ദീപാവലിക്ക് മധ്യവര്‍ഗ്ഗത്തെ കാത്തിരിക്കുന്നത് സന്തോഷ വാര്‍ത്തയോ?, ആദായ നികുതി ഭാരം പകുതിയായി കുറഞ്ഞേക്കും

By Web TeamFirst Published Oct 1, 2019, 2:47 PM IST
Highlights

ആദായ നികുതി പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍ നികുതിദായകന്‍റെ കയ്യില്‍ കൂടുതല്‍ പണം വരവിന് സാഹചര്യമൊരുക്കുമെന്നാണ് കാണക്കാക്കുന്നത്. 

ദില്ലി: രാജ്യത്തെ വര്‍ഷങ്ങള്‍ പഴക്കമുളള ആദായ നികുതി നിയമം പരിഷ്കരിക്കുന്നതിന് രൂപീകരിച്ച ഡയറക്ട് ടാക്സ് കോഡ് ടാസ്ക് ഫോഴ്സ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 19 ന് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. ഈ നിര്‍ദ്ദേശങ്ങള്‍ വലിയ മാറ്റങ്ങളില്ലാതെ നടപ്പാക്കിയേക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. 

ആദായ നികുതി പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍ നികുതിദായകന്‍റെ കയ്യില്‍ കൂടുതല്‍ പണം വരവിന് സാഹചര്യമൊരുക്കുമെന്നാണ് കാണക്കാക്കുന്നത്. ഇത്തരമൊരു സാഹചര്യം വ്യക്തികളുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുകയും രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്ക് ഈ സാഹചര്യം ഗുണപരമാകുമെന്നും വിലയിരുത്തുന്നു. നിലവില്‍ 20 ശതമാനം നികുതി ഉള്ള സ്ലാബില്‍ ഉള്‍പ്പെടുന്നവരുടെ നികുതി ഭാരം പകുതിയായി കുറയ്ക്കാനാണ് നിര്‍ദ്ദേശം. ഇത് മധ്യവര്‍ഗത്തിന് ഗുണപരമായ നിര്‍ദ്ദേശമായിട്ടാണ് കണക്കാക്കുന്നത്. 

അഞ്ച് ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയില്‍ വാര്‍ഷിക വരുമാനമുളളവരുടെ നികുതി 20 നിന്ന് ഇതോടെ 10 ശതമാനം ആകും. ഇപ്പോള്‍ ഇടാക്കുന്ന സെസുകളും സര്‍ച്ചാര്‍ജുകളും ഒഴിവാക്കണമെന്നും സര്‍ക്കാരിന് മുന്നിലുളള റിപ്പോര്‍ട്ട് പറയുന്നു. ഉയര്‍ന്ന സ്ലാബിലുളളവരുടെ നികുതി 30 ല്‍ നിന്ന് 25 ശതമാനത്തിലേക്ക് താഴ്ത്താനും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

ഉത്സവ സീസണിലെ ചെലവിടല്‍ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി ദീപാവലിക്ക് മുന്‍പ് നികുതി സ്ലാബുകളില്‍ മാറ്റം വരുത്തി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. 

click me!