രണ്ടാം മോദി സര്‍ക്കാര്‍ നേരിടാന്‍ പോകുന്ന സാമ്പത്തിക രംഗത്തെ പ്രധാന അഞ്ച് പ്രതിസന്ധികള്‍

By Web TeamFirst Published May 23, 2019, 7:19 PM IST
Highlights

യുഎസ് -ചൈന വ്യാപാര യുദ്ധവും, അമേരിക്കയുടെ ഇറാന്‍ ഉപരോധവും രണ്ടാം മോദി സര്‍ക്കാര്‍ എങ്ങനെ നേരിടുമെന്നതും പ്രധാന ചര്‍ച്ച വിഷയമാകും. യുഎസ് -ചൈന വ്യാപാര യുദ്ധം ഇന്ത്യയ്ക്ക് വലിയ അവസരമാണെന്ന അന്താരാഷ്ട്ര മാധ്യമ വിലയിരുത്തലുകള്‍ മുന്നിലുളളപ്പോഴും രണ്ടാം മോദി സര്‍ക്കാര്‍ ഇതിനോട് എന്ത് സമീപനം സ്വീകരിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടി വരും. 

രാജ്യത്തിന്‍റെ ഭരണത്തിലേക്ക് വീണ്ടും മോദി എത്തുകയാണ്. എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും ഭരത്തിലേറാന്‍ പോകുന്നു. ഈ സാഹചര്യത്തില്‍ വരാന്‍ പോകുന്ന മോദി സര്‍ക്കാരിന് മുന്നില്‍ അനേകം വെല്ലുവിളികളാകും സാമ്പത്തിക രംഗത്ത് കാത്തിരിക്കുന്നത്. ഇതില്‍ പലതും അടിയന്തര പരിഗണന അര്‍ഹിക്കുന്നതാണ് താനും. സാമ്പത്തിക വളര്‍ച്ച നിരക്ക് താഴ്ന്നു നില്‍ക്കുന്നതും കലുഷിതമായിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര വ്യാപാര പ്രതിസന്ധികളുമാകും പുതിയ സര്‍ക്കാരിന് വെല്ലുവിളികളാകും. 

കുറഞ്ഞ വളര്‍ച്ചാ നിരക്ക്

കഴിഞ്ഞ അഞ്ച് പാദങ്ങളിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണ് ഡിസംബര്‍ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 6.6 ശതമാനമായിരുന്നു ഡിസംബര്‍ പാദത്തിലെ വളര്‍ച്ചാ നിരക്ക്. ഇതിനെ തുടര്‍ന്ന് 2018 -19 ലെ വളര്‍ച്ചാ നിരക്ക് പ്രതീക്ഷ കേന്ദ്ര സ്റ്റാസ്റ്റിക്കല്‍ ഓഫീസ് 7.2 ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനത്തിലേക്ക് താഴ്ത്തിയതും ഇതിനെ തുടര്‍ന്നാണ്. 

വ്യവസായ മേഖലയിലെ വളര്‍ച്ചാ മുരടിപ്പ്

ഓട്ടോ മൊബൈല്‍ ഉള്‍പ്പടെയുളള വിവിധ വ്യവസായ മേഖലകള്‍ ഇപ്പോള്‍ തളര്‍ച്ചയിലാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ച നിരക്കിലാണ് ഓട്ടോ മൊബൈല്‍ വ്യവസായം. 16 ശതമാനം ഇടിവാണ് ഏപ്രിലില്‍ ഓട്ടോ സെക്ടറില്‍ രേഖപ്പെടുത്തിയത്. ആഭ്യന്തര വ്യോമയാന മേഖലയിലും ഇടിവുണ്ടായിട്ടുണ്ട്. ഏപ്രിലില്‍ 4.5 ശതമാനം ഇടിവാണ് വ്യോമയാന വ്യവസായം നേരിട്ടത്.

ഗ്രാമ മേഖലയിലെ പ്രശ്നങ്ങള്‍

ഇന്ത്യയിലെ ഗ്രാമീണര്‍ വരുമാനത്തില്‍ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. രാജ്യത്ത് ഉയരുന്ന കര്‍ഷക സമരങ്ങളും പ്രതിഷേധങ്ങളും സര്‍ക്കാരിന് മുന്നില്‍ വെല്ലുവിളികളാണ്. സര്‍ക്കാരിന്‍റെ ഇ -നാം ( ഇലക്ട്രോണിക് നാഷണല്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റ്) പദ്ധതി കൂടുതല്‍ ശക്തിപ്പെടുത്തുണ്ടതുണ്ടെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടതും ഇതിന് ഉദാഹരണമാണ്. ഇതിലൂടെ ഗ്രാമീണരുടെ വരുമാന വര്‍ധിപ്പിക്കുകയാകും സര്‍ക്കാരിന്‍റെ ലക്ഷ്യം. 

തൊഴില്‍ ഇല്ലായ്മ

എന്‍എസ്എസ്ഒയുടെ പുറത്തായതായി പറയുന്ന റിപ്പോര്‍ട്ടില്‍ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് പറയുന്നു. പുതിയ സര്‍ക്കാരിന് മുന്നിലെ ഏറ്റവും വലിയ പ്രതിസന്ധിയും രാജ്യത്തെ വര്‍ധിച്ചുവരുന്ന ഈ തൊഴിലില്ലായ്മ നിരക്കാകും. 

വ്യാപാര യുദ്ധവും അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളും

യുഎസ് -ചൈന വ്യാപാര യുദ്ധവും, അമേരിക്കയുടെ ഇറാന്‍ ഉപരോധവും രണ്ടാം മോദി സര്‍ക്കാര്‍ എങ്ങനെ നേരിടുമെന്നതും പ്രധാന ചര്‍ച്ച വിഷയമാകും. യുഎസ് -ചൈന വ്യാപാര യുദ്ധം ഇന്ത്യയ്ക്ക് വലിയ അവസരമാണെന്ന അന്താരാഷ്ട്ര മാധ്യമ വിലയിരുത്തലുകള്‍ മുന്നിലുളളപ്പോഴും രണ്ടാം മോദി സര്‍ക്കാര്‍ ഇതിനോട് എന്ത് സമീപനം സ്വീകരിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടി വരും. ഇറാനെതിരെ അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധം രാജ്യാന്തര ക്രൂഡ് ഓയില്‍ വില ഉയര്‍ന്നുന്നതും ഇന്ത്യയ്ക്ക് പ്രതിസന്ധിയാണ്. മോദി രണ്ടാമത് വീണ്ടും അധികാരത്തിലേക്ക് എന്തുമ്പോള്‍ ഇക്കാര്യത്തില്‍ ഇന്ത്യ പുതിയ സമീപനം സ്വീകരിക്കുമോ എന്ന ആകാംക്ഷയും വര്‍ധിക്കുകയാണ്. 

click me!