ഐഡിയ നൈജീരിയയില്‍ നിന്ന്; കേരളം പണത്തിനായി ഡയാസ്പെറ ബോണ്ടിറക്കുന്നു; ഇവയാണ് ബോണ്ടിന്‍റെ പ്രത്യേകതകള്‍

By Web TeamFirst Published May 27, 2019, 10:47 AM IST
Highlights

ഇതിന് പുറമേ ഡോളര്‍ ബോണ്ടിറക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അമേരിക്കയിലെയോ ലണ്ടനിലെയോ സ്റ്റോക്ക് എക്സചേഞ്ചുകള്‍ വഴി ബോണ്ടിറക്കും. ഡോളര്‍ ബോണ്ടിറക്കിയ ഇന്ത്യയിലെ മറ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇതിന്‍റെ ഘടന സംസ്ഥാന ധനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്. ഡോളറില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നിക്ഷേപം തിരികെ നല്‍കുന്നതും ഡോളറിലായിരിക്കും. 

തിരുവനന്തപുരം: കിഫ്ബി പദ്ധതികള്‍ നടപ്പാക്കാനുളള പണം കണ്ടെത്താനായി ഡയാസ്പെറ ബോണ്ടിറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. നൈജീരിയ അടക്കമുളള രാജ്യങ്ങള്‍ ധനസമാഹരണത്തിനായി നടപ്പാക്കിയ മാര്‍ഗ്ഗമാണ് ഡയാസ്പെറ ബോണ്ട്. വ്യക്തികള്‍ക്കും ബോണ്ടുകളില്‍ നിക്ഷേപിക്കാം എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. 

നിക്ഷേപം ഡോളറിലോ പൗണ്ടിലോ നടത്താം. പ്രളയത്തെക്കുറിച്ച് പഠിക്കാന്‍ വന്ന ലോകബാങ്ക് ടീമിലെ അംഗമാണ് ഡയാസ്പെറ ബോണ്ടിന്‍റെ സാധ്യതകള്‍ സര്‍ക്കാരിന് മുന്നില്‍ വച്ചത്. ബോണ്ടിനെ സംബന്ധിച്ചുളള സാധ്യതകള്‍ പരിശോധിച്ച് വിവിധ തലത്തില്‍ ചര്‍ച്ച നടത്തിയിട്ടേ പുറത്തിറക്കുകയുള്ളൂ.

ഇതിന് പുറമേ ഡോളര്‍ ബോണ്ടിറക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അമേരിക്കയിലെയോ ലണ്ടനിലെയോ സ്റ്റോക്ക് എക്സചേഞ്ചുകള്‍ വഴി ബോണ്ടിറക്കും. ഡോളര്‍ ബോണ്ടിറക്കിയ ഇന്ത്യയിലെ മറ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇതിന്‍റെ ഘടന സംസ്ഥാന ധനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്. ഡോളറില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നിക്ഷേപം തിരികെ നല്‍കുന്നതും ഡോളറിലായിരിക്കും. അതിനാല്‍ നാണയ വിനിമയത്തില്‍ നഷ്ടമുണ്ടാകില്ല. എന്നാല്‍ ഡോളര്‍ ബോണ്ടുകളില്‍ സ്ഥാപനങ്ങള്‍ക്ക് മാത്രമേ നിക്ഷേപം ഇറക്കാന്‍ സാധിക്കുകയുള്ളൂ. 

പുതിയ ബോണ്ടുകള്‍ വഴി 6,000 കോടി രൂപ സമാഹരിക്കാനാണ് കിഫ്ബി ലക്ഷ്യമിടുന്നത്. ഈ വര്‍ഷം കിഫ്ബി സാമ്പത്തിക പ്രതിസന്ധി നേരിടുന്നില്ലെന്ന നിലപാടാണ് സര്‍ക്കാരിനുളളത്. ഈ വര്‍ഷം കരാറുകാര്‍ക്ക് നല്‍കാനുളള തുക കിഫ്ബി അക്കൗണ്ടിലുണ്ട്. പലിശ ഇനത്തില്‍ വന്‍ നഷ്ടം ഉണ്ടാകുമെന്നതിനാല്‍ ബോണ്ട് പുറപ്പെടുവിച്ച് നേരത്തെ തുക സമാഹരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് പുറത്ത് വരുന്ന വിവരം. പണത്തിന്‍റെ ആവശ്യകത നോക്കി ബോണ്ടുകള്‍ ഇറക്കാനാണ് കിഫ്ബിയുടെ പദ്ധതി. 

click me!