വോട്ടെല്ലാം പെട്ടിയിലായാല്‍ ജനത്തെ കാത്തിരിക്കുന്നത് വന്‍ ഇന്ധന വിലക്കയറ്റം; ഇന്ത്യയ്ക്ക് ഇരുട്ടടിയായി ഉപരോധത്തോടൊപ്പം വ്യാപാര യുദ്ധവും

By Web TeamFirst Published May 8, 2019, 1:10 PM IST
Highlights

അമേരിക്കയുടെ ഇറാന്‍ ഉപരോധവും വീണ്ടും ശക്തമാകുന്ന യുഎസ്- ചൈന വ്യാപാര യുദ്ധവുമാണ് അന്താരാഷ്ട്ര എണ്ണ വില വര്‍ധനയ്ക്ക് പ്രധാന കാരണം. ഇക്കഴിഞ്ഞ മെയ് രണ്ട് മുതലാണ് ഇറാന് മുകളില്‍ അമേരിക്ക പൂര്‍ണ ഉപരോധം നടപ്പിക്കിയത്. ഇന്ത്യ, ചൈന അടക്കമുളള എട്ട് രാജ്യങ്ങള്‍ക്ക് നല്‍കിയിരുന്ന 180 ദിവസ ഉപരോധ ഇളവ് നീട്ടി നല്‍കില്ലെന്ന പ്രസ്താവനയോടെയാണ് അമേരിക്ക പൂര്‍ണ ഉപരോധത്തിലേക്ക് കടന്നത്. ഇതോടെ ആഗോള എണ്ണ വിഹിതത്തില്‍ നാല് ശതമാനത്തിന്‍റെ വിടവാണുണ്ടായത്. 

പൊതു തെരഞ്ഞെടുപ്പിന്‍റെ ഏഴാം ഘട്ട പോളിംഗ് പൂര്‍ത്തിയാകുന്നതോടെ ജനത്തെ കാത്തിരിക്കുന്നത് വന്‍ ഇന്ധന വിലക്കയറ്റമാകും. മെയ് 19 നാണ് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് പൂര്‍ണമാകുക. മെയ് ഇരുപതോടെ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവ് ഉണ്ടായേക്കും. 

അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ നിരക്കില്‍ വര്‍ധനയുണ്ടായെങ്കിലും രാജ്യത്തെ ഇന്ധന വിലയില്‍ കഴിഞ്ഞ ഒരു മാസമായി വലിയ മാറ്റം ദൃശ്യമല്ല. ആഗോള തലത്തില്‍ എണ്ണവിലയില്‍ 10 ശതമാനത്തിനടുത്താണ് വര്‍ധനവുണ്ടായത്. മാര്‍ച്ചില്‍ ശരാശരി ബാരലിന്  66.74 ഡോളറായിരുന്ന ക്രൂഡ് ഓയില്‍ നിരക്കാണ് ഏപ്രിലായപ്പോള്‍ 71 ഡോളറിലേക്ക് ഉയര്‍ന്നത്. ഫെബ്രുവരിയില്‍ 64.53 ഡോളറായിരുന്നു മാസശരാശരി. 

ഏപ്രില്‍ കടന്ന് മെയ് മാസത്തിലെത്തിയപ്പോഴും ക്രൂഡ് വിലയില്‍ മാറ്റമില്ല. 69-72 ഡോളര്‍ നിരക്കില്‍ തുടരുകയാണ് അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്ക്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ കഴിഞ്ഞ ഒരു മാസത്തിലേറെയായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടില്ല. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 74.83 രൂപയാണ് മെയ് എട്ടിലെ നിരക്ക്. ഡീസലിനാകട്ടെ 70.25 രൂപയും. 

ആഭ്യന്തര ആവശ്യകതയുടെ 83.7 ശതമാനത്തിനും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ക്രൂഡ് വിലയില്‍ അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന നേരിയ വര്‍ധന പോലും പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. ഇത്തരത്തിലുളള ഓരോ ചലനവും രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില വര്‍ധനയ്ക്കും കാരണമാകാറുണ്ട്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറച്ച് വില നിയന്ത്രണത്തിന് ശ്രമിക്കുന്ന ഘട്ടത്തില്‍ മാത്രമാണ് ഈ പ്രവണതയ്ക്ക് മാറ്റമുണ്ടാകുക. 

അമേരിക്കയുടെ ഇറാന്‍ ഉപരോധവും വീണ്ടും ശക്തമാകുന്ന യുഎസ്- ചൈന വ്യാപാര യുദ്ധവുമാണ് അന്താരാഷ്ട്ര എണ്ണ വില വര്‍ധനയ്ക്ക് പ്രധാന കാരണം. ഇക്കഴിഞ്ഞ മെയ് രണ്ട് മുതലാണ് ഇറാന് മുകളില്‍ അമേരിക്ക പൂര്‍ണ ഉപരോധം നടപ്പിക്കിയത്. ഇന്ത്യ, ചൈന അടക്കമുളള എട്ട് രാജ്യങ്ങള്‍ക്ക് നല്‍കിയിരുന്ന 180 ദിവസ ഉപരോധ ഇളവ് നീട്ടി നല്‍കില്ലെന്ന പ്രസ്താവനയോടെയാണ് അമേരിക്ക പൂര്‍ണ ഉപരോധത്തിലേക്ക് കടന്നത്. ഇതോടെ ആഗോള എണ്ണ വിഹിതത്തില്‍ നാല് ശതമാനത്തിന്‍റെ വിടവാണുണ്ടായത്. എണ്ണ വിലയില്‍ വലിയ സമ്മര്‍ദ്ദമുണ്ടാകാനും ഇത് കാരണമായി. അമേരിക്കയും ചൈനയും തമ്മില്‍ നടന്നുവന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ വീണ്ടും ഇരുകൂട്ടരും തമ്മില്‍ വ്യാപാര യുദ്ധത്തിലേക്ക് കടക്കുകയും ചെയ്തു.   

2018 -19 ല്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെലവ് 11,420 കോടി ഡോളറായിരുന്നു. ഇതിന്‍റെ 10.6 ശതമാനമായ 1,210 കോടി ഡോളറും ഇറാനില്‍ നിന്നുളള എണ്ണയ്ക്ക് വേണ്ടിയായിരുന്നു ഇന്ത്യ ചെലവിട്ടിരുന്നത്. ഇറാന്‍ ഉപരോധം മൂലം കുറവ് വന്ന എണ്ണ വിഹിതം പൂര്‍ണമായി പുനസ്ഥാപിക്കാന്‍ രാജ്യത്തിന് ഇതുവരെ സാധിച്ചിട്ടുമില്ല. 
 

click me!