
ദില്ലി: ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുന്നതിന് നിർദേശം മുന്നോട്ട് വച്ച് ആഫ്രിക്കയിലെ ഇന്ത്യൻ ബിസിനസ് നേതൃത്വങ്ങൾ രംഗത്ത്. ഇരു ഭൂഭാഗവും തമ്മിലുളള വ്യാപാരബന്ധങ്ങൾ ശക്തമാക്കുന്നതിനായി വായ്പ സംവിധാനം മെച്ചപ്പെടുത്താനുള്ള നടപടി കേന്ദ്രസർക്കാർ കൈക്കൊള്ളണമെന്നാണ് ആവശ്യം.
ബാങ്കുകൾ രൂപീകരിച്ച് വിസ നയങ്ങൾ ഉദാരമാക്കണമെന്ന് ആഫ്രിക്കയിലെ ഇന്ത്യൻ ബിസിനസുകൾ നിർദേശിച്ചതായി വാണിജ്യമന്ത്രാലയം വ്യക്തമാക്കുന്നു. വാണിജ്യമന്ത്രാലയവും ഇന്ത്യൻ ഹൈകമ്മീഷൻസും 11 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള എംബസികളും ചേർന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തിയ യോഗത്തിലാണ് നിർദേശങ്ങൾ ഉയർന്നുവന്നത്.
400 ൽ അധികം ഇന്ത്യൻ ബിസിനസ് പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. 2017-18 സാമ്പത്തിക വർഷം 62.69 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ആഫ്രിക്കൻ രാജ്യങ്ങളുമായി ഇന്ത്യ നടത്തിയത്. നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നതായി വാണിജ്യമന്ത്രാലയവും അറിയിച്ചു.