ടാക്സി വിളിക്കുന്ന പോലെ ഇനി വിമാനം വാടകയ്ക്ക് എടുക്കാം; അതും പകുതി നിരക്കില്‍

By Web DeskFirst Published Oct 19, 2017, 6:30 PM IST
Highlights

ദില്ലി: സിറ്റിയില്‍ യാത്ര ചെയ്യാന്‍ യൂബര്‍, ഒല ആപ്പുകളുപയോഗിച്ച് കാര്‍ വിളിക്കുന്നത് പോലെ വിമാനങ്ങളും വിളിച്ച് യാത്ര ചെയ്യാന്‍ പറ്റുന്ന കാലം അതിവിദൂരത്തല്ല. രാജ്യത്ത് ചുരുങ്ങിയ ചെലവില്‍ ഉപഭോക്താക്കളുടെ ഇഷ്ടപ്രകാരം വിമാന സര്‍വീസ് തുടങ്ങാനാണ് വിവിധ കമ്പനികള്‍ പദ്ധതിയിടുന്നത്.  ചാര്‍ട്ടേഡ് വിമാന സര്‍വ്വീസ് നല്‍കുന്ന കമ്പനികള്‍ പരസ്പര സഹകരണത്തോടെ ഇപ്പോള്‍ നല്‍കുന്നതിന്റെ പകുതി ചിലവില്‍ സര്‍വ്വീസുകള്‍ നല്‍കുമെന്നാണ് വാഗ്ദാനം.

നിലവില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ബുക്ക് ചെയ്യുന്നവരില്‍ നിന്നാണ് കമ്പനികള്‍ മുഴുവന്‍ പണവും ഈടാക്കുന്നത്. ഉപഭോക്താവിന്റെ അടുത്തുള്ള വിമാനത്താവളത്തിലേക്ക് വിമാനം എത്തിക്കുന്നതിനും തിരികെ പോകുന്നതിനുമെല്ലാമുള്ള പണം ഉപഭോക്താവ് നല്‍കണം. ആറ് മുതല്‍ ഒന്‍പത് സീറ്റുകള്‍ വരെയുള്ള ഒരു ചെറിയ വിമാനം ചാര്‍ട്ടര്‍ ചെയ്ത് പറക്കാന്‍ മണിക്കൂറിന് ഒന്നര ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെയാണ് ഇപ്പോള്‍ ചെലവ് വരുന്നത്. ഈ ചെലവ് പകുതിയായി കുറയ്ക്കാന്‍ കഴിഞ്ഞാല്‍ നിരവധി പേര്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്ത് യാത്ര ചെയ്യാന്‍ തയ്യാറാവുമെന്നാണ് കമ്പനികളുടെ കണക്കുകൂട്ടല്‍. ചിലവ് കുറയ്ക്കാനായി വിവിധ സ്ഥലങ്ങളില്‍ വിമാനങ്ങള്‍ സജ്ജീകരിക്കുകയും ബുക്കിങ്ങുകള്‍ അതിന് അനുസൃതമായി ഏകീകരിക്കുകയും ചെയ്യും.

രാജ്യത്ത് നിലവില്‍ 129 ഏവിയേഷന്‍ കമ്പനികളാണുള്ളത്. ഇതില്‍ 69 കമ്പനികള്‍ക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് മാത്രമാണുള്ളത്. രാജ്യത്ത് ആദ്യമായി എയര്‍ ആംബുലന്‍സ് സര്‍വ്വീസ് ആരംഭിച്ച ഫ്ലാപ്പ് ഏവിയേഷന്‍ എന്ന കമ്പനി സര്‍വ്വീസുകള്‍ കൂടുതല്‍ വിപുലമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കൊച്ചി അടക്കമുള്ള നഗരങ്ങളിലേക്ക് സര്‍വ്വീസ് വ്യാപിപ്പിക്കും. മെട്രോ നഗരങ്ങള്‍ വിട്ട് മറ്റ് നഗരങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധിക്കാനാണ് കമ്പനിയുടെ തീരുമാനം. നിലവില്‍ ചില ആശുപത്രികള്‍ എയര്‍ ആംബുലന്‍സ് സൗകര്യം നല്‍കാറുണ്ടെങ്കിലും അത്യാവശ്യ ഘട്ടങ്ങളില്‍ ഇവ പെട്ടെന്ന് ലഭിക്കാറില്ല. 

ചുരുക്കത്തില്‍ കാര്‍ വാടകയ്ക്ക് എടുത്ത് യാത്ര ചെയ്യുന്ന ലാഘവത്തോടെ വിമാനം വിളിച്ച് പോകാന്‍ കഴിയുന്ന കാലം ഉടനെയുണ്ടാകുമെന്നാണ് ഈ രംഗത്തെ കമ്പനികള്‍ നല്‍കുന്ന വാഗ്ദാനം.

click me!