ജിഎസ്ടി പ്രതിസന്ധി മുറുകുന്നു; സംസ്ഥാനത്ത് നിര്‍മ്മാണ പ്രവൃത്തികള്‍ സ്തംഭനത്തിലേക്ക്

By Web DeskFirst Published Oct 19, 2017, 7:04 PM IST
Highlights

കൊച്ചി: ചരക്ക് സേവന നികുതിയിലെ പ്രതിസന്ധി മറികടക്കാന്‍ കരാറുകാര്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയില്‍. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലെ റോഡുകളുടെ നവീകരണവും, സ്കൂള്‍, ആശുപത്രി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിയുമെല്ലാം നിര്‍ത്തിവെച്ചു. സര്‍ക്കാര്‍ ഇടപെടലുണ്ടായില്ലെങ്കില്‍ ഏറ്റെടുത്ത ചുരുക്കം ചില ജോലികളും അടുത്തയാഴ്ചയോടെ നിര്‍ത്തി വെയ്‌ക്കുമെന്ന് കരാറുകാര്‍ വ്യക്തമാക്കി.

രണ്ട് മാസത്തിനിടെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കൊച്ചി കോര്‍പ്പറേഷന്‍ വിളിച്ച 600ലധികം ടെണ്ടറുകളില്‍ കരാറുകാര്‍ 12 എണ്ണം മാത്രമാണ് ഏറ്റെടുത്തത്. തൃപ്പൂണിത്തുറയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി വിളിച്ച 80 എണ്ണത്തില്‍ ഒന്നില്‍ പോലും കരാറുകാര്‍ ടെണ്ടര്‍ വിളിച്ചിട്ടില്ല. ഫോര്‍ട്ട് കൊച്ചി, പള്ളുരുത്തി, ഇടപ്പള്ളി, വൈറ്റില, പച്ചാളം എന്നീ പ്രദേശങ്ങളിലെ പൊട്ടിപ്പൊളിഞ്ഞതും, നവീകരണം ആവശ്യമായതുമായ റോഡുകളിലെ പ്രവര്‍ത്തനങ്ങളെല്ലാം അനിശ്ചിതത്വത്തിലാണ്. കോര്‍പ്പറേഷന്‍ പരിധിയില്‍ ലക്ഷങ്ങള്‍ ഫണ്ട് വകയിരുത്തിയ കനാല്‍ നിര്‍മ്മാണം, ഡ്രെയിനേജ് നവീകരണം, സ്കൂള്‍, ആശുപത്രി കെട്ടിട നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും റീ ടെണ്ടര്‍ ചെയ്തിട്ടും ഏറ്റെടുക്കാന്‍ കരാറുകാരെത്തിയിട്ടില്ല.

കരാര്‍ പ്രകാരമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമത്തുന്ന ജി.എസ്.ടിയുടെ അധികഭാരം വഹിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ നിലവിലെ സ്ഥിതി തുടരുമെന്ന് കരാറുകാര്‍ പറയുന്നു. കോമ്പൗണ്ടിങ് രീതിയില്‍ നാല് ശതമാനം നികുതിയായിരുന്നു തദ്ദേശ സ്ഥാപനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത കരാറുകാര്‍ നല്‍കി വന്നിരുന്നത്. ജി.എസ്.ടി നിലവില്‍ വന്നതോടെ ഇത് 12 ശതമാനമായി.  ജി.എസ്.ടി നടപ്പാക്കുന്നതിന് മുമ്പ് കരാര്‍ ഏറ്റെടുത്ത ജോലികള്‍ക്കും ഇതേ സ്ലാബില്‍ നികുതി ഈടാക്കിയ നടപടിയാണ് കരാറുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.

click me!