80 ശതമാനം ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ തൊഴില്‍ ചെയ്യാന്‍ യോഗ്യരല്ലെന്ന് കണ്ടെത്തല്‍

By Web TeamFirst Published Mar 26, 2019, 1:06 PM IST
Highlights

ഇന്ത്യയിലെ തൊഴില്‍ അപേക്ഷകരായ എഞ്ചിനീയര്‍മാരില്‍ മികച്ച കോഡിംഗ് സ്കില്‍ ഉളളവര്‍ 4.6 ശതമാനം മാത്രമാണ്. എന്നാല്‍, ചൈനീസ് എഞ്ചിനീയര്‍മാരെക്കാള്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ വളരെ മുന്നിലാണ്.

തിരുവനന്തപുരം: ഇന്ത്യയിലെ 80 ശതമാനം എഞ്ചിനീയര്‍മാരും വിജ്ഞാന സമ്പദ്‍വ്യവസ്ഥയില്‍ തൊഴില്‍ ചെയ്യാന്‍ യോഗ്യരല്ലെന്ന് റിപ്പോര്‍ട്ട്. വ്യവസായ മേഖല ആവശ്യപ്പെടുന്ന നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യയില്‍ നൈപുണ്യമുളളവര്‍ കേവലം 2.5 ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആസ്പിരിംഗ് മൈന്‍ഡ്സ് തയ്യാറാക്കിയ 2019 ലെ വാര്‍ഷിക തൊഴില്‍ക്ഷമതാ സര്‍വേ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. 

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടാകുന്ന മാറ്റങ്ങള്‍ നൈപുണ്യമുളള എഞ്ചിനീയര്‍മാരെ വാര്‍ത്തെടുക്കാന്‍ പര്യാപിതമല്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഉയര്‍ന്നു വരുന്ന തൊഴില്‍ സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയത്തക്ക തരത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നു. സാങ്കേതിക വിദ്യാഭ്യാസ മേഖയിലെ നൈപുണ്യ വികസനത്തിനായി ഇന്ത്യയിലെ സര്‍ക്കാരുകള്‍ അഞ്ച് മുതല്‍ 10 വര്‍ഷം ലക്ഷ്യം വച്ച് പ്രത്യേക നയരൂപീകരണം നടപ്പാക്കണമെന്നും റിപ്പോര്‍ട്ട് പറ‌ഞ്ഞുവയ്ക്കുന്നു.

ഇന്ത്യയിലെ തൊഴില്‍ അപേക്ഷകരായ എഞ്ചിനീയര്‍മാരില്‍ മികച്ച കോഡിംഗ് സ്കില്‍ ഉളളവര്‍ 4.6 ശതമാനം മാത്രമാണ്. എന്നാല്‍, ചൈനീസ് എഞ്ചിനീയര്‍മാരെക്കാള്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ വളരെ മുന്നിലാണ്. ചൈനീസ് എഞ്ചിനിയര്‍മാരില്‍ 2.1 ശതമാനം ആളുകള്‍ക്ക് മാത്രമേ നന്നായി കോഡിംഗ് അറിയുകയൊള്ളൂ. അമേരിക്കയിലെ എഞ്ചിനീയര്‍മാരാണ് ഇക്കാര്യത്തില്‍ മറ്റെല്ലാവരെക്കാളും മുന്നില്‍. അമേരിക്കയിലെ 18.8 ശതമാനം എഞ്ചിനീയര്‍മാര്‍ക്ക് മികച്ച രീതിയില്‍ കോഡിംഗ് വശമുണ്ട്. 

click me!