ബജറ്റ്: കേരള ബാങ്കിനായി നിര്‍ണ്ണായക പ്രഖ്യാപനങ്ങളുണ്ടായേക്കും

By Web TeamFirst Published Jan 24, 2019, 3:26 PM IST
Highlights

കേരള ബാങ്ക് അടുത്തമാസം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ നബാര്‍ഡിന്‍റെ നിര്‍ദ്ദേശങ്ങളാണ് കേരള ബാങ്ക് രൂപീകരണത്തിന് തടസ്സം സൃഷ്ടിക്കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. 
 

തിരുവനന്തപുരം: പതിനാല് ജില്ലാ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് രൂപീകരിക്കുന്ന കേരള ബാങ്കിന് ബജറ്റില്‍ പ്രത്യേക പരിഗണനയുളളതായി സൂചന. കേരള ബാങ്കിനായി ഈ ബജറ്റില്‍ പ്രത്യേക ബജറ്റ് വിഹിതം ഉണ്ടാകാനാണ് സാധ്യത. നേരത്തെ സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുളള റെബ്കോ അടക്കമുളള വിവിധ സ്ഥാപനങ്ങള്‍ സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് നല്‍കാനുളള കടം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

റെബ്കോ അടക്കമുളള നാല് സ്ഥാപനങ്ങള്‍ സഹകരണ ബാങ്കുകള്‍ക്ക് 306 കോടി രൂപയോളം നല്‍കാനുണ്ട്. വായ്പ തിരിച്ചടവ് മുടങ്ങി വലിയ തുക കുടിശ്ശികയായ സ്ഥാപനങ്ങളുടെ കടമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഈ തുക സര്‍ക്കാര്‍ വായ്പയാക്കി മാറ്റാണ് ആഗ്രഹിക്കുന്നത്. 

കേരള ബാങ്ക് അടുത്തമാസം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ നബാര്‍ഡിന്‍റെ നിര്‍ദ്ദേശങ്ങളാണ് കേരള ബാങ്ക് രൂപീകരണത്തിന് തടസ്സം സൃഷ്ടിക്കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. 

14 ജില്ലാ സഹകരണ ബാങ്കുകളുടെ ശരാശരി ലാഭത്തിനെക്കാള്‍ കൂടുതലാണ് സംസ്ഥാന സഹകരണ ബാങ്കിന്‍റെ നഷ്ടം. തുടക്കം മുതല്‍ റിസര്‍വ് ബാങ്ക് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. ലാഭത്തിലുളള ജില്ലാ ബാങ്കുകളെ നഷ്ടത്തിലുളള സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കാനുളള തീരുമാനമാണ് ആര്‍ബിഐയ്ക്ക് ആശങ്കയുണ്ടാകാന്‍ കാരണം. ഇത്തരത്തിലൊരു ആശങ്ക പരിഹരിക്കാനുളള പ്രഖ്യാപനങ്ങള്‍ ബജറ്റിന്‍റെ ഭാഗമാകുമെന്നാണ് സൂചന. 

നിലവിലുളള എല്ലാ സേവനങ്ങളും നല്‍കാന്‍ പര്യാപ്തമായതും സാമ്പത്തിക അടിത്തറയുളളതുമായ ബാങ്കായിരിക്കണം കേരള ബാങ്കെന്ന് ആര്‍ബിഐ നേരത്തെ നിഷ്കര്‍ഷിച്ചിരുന്നു. ജനുവരി 31 ന് അവതരിപ്പിക്കുന്ന ബജറ്റ് 'കേരള ബാങ്കിന്' പ്രതീക്ഷകള്‍ ഏറെയാണ്.  

click me!