
ദില്ലി: നവംബര്‍ മാസം ജിഎസ്ടിയില്‍ നിന്നുളള വരുമാനം ഒരു ലക്ഷം കോടി കടന്നു. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജിഎസ്ടി വരുമാനത്തില്‍ കുതിച്ചുകയറ്റം ഉണ്ടായത്. നവംബറില്‍ മൊത്തം നികുതി വരുമാനത്തില്‍ ആറ് ശതമാനത്തിന്‍റെ വര്‍ധനയുണ്ടായി. മൊത്തം 1.03 ലക്ഷം കോടിയാണ് ജിഎസ്ടിയില്‍ നിന്നും വരുമാനമായി സര്‍ക്കാരിന് ലഭിച്ചത്.
ജിഎസ്ടി നടപ്പാക്കിയതിന് ശേഷമുളള മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന വരുമാനമാണ് നവംബര്‍ മാസത്തിലുണ്ടായിരിക്കുന്നത്. ഒക്ടോബറില്‍ 95,380 കോടിയായിരുന്നു ജിഎസ്ടിയില്‍ നിന്നുളള വരുമാനം. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇത് 97,637 കോടിയായിരുന്നു. മാസം ഒരു ലക്ഷം കോടി രൂപ വരുമാനം നേടിയെടുക്കുകയെന്നതാണ് ജിഎസ്ടിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ആകെ വരുമാനമായി ലഭിച്ച 1,03,492 കോടിയില്‍ 19,592 കോടി രൂപ സിജിഎസ്ടി (കേന്ദ്ര ജിഎസ്ടി) സംഭാവനയാണ്. 27,144 കോടി രൂപ എസ്‍ജിഎസ്ടിയിലൂടെ (സംസ്ഥാന ജിഎസ്ടി) ലഭിച്ചതാണ്. 49,028 കോടി രൂപ ഐജിഎസ്ടി (സംയോജിത ജിഎസ്ടി) വിഹിതമായും പിരിഞ്ഞുകിട്ടി. ഐജിഎസ്ടിയില്‍ 20,948 കോടി രൂപ ഇറക്കുമതിയില്‍ നിന്ന് ലഭിച്ചതാണ്. സെസ്സില്‍ നിന്ന് 7,727 കോടിയും പിരിഞ്ഞുകിട്ടി (869 കോടി ഇറക്കുമതി സെസ്സാണ്). ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മാസ നികുതി വരുമാനമാണിത്.