലാത്തതിന്റെ പ്രധാന കാരണങ്ങള്‍ പരിശോധിക്കാം.

1. വീട് പഴഞ്ചനാകുന്നു

പല പ്രവാസികളും വര്‍ഷങ്ങള്‍ക്കുശേഷം നാട്ടില്‍ വന്നു താമസിക്കാന്‍ വേണ്ടിയാണ് വീട് വാങ്ങുന്നത്. എന്നാല്‍ ഇന്നത്തെ നിര്‍മ്മാണ രീതികളും സൗകര്യങ്ങളും പത്തു വര്‍ഷം കഴിയുമ്പോള്‍ മാറും. സാമ്പത്തിക ഉദാരവല്‍ക്കരണത്തിന് ശേഷം ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. പണ്ട് ലക്ഷങ്ങള്‍ കൊടുത്ത് വാങ്ങിയ ഫ്‌ലാറ്റുകളോ വീടുകളോ ഇന്ന് പഴയ രീതിയിലുള്ളതായി മാറുന്നു. ചുരുക്കത്തില്‍, നിങ്ങള്‍ റിട്ടയര്‍മെന്റ് കാലത്ത് താമസിക്കാന്‍ മോഹിച്ചു വാങ്ങുന്ന വീട് അന്ന് താമസയോഗ്യമോ ആകര്‍ഷകമോ അല്ലാതായി മാറാന്‍ സാധ്യതയുണ്ട്.

2. കുടുംബബന്ധങ്ങളും ഉടമസ്ഥാവകാശവും

സ്വന്തം മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ സുഖമായി താമസിക്കാന്‍ വേണ്ടിയാണ് പലരും നാട്ടില്‍ വീട് പുതുക്കിപ്പണിയുന്നതും വസ്തു വാങ്ങുന്നതും. എന്നാല്‍ മിക്കവാറും ഇത്തരം വസ്തുക്കള്‍ മാതാപിതാക്കളുടെ പേരിലായിരിക്കും. മാതാപിതാക്കളുടെ കാലശേഷം ഈ സ്വത്തില്‍ മറ്റ് സഹോദരങ്ങള്‍ അവകാശവാദം ഉന്നയിക്കുന്നതും ഇത് കുടുംബ തര്‍ക്കങ്ങളിലേക്ക് നയിക്കുന്നതും പതിവാണ്. താന്‍ പണം മുടക്കിയ വീടിന് അവകാശം ചോദിക്കാന്‍ പ്രവാസികള്‍ക്ക് പലപ്പോഴും മടിയുണ്ടാകും. ഫലത്തില്‍, നിക്ഷേപത്തില്‍ നിന്ന് വാടകയോ മറ്റ് ലാഭമോ കിട്ടാതിരിക്കുകയും പണം നഷ്ടപ്പെടുകയും ചെയ്യുന്നു.

3. രൂപയുടെ മൂല്യത്തകര്‍ച്ച

വിദേശത്ത് ഡോളറിലോ മറ്റ് വിദേശ കറന്‍സിയിലോ സമ്പാദിക്കുന്ന പണം രൂപയിലേക്ക് മാറ്റി നാട്ടില്‍ നിക്ഷേപിക്കുമ്പോള്‍ വലിയൊരു നഷ്ടം സംഭവിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ കഴിയുന്തോറും ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞുവരികയാണ്. പത്തു വര്‍ഷം മുന്‍പ് നിങ്ങള്‍ നാട്ടില്‍ നിക്ഷേപിച്ച തുകയ്ക്ക് ഇന്ന് ഡോളര്‍ വിപണിയില്‍ അന്ന് ഉണ്ടായിരുന്ന അത്രയും മൂല്യം ലഭിക്കില്ല. അതായത്, വിദേശ കറന്‍സിയില്‍ നോക്കിയാല്‍ നിങ്ങളുടെ നിക്ഷേപം യഥാര്‍ത്ഥത്തില്‍ കുറയുകയാണ് ചെയ്യുന്നത്.

4. അടുത്ത തലമുറയ്ക്ക് താല്പര്യമില്ല

പ്രവാസികളുടെ മക്കള്‍ മിക്കവാറും വിദേശത്ത് ജനിച്ചു വളര്‍ന്നവരായിരിക്കും. അവര്‍ക്ക് നാട്ടിലെ നഗരത്തോടോ അവിടുത്തെ വീടിനോടോ വൈകാരികമായ ബന്ധം ഉണ്ടാകണമെന്നില്ല. മാതാപിതാക്കള്‍ക്ക് ശേഷം നാട്ടിലെ വസ്തുവകകള്‍ നോക്കിനടത്താനോ അവിടെ താമസിക്കാനോ അവര്‍ക്ക് താല്പര്യമുണ്ടാകില്ല. വില്‍പ്പന നടത്താന്‍പ്രയാസമുള്ള ഇത്തരം സ്വത്തുക്കള്‍ അടുത്ത തലമുറയ്ക്ക് ഒരു ബാധ്യതയായി മാറാറാണ് പതിവ്.

5. പരിപാലനവും നിയമക്കുരുക്കുകളും

ദൂരെയുള്ള ഒരു സ്ഥലത്തിരുന്ന് നാട്ടിലെ വസ്തുവകകള്‍ നോക്കിനടത്തുക എന്നത് വലിയ വെല്ലുവിളിയാണ്. വിശ്വാസയോഗ്യരായ വാടകക്കാരെ കിട്ടാതിരിക്കുക, വീട് നശിപ്പിക്കപ്പെടുക, പ്രാദേശിക നിയമങ്ങള്‍ അറിയാത്തതുകൊണ്ട് വില്‍പ്പന നടത്തുമ്പോള്‍ പറ്റിക്കപ്പെടുക, കള്ളപ്പണ ഇടപാടുകളില്‍ പെട്ടുപോവുക തുടങ്ങിയ ഭീഷണികള്‍ പ്രവാസികള്‍ നേരിടുന്നുണ്ട്. നാട്ടിലേക്ക് ഇടയ്ക്കിടെ യാത്ര ചെയ്ത് ഇത്തരം കാര്യങ്ങള്‍ പരിഹരിക്കുക എന്നത് പ്രായോഗികവുമല്ല.

പരിഹാരം എന്ത്?

നിങ്ങള്‍ ഏത് രാജ്യത്താണോ ജോലി ചെയ്യുന്നത്, അവിടെത്തന്നെ വസ്തുവകകള്‍ വാങ്ങുന്നതാണ് ബുദ്ധിയെന്ന് വിദഗ്ദ്ധര്‍ ഉപദേശിക്കുന്നു. അതാകുമ്പോള്‍ അവിടുത്തെ നിയമങ്ങള്‍ നിങ്ങള്‍ക്ക് അറിയാം, വസ്തു നേരിട്ട് കണ്ട് ബോധ്യപ്പെടാം, രൂപയുടെ മൂല്യത്തകര്‍ച്ച ഭയപ്പെടേണ്ടതില്ല. നാട്ടില്‍ വസ്തു വാങ്ങുന്നത് ഒരു അഭിമാനപ്രശ്‌നമായി കാണാതെ, കൃത്യമായ സാമ്പത്തിക ലാഭം നോക്കി മാത്രം നിക്ഷേപം നടത്തുക.