കമ്മീഷന്‍ ശുപാര്‍ശ നല്‍കി, കേരളത്തിന് 15,000 കോടി നല്‍കണം; രാജ്യത്തെ 14 സംസ്ഥാനങ്ങള്‍ക്ക് റവന്യുക്കമ്മിയുണ്ടാകും

By Web TeamFirst Published Feb 3, 2020, 6:14 PM IST
Highlights

കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കേന്ദ്ര സഹായം ലഭിക്കുക.

ദില്ലി: കേരളത്തിന് അടുത്ത സാമ്പത്തിക വർഷത്തിലെ റവന്യു കമ്മി പരിഹരിക്കാൻ കേന്ദ്രം 15,323 കോടി നൽകണമെന്ന് ശുപാർശ. 15 -ാം ധനകാര്യ കമ്മിഷന്റേതാണ് ശുപാർശ. ഇതിന് പുറമെ പത്ത് ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളിൽ മാലിന്യ നിർമാർജനത്തിനും ശുദ്ധജലവിതരണത്തിനുമായി പ്രത്യേക ധനസഹായവും ലഭിക്കും. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കേന്ദ്ര സഹായം ലഭിക്കുക.

അടുത്ത സാമ്പത്തിക വർഷത്തിൽ കേരളത്തിന്റെ റവന്യുക്കമ്മി 31,939 കോടിയായിരിക്കുമെന്നാണ് 15 -ാം ധനകാര്യ കമ്മിഷന്റെ വിലയിരുത്തൽ. കേന്ദ്രത്തിന്റെ നികുതി വരുമാനത്തിന്റെ 1 . 943 ശതമാനമാണ് കേരളത്തിനായി നിർദ്ദേശിച്ചത്. 16,616 കോടി രൂപ വരുമിത്. ഇതുമതിയാവില്ലെന്ന് കണ്ടതിനാലാണ് 15,323 കോടി കൂടി അനുവദിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രത്തിന്റെ നികുതി വിഹിതം ലഭിച്ചാലും കേരളമടക്കം 14 സംസ്ഥാനങ്ങൾക്ക് റവന്യുക്കമ്മിയുണ്ടാകും.

ഇതിന് പുറമെ ത്രിതല പഞ്ചായത്തുകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാനം അനുവദിക്കുന്ന തുകയ്ക്ക് തുല്യമായ വിഹിതം കേന്ദ്രവും അനുവദിക്കണമെന്ന് നിർദ്ദേശമുണ്ട്. കേരളത്തിലെ ഗ്രാമ തദ്ദേശസ്ഥാപനങ്ങൾക്ക് കേന്ദ്രത്തിൽ നിന്ന് ഗ്രാന്റായി 1,628  കോടി രൂപ ലഭിക്കും. നഗര തദ്ദേശ സ്ഥാപനങ്ങൾക്ക് കേന്ദ്ര ഗ്രാന്റായി 784  കോടിയാണ് ലഭിക്കുക.

മാലിന്യ നിർമ്മാർജ്ജനം, ശുദ്ധജലവിതരണം എന്നിവയ്ക്കായി കണ്ണൂരിന് 46 കോടി ലഭിക്കും. കൊച്ചിക്ക് 59 കോടിയും കൊല്ലത്തിന് 31 കോടിയും കോഴിക്കോടിന് 57 കോടിയും മലപ്പുറത്തിന് 47 കോടിയും തിരുവനന്തപുരത്തിന് 47 കോടിയും തൃശ്ശൂരിന് 52 കോടിയും ലഭിക്കും. ആകെ 339 കോടിയാണ് ഈ ഇനത്തിൽ ലഭിക്കുക. ഇതുകൂടി ഉൾപ്പെട്ടതാണ് നഗര തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ചിരിക്കുന്ന
784  കോടി.

ഈ തുക വികസന ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ. കേന്ദ്രം അനുവദിക്കുന്ന തുക സംസ്ഥാനം പത്ത് ദിവസത്തിനകം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിരിക്കണം. വൈകിയാൽ വിപണിയിലെ പലിശയ്ക്ക് തുല്യമായ തുക കൂടി നൽകണമെന്നും വ്യവസ്ഥയുണ്ട്.
 

click me!