വരാനിരിക്കുന്ന ദിനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിക്ക് ഏറ്റവും വിലപ്പെട്ടത്

By Web TeamFirst Published Dec 9, 2018, 7:38 PM IST
Highlights

ഡിസംബര്‍ 11 ചൊവ്വാഴ്ച്ച അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിനെ ആകാംക്ഷയോടെയാണ് ഇന്ത്യന്‍ ഓഹരി വിപണി കാണുന്നത്. 

മുംബൈ: വരാനിരിക്കുന്ന ആഴ്ച  ഇന്ത്യന്‍ ഓഹരി വിപണിക്ക് ഏറ്റവും വിലപ്പെട്ടതാണ്. ഡിസംബര്‍ 11 ചൊവ്വാഴ്ച  അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിനെ ആകാംക്ഷയോടെയാണ് ഇന്ത്യന്‍ ഓഹരി വിപണി കാണുന്നത്. ഇത് കൂടാതെ ചൈന-യുഎസ് വ്യാപാര യുദ്ധം വീണ്ടും രൂക്ഷമാകുമോ എന്ന ഭയവും ഇന്ത്യന്‍ ഓഹരി വിപണിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. 

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ നയതീരുമാനങ്ങളില്‍ മാറ്റമുണ്ടായാല്‍ ഇന്ത്യയില്‍ നിന്ന് വിദേശ ഫണ്ടുകള്‍ പുറത്തേക്ക് ഒഴുകാനുളള സാധ്യതയും വിപണി നിരീക്ഷകര്‍ പങ്കുവയ്ക്കുന്നു. വരുന്ന ആഴ്ച  ഇന്ത്യന്‍ ഓഹരി വിപണിയെ മാക്രോ ഇക്കണോമിക്ക് ഡേറ്റ വലിയ രീതിയില്‍ സ്വാധീനിക്കുമെന്നും നിരീക്ഷകര്‍ വ്യക്തമാക്കുന്നു. വ്യവസായ ഉല്‍പാദന സൂചികയും പണപ്പെരുപ്പവും വരുന്ന വാരം ഓഹരി വിപണിയില്‍ പ്രധാന ചലനങ്ങള്‍ക്ക് കാരണമായേക്കും. 

എങ്കിലും, രാജ്യത്ത് 2019 ഏപ്രില്‍ - മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്നറിയപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമാകും വിപണിയില്‍ ഏറ്റവും സ്വാധീനം ചെലുത്താന്‍ സാധ്യതയുളളത്. രാജസ്ഥാന്‍, മധ്യപ്രദേശ്, മിസോറാം, തെലുങ്കാന, ഛത്തീസ്ഗഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമാണ് 11 ന് പുറത്തു വരാനിരിക്കുന്നത്.      

click me!