എണ്ണവില വര്‍ദ്ധനവ്; ഒന്നും ചെയ്യാനില്ല, സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കണമെന്ന് കേന്ദ്രം

By Web DeskFirst Published Sep 19, 2017, 5:41 PM IST
Highlights

ദില്ലി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ദിവസം തോറും വര്‍ദ്ധിക്കുമ്പോഴും തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വില കുറയ്‌ക്കാനുള്ള ചുമതല സംസ്ഥാനങ്ങള്‍ക്കാണെന്നാണ് കേന്ദ്ര  പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ആവര്‍ത്തിക്കുന്നത്. അതേസമയം പെട്രോളിയം ഉല്‍പന്നങ്ങളെക്കൂടി ചരക്ക് സേവന നികുതിക്ക് കീഴില്‍ കൊണ്ടു വരുന്നതിന് സഹകരിക്കാന്‍ അദ്ദേഹം  സംസ്ഥാനങ്ങളോടും ജി.എസ്.ടി കൗണ്‍സിലിനോടും അഭ്യര്‍ത്ഥിച്ചു. ഈ രംഗത്ത് കൂടി ജി.എസ്.ടി ബാധകമാക്കിയാല്‍ നികുതി വരുമാനം തുല്യമായി പങ്കിടാനാവുമെന്നും കൂടുതല്‍ സുതാര്യതയുണ്ടാവുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കേന്ദ്ര എക്‌സൈസ് നികുതി, സംസ്ഥാനങ്ങളുടെ മൂല്യവര്‍ധിത നികുതി, വിതരണക്കാര്‍ക്കുള്ള കമ്മിഷന്‍, വിതരണ കമ്പനികളുടെ ലാഭം തുടങ്ങി വിവിധ ഘടകങ്ങളാണു പെട്രോള്‍, ഡീസല്‍ വില നിര്‍ണയിക്കുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും നികുതി ഗണ്യമായി കൂട്ടിയതോടെ വിലയും കുതിച്ചുയര്‍ന്നു. നിലവില്‍ വിലയുടെ പകുതിയിലേറെ നികുതിയാണ്. എക്‌സൈസ് തീരുവ  കുറച്ച് എണ്ണവില നിയന്ത്രിക്കാന്‍ സമ്മര്‍ദം ശക്തമാണെങ്കിലും കേന്ദ്രം അതിന് തയാറല്ല. പകരം സംസ്ഥാനങ്ങള്‍ നികുതി കുറച്ച് വരുമാനം വേണ്ടെന്ന് വെയ്ക്കണമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വാദം. പെട്രോളിയം ഉല്‍പന്നങ്ങള്‍, മദ്യം, പുകയില എന്നിവയെ ഒഴിവാക്കിയതുകൊണ്ടാണ് മിക്ക സംസ്ഥാനങ്ങളും നേരത്തെ ജി.എസ്.ടി നടപ്പിലാക്കാന്‍ സമ്മതിച്ചത്. അടുത്ത മാസം പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറയാന്‍ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. 

click me!