ജിഎസ്‍ടി ഉദ്ഘാടന ചടങ്ങില്‍ വേദിയിലിരിക്കാന്‍ മന്‍മോഹന്‍ എത്തില്ല

By Web DeskFirst Published Jun 29, 2017, 7:11 PM IST
Highlights

ചരക്കുസേവന നികുതിക്ക് തുടക്കം കുറിക്കാന്‍ നാളെ അര്‍‍ദ്ധരാത്രി പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ചടങ്ങ് ബഹിഷ്ക്കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. വേദിയിലിക്കാനുള്ള ക്ഷണം മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നിരസിച്ചു. എന്നാല്‍ ചടങ്ങുമായി സഹകരിക്കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി

നാളെ അര്‍ദ്ധരാത്രി പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലെ ആഘോഷത്തെോടെ രാജ്യം ഒറ്റ നികുതിയിലേക്ക് നീങ്ങാനിരിക്കെ പ്രതിപക്ഷത്തിന്റെ നിസഹകരണം സര്‍ക്കാരിന് തിരിച്ചടിയാവുന്നു. ബഹിഷ്ക്കരണം പ്രഖ്യാപിക്കാതെ വിട്ടുനില്‍ക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം. സി.പി.ഐയും ചടങ്ങില്‍ പങ്കെടുക്കില്ല. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികളും ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ചടങ്ങിന് വേദിയിലിക്കാനുള്ള ക്ഷണം മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങും നിരസിച്ചു. സ്വാതന്ത്ര്യസമയത്തും സ്വാതന്ത്ര്യത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തിലും അന്‍പതാം വാര്‍ഷികത്തിലും മാത്രമാണ് അര്‍ദ്ധരാത്രി ഇത്തരത്തില്‍ ചടങ്ങ് നടന്നതെന്നും ഇപ്പോഴത്തെ നീക്കം സ്വാതന്ത്ര്യത്തെ വിലകുറച്ച് കാണിക്കാനാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇത്തരമൊരു തമാശയ്ക്കും പബ്ലിസിറ്റി തട്ടിപ്പിനും കൂട്ടു നില്‍ക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പ്രതികരിച്ചത്.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കുന്ന നിതീഷ് കുമാര്‍, ജി.എസ്.ടി ആഘോഷത്തിനെത്തുമെന്നു പറഞ്ഞത് പ്രതിപക്ഷത്തെ ഭിന്നതയ്ക്കും തെളിവായി. ധനകാര്യ ഉന്നതാധികാര സമിതിയുടെ മുന്‍ ചെയര്‍മാന്‍ കെ.എം മാണിയും ഉദ്ഘാടന ചടങ്ങിനെത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 70 വര്‍ഷത്തെ ഏറ്റവും വലിയ പരിഷ്ക്കരണമായതിനാലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് ധനമന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി പ്രതികരിച്ചു. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ, രത്തന്‍ ടാറ്റ, ഇ ശ്രീധരന്‍, അമിതാഭ് ബച്ചന്‍, ലതാ മങ്കേഷ്ക്കര്‍, സുപ്രീം കോടതി ജഡ്ജിമാര്‍ തുടങ്ങി എം.പിമാരല്ലാത്ത നിരവധി പേരെ ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്.

click me!