ജിയോയുടെ വെല്ലുവിളി നേരിടാന്‍ 4ജി വേഗത്തില്‍ ബിഎസ്എന്‍എല്‍ വരുന്നു

By Web DeskFirst Published Jul 26, 2017, 4:57 PM IST
Highlights

റിലയന്‍സ് ജിയോയുടെ വെല്ലുവിളി നേരിടാന്‍ ബി.എസ്.എന്‍.എല്‍ സംസ്ഥാനത്ത് 4ജി സൗകര്യം ഒരുക്കുന്നു. ആറ് മാസത്തിനുള്ളില്‍ സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ 4ജി ലഭ്യമാക്കും. ഇന്റര്‍നെറ്റ് വേഗത കൂട്ടാന്‍ ഹോട്ട്സ്‌പോട്ട് സൗകര്യവും ഏര്‍പ്പെടുത്തുന്നുണ്ട്.

ടെലികോം രംഗത്തെ മത്സരം അതീജീവിക്കാന്‍ ഒരോ ദിവസവും പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും 4ജി വേഗതയില്ലാത്തതാണ് കേരളത്തില്‍ ബി.എസ്.എല്‍.എല്‍ നേരിടുന്ന പ്രശ്നം. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇതിനൊരു പരിഹാരമാവുകയാണ്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ ബി.എസ്.എന്‍.എല്‍ 4ജി സേവനം ലഭ്യമാക്കും. 4ജി ഏര്‍പ്പെടുത്തുന്ന ടവറുകളില്‍ നിന്ന് എടുത്തുമാറ്റുന്ന 3ജി സംവിധാനം നിലവിലെ 2ജി ടവറുകളില്‍ സ്ഥാപിക്കും. നഗരങ്ങളില്‍ 4ജി സൗകര്യമില്ലാത്തിടത്ത് വേഗമേറിയ ഇന്‍റര്‍നെറ്റ്  ലഭ്യമാക്കാന്‍ ഹോട്ട്സ്‌പോട്ടുകള്‍ സ്ഥാപിക്കാനും ബി.എസ്.എന്‍.എല്ലിന് പദ്ധതിയുണ്ട്. ജിയോ ഫോണിന്റെ വെല്ലുവിളി നേരിടാന്‍ പുതിയ പ്ലാനുകളും പ്രഖ്യാപിക്കും. സംസ്ഥാനത്ത് 95 ലക്ഷത്തോളം ഉപഭോക്താക്കളാണ് ബി.എസ്.എന്‍.എല്ലിനുള്ളത്. കടുത്ത മത്സരം നേരിടുന്നതിനിടയിലും പുതിയ പദ്ധതികളിലൂടെ ഉപഭോക്താക്കളുടെ എണ്ണം ഒരു കോടിയില്‍ എത്തിക്കാനാണ് അധികൃതരുടെ ശ്രമം.

click me!