നിര്‍മല സീതാരാമന്‍റെ നേട്ടങ്ങളുടെ പട്ടിക നീളുന്നു: ബ്രിട്ടന്‍റെ കയ്യടി നേടി ആദ്യ ഫുള്‍ടൈം വനിതാ ധനമന്ത്രി

By Web TeamFirst Published Jun 26, 2019, 5:09 PM IST
Highlights

തിരുച്ചിറപ്പള്ളി സ്വദേശിയായ നാരായണന്‍ സീതാരാമന്‍റെയും സാവിത്രിയുടെയും മകളായി 1959 ല്‍ മധുരയിലാണ് ജനനം. തിരുച്ചിറപ്പള്ളി, മദ്രാസ് എന്നിവടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. തിരിച്ചിറപ്പള്ളി സീതാലക്ഷ്മി രാമസ്വാമി കോളേജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്തു. 

കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ഫുള്‍ടൈം വനിതാ ധനമന്ത്രി എന്ന നേട്ടത്തിന് മുന്നേ മറ്റൊരു വന്‍ നേട്ടം നിര്‍മല സീതാരാമനെ തേടിയെത്തിയിരിക്കുന്നു. ഇന്ത്യ - ബ്രിട്ടണ്‍ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച 100 വനിതകളുടെ പട്ടികയില്‍ ഇടം പിടിച്ചതാണ് ആ വന്‍ നേട്ടം. ബ്രിട്ടീഷ് പാര്‍ലമെന്‍റിന്‍റെ ഇന്ത്യ ദിനത്തോടനുബന്ധിച്ച് യുകെ ആഭ്യന്തര സെക്രട്ടറി സാജിദ് ജവിദാണ് ഇതു സംബന്ധിച്ച പട്ടിക പുറത്തുവിട്ടത്.

ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പഠിച്ചിരുന്നതിനാലും ബ്രിട്ടണില്‍ തൊഴില്‍ ചെയ്തിരുന്നതിനാലും മന്ത്രിസഭയിലെ മറ്റ് അംഗങ്ങളെക്കാള്‍ ബ്രിട്ടണിനെക്കുറിച്ച് ധാരണ നിര്‍മലയ്ക്ക് ഉണ്ടാകുമെന്നാണ് പട്ടികയ്ക്ക് ഒപ്പം ചേര്‍ത്ത വിവരണത്തില്‍ പറഞ്ഞിട്ടുളളത്. ജൂലൈ അഞ്ചിന് ബജറ്റ് അവതരിപ്പിക്കുന്നതിലൂടെ ഇന്ത്യ മഹാരാജ്യത്തെ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ഫുള്‍ടൈം വനിതാ ധനമന്ത്രി എന്ന അംഗീകാരവും നിര്‍മല സീതാരാമന് സ്വന്തമാകും ( ഇന്ദിരാ ഗാന്ധി 1970 -71 കാലയളവില്‍ ഏതാനും മാസം അധിക വകുപ്പായി ധനവകുപ്പ് കൈവശം വയ്ക്കുകയും ബജറ്റ് അവതരിപ്പിക്കുകയും ചെയ്തിരുന്നു). 

തിരിച്ചിറപ്പള്ളിയില്‍ നിന്ന് ധനമന്ത്രാലയത്തിലേക്ക്

വാണിജ്യ, പ്രതിരോധ മേഖലകളിലെ മികച്ച പ്രകടനമാണ് നോര്‍ത്ത് ബ്ലോക്കിലേക്ക് നിര്‍മല സീതാരാമനെ പരിഗണിക്കാനുളള പ്രധാന കാരണം. തിരുച്ചിറപ്പള്ളി സ്വദേശിയായ നാരായണന്‍ സീതാരാമന്‍റെയും സാവിത്രിയുടെയും മകളായി 1959 ല്‍ മധുരയിലാണ് ജനനം. തിരുച്ചിറപ്പള്ളി, മദ്രാസ് എന്നിവടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. തിരുച്ചിറപ്പള്ളി സീതാലക്ഷ്മി രാമസ്വാമി കോളേജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്തു. ശേഷം ദില്ലി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെത്തിയ നിര്‍മല അവിടെ നിന്ന് 1984 ല്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. അച്ഛന്‍ നാരായണന്‍ റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നതിനാല്‍ യാത്രകള്‍ നിറഞ്ഞതായിരുന്നു നിര്‍മലയുടെ കുട്ടിക്കാലം. 

2008 ല്‍ ബിജെപിയില്‍ ചേര്‍ന്ന നിര്‍മല സീതാരാമന്‍ 2014 വരെ പാര്‍ട്ടിയുടെ വക്താവായി പ്രവര്‍ത്തിച്ചു. 2016 ല്‍ രാജ്യസഭ എംപിയായി മാറി. ശേഷം ധനമന്ത്രാലയ സഹമന്ത്രി, വാണിജ്യ വകുപ്പിന്‍റെ സ്വതന്ത്ര ചുമതലയുളള മന്ത്രി എന്നീ ചുമതലകള്‍ വഹിച്ചു. 2017 സെപ്റ്റംബറില്‍ ഇന്ദിരാ ഗാന്ധിക്ക് ശേഷമുളള ആദ്യ വനിതാ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റു. ഇപ്പോള്‍ ധനമന്ത്രിയുടെ ചുമതലയും. 

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന കാലത്ത് കണ്ടുമുട്ടിയ ആന്ധ്ര നരസപുരം സ്വദേശിയായ പരകാല പ്രഭാകറാണ് നിര്‍മല സീതാരാമന്‍റെ ഭര്‍ത്താവ്. 1986 ലായിരുന്നു ഇവരുടെ വിവാഹം നടന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവിന്‍റെ കമ്യൂണിക്കേഷന്‍ അഡ്വൈസറായി പ്രവര്‍ത്തിച്ചു പരിചയമുളള വ്യക്തിയാണ് അദ്ദേഹം. 
 

click me!