
സംസ്ഥാനത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ട് ഇന്ന് ലണ്ടന്‍ സ്റ്റോക്ക് എക്സചേഞ്ചില്‍ ലിസ്റ്റ് ചെയ്തു. ലണ്ടൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനം എന്ന പദവിയും കിഫ്ബിക്ക് ലഭിച്ചു. ഇന്ന് വ്യാപാരത്തിനായി ലണ്ടൻ ഓഹരി വിപണി കേരള മുഖ്യമന്ത്രിയാണ് തുറന്നു കൊടുത്തത്.
ഇതോടെ, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ക്ഷണപ്രകാരം ഇത്തരമൊരു ചടങ്ങിൽ പങ്കെടുക്കുന്ന ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രി എന്ന ചരിത്ര നേട്ടത്തിനും പിണറായി വിജയൻ അര്‍ഹനായി. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ വ്യാപാര ദിനത്തിന് ഒരു കമ്മ്യൂണിസ്റ്റ് ഭരണാധികാരി തുടക്കം കുറിക്കുകയെന്ന അപൂര്‍വ്വതയും ഇന്നത്തെ ചടങ്ങിനുണ്ടായിരുന്നു.
"ധനസമാഹരണത്തിനായി ഒരു കോര്‍പ്പറേറ്റ് മോഡല്‍ അതാണ് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്നതിലൂടെ കേരളം ഉദ്ദേശിക്കുന്നത്," ചടങ്ങുകള്‍ക്ക് ശേഷം മാധ്യമങ്ങളോട് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. മുന്‍ സര്‍ക്കാരുകളില്‍ നിന്ന് വ്യത്യസ്തമായി പുതിയ വഴികളിലൂടെ സംസ്ഥാന വികസനത്തിന് ആവശ്യമായ പണം കണ്ടെത്തുകയാണ് ഈ സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതാണ് ധനമന്ത്രിയുടെ വാക്കുകള്‍. അടുത്ത മൂന്ന് കൊല്ലത്തിനകം അടിസ്ഥാന സൗകര്യ വികസനത്തിന് 50,000 കോടി രൂപയുടെ മൂലധന നിക്ഷേപം ലഭ്യമാക്കുക എന്ന ലക്ഷ്യം നേടാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് മസാല ബോണ്ട്, പ്രവാസിച്ചിട്ടി അടക്കമുളള സര്‍ക്കാരിന്‍റെ പുതിയ ധനസമാഹരണ മാര്‍ഗ്ഗങ്ങള്‍.
നെഹ്റുവിനെ ഓര്‍മിപ്പിക്കുന്ന ധനസമാഹരണം
മസാല ബോണ്ടുകള്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ അവതരിപ്പിച്ച നടപടി സംസ്ഥാനത്തിനും കിഫ്ബിക്കും ഏറെ ഗുണപരമായ നടപടിയായാണ് പൊതുവേ വിലയിരുത്തപ്പെടുത്തത്. എന്നാല്‍, വികസനത്തിനായി 50,000 കോടി എന്ന ലക്ഷ്യം സര്‍ക്കാരിന് നേടിയെടുക്കണമെങ്കില്‍ നിക്ഷേപ സമൂഹത്തിന് മുന്‍പില്‍ നമ്മുടെ വിശ്വാസ്യത വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി പ്രോജക്ടുകള്‍ പൂര്‍ത്തികരിക്കാനുളള സമയ താമസം ഒഴിവാക്കുകയും, വിഭാവ സമാഹരണത്തില്‍ ഇപ്പോള്‍ തുടരുന്ന ബുദ്ധിമുട്ടുകള്‍ അവസാനിപ്പിക്കുകയും വേണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഈ സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ധനസമാഹരണ പരിപാടികള്‍ മുന്‍ ഇടതു സര്‍ക്കാരുകള്‍ നടപ്പാക്കി വന്നിരുന്ന നയങ്ങളില്‍ നിന്ന് അല്‍പ്പം മാറി സഞ്ചരിക്കുന്ന തരത്തിലുളളതാണ്. ശരിക്കും നെഹ്റുവിനെ ഓര്‍പ്പിക്കുന്ന സാമ്പത്തിക നയ പരിപാടികള്‍. ഇത് വളരെ ഗുണപരമായ ഒരു സമീപനമാണ്. പ്രമുഖ സാമ്പത്തിക വിദഗ്ധയായ മേരി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. വികസന, ധനനയ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇനിയുളള കാലം സംരംഭങ്ങളെ ആശ്രിയിക്കാതെ കഴിയില്ല. അവരില്‍ നിന്ന് ഗുണപരമായ രീതിയില്‍ നിക്ഷേപം സ്വീകരിച്ചുകൊണ്ട് പുരോഗതി നേടിയെടുക്കുക എന്നതാണ് ഏറ്റവും വിജയകരമായ മാതൃകയെന്നും മേരി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.
ഇത് പോസ്റ്റീവ് സിറ്റുവേഷന്‍
ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലേക്ക് കിഫ്ബിയുടെ മസാല ബോണ്ടിനെ എത്തിച്ച സര്‍ക്കാരിന്‍റെ നടപടിയെ തല്‍ക്കാലം നമ്മള്‍ക്ക് സ്വാഗതം ചെയ്യാം. എന്നാല്‍, സര്‍ക്കാരിനൊപ്പം നമ്മളും മാറേണ്ടിയിരിക്കുന്നു. നമ്മള്‍ ഇപ്പോള്‍ വച്ച് പുലര്‍ത്തുന്ന സാമ്പത്തിക വിമര്‍ശന സംസ്കാരം കേരളം പൂര്‍ണമായും ഒഴിവാക്കിയേ മതിയാകൂ. മസാല ബോണ്ടില്‍ നിക്ഷേപിച്ച ഡിഡിപിക്യുവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ പലതും അനാവശ്യമാണ്. ദേശീയ പാത വികസനം മുതല്‍ തുറമുഖ വികസനം വരെ സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സംസ്ഥാനത്ത് നിക്ഷേപമിറക്കാന്‍ നിക്ഷേപകര്‍ മടിക്കുമെന്നും മേരി ജോര്‍ജ്ജ് വ്യക്തമാക്കി.
'ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് വളരെ പക്വതയുളള ഒന്നാണ്. അവിടെ നമ്മുടെ ബോണ്ട് ലിസ്റ്റ് ചെയ്യുകയെന്നത് വളരെ ഗുണപരപമായ കാര്യമാണ്. ഇത്തരമൊരു സാഹചര്യം കിഫ്ബിയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയരാന്‍ ഇടയാക്കും. ഇത് വലിയ കമ്പനികളുടെ നിക്ഷേപം നേടിയെടുക്കാന്‍ കിഫ്ബിയെ പ്രാപ്തമാക്കും. ഇതൊരു പോസിറ്റീവ് സിറ്റുവേഷനാണ്.' പ്രമുഖ വിപണി വിദഗ്ധനും ഹെഡ്ജ് ഇക്വിറ്റീസ് സീനിയര്‍ വൈസ് പ്രസിഡന്‍റുമായ കൃഷ്ണന്‍ തമ്പി അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.