ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

By Web DeskFirst Published Oct 25, 2017, 4:25 PM IST
Highlights

ദില്ലി: സര്‍ക്കാര്‍ സേവനങ്ങൾക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള സമയപരിധി അടുത്തവര്‍ഷം മാര്‍ച്ച് 31വരെ നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്കും ഇളവുകിട്ടുമോയെന്ന് വ്യക്തമാക്കാൻ കേന്ദ്ര സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. മൊബൈൽ നമ്പറും ആധാറും ബന്ധിപ്പിക്കണമെന്ന വ്യവസ്ഥ പാലിക്കാത്തതിന് വേണമെങ്കിൽ തന്‍റെ മൊബൈൽ കണക്ഷൻ വിഛേദിക്കാൻ കേന്ദ്ര സര്‍ക്കാരിനോട് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു.
 
സര്‍ക്കാരിന്‍റെ സാമൂഹിക ക്ഷേമ പദ്ധതികളിൽ നിന്നുള്ള ആനുകൂല്യങ്ങൾക്കായി ആധാര്‍ വിവരങ്ങൾ കൈമാറേണ്ട സമയപരിധി ഡിസംബര്‍ 31നാണ് അവസാനിക്കുന്നത്. അതിന് മുമ്പ് ആധാറിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളിൽ തീരുമാനമെടുക്കണമെന്ന് ഇന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടപ്പോഴാണ് ആനുകൂല്യങ്ങൾക്കായി ആധാര്‍ വിവരങ്ങൾ നൽകേണ്ട സമയപരിധി അടുത്തവര്‍ഷം മാര്‍ച്ച് 31വരെ നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. ആധാര്‍ ഇല്ലാത്തതിന്‍റെ പേരിൽ ആര്‍ക്കും ആനുകൂല്യങ്ങൾ നിഷേധിക്കില്ല എന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാൽ അറിയിച്ചു. 

എന്നാൽ ആധാര്‍ ഉള്ളവര്‍ മൊബൈൽ നമ്പരുമായും, ബാങ്ക് അക്കൗണ്ടുമായും അത് ബന്ധിപ്പിക്കാൻ സര്‍ക്കാര്‍ നിര്‍ബന്ധിക്കുകയാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. മാര്‍ച്ച് 31വരെ എല്ലാവര്‍ക്കും ഇളവ് കിട്ടുമോ എന്ന് അറിയിക്കാൻ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. വരുന്ന തിങ്കളാഴ്ച ഇക്കാര്യത്തിൽ കേന്ദ്രം തീരുമാനം അറിയിക്കും. മൊബൈൽ നമ്പര്‍ ആധാറുമായി ബന്ധപ്പിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാനാകില്ലെന്ന് ഇതിനിടെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. അതിന്‍റെ പേരിൽ തന്‍റെ മൊബൈൽ കണക്ഷൻ വിഛേദിക്കാനും സര്‍ക്കാരിനെ മമത ബാനര്‍ജി വെല്ലുവിളിച്ചു.

click me!