ഉല്‍പാദനം കുറഞ്ഞിട്ടും എണ്ണ വില ഇടിച്ച് 'അമേരിക്കന്‍ മാജിക്ക്'; ഇന്ത്യയ്ക്ക് വന്‍ നേട്ടം

By Web TeamFirst Published Jun 7, 2019, 12:46 PM IST
Highlights

മൊത്ത ആവശ്യകതയുടെ 83.7 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് യുഎസ് ഇടപെടല്‍ വന്‍ നേട്ടമായി. ഇന്ത്യയ്ക്ക് കുറഞ്ഞ് വിലയ്ക്ക് എണ്ണ ലഭിക്കാനുളള സാഹചര്യം ഇതിലൂടെ ഉയര്‍ന്നു വന്നു. ഇത് ഇന്ത്യയുടെ വ്യാപാര കമ്മി കുറയ്ക്കാന്‍ ഏറെ സഹായകരമാണ്.  

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഏപ്രിലില്‍ ക്രൂഡ് ഓയില്‍ ബാരലിന് 74.57 ഡോളര്‍ ആയിരുന്ന എണ്ണ വിലയാണ് ആറാഴ്ച കൊണ്ട് 19 ശതമാനം ഇടിഞ്ഞ് 62.48 എന്ന നിലയിലെത്തിയത്. ഇക്കഴിഞ്ഞ ജനുവരിയില്‍ 60 ഡോളറിന് താഴെയെത്തിയ ശേഷമുളള കുറഞ്ഞ നിരക്കാണിത്. 

ഇറാന്‍, റഷ്യ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള എണ്ണ ഉല്‍പാദനത്തില്‍ വലിയ കുറവ് ഉണ്ടായിട്ടും ക്രൂഡ് വില ഇടിയാന്‍ കാരണം യുഎസ് ഇടപെടലാണ്. ഇറാന്‍ ഉപരോധത്തെ തുടര്‍ന്ന് എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സൗദിക്ക് മുകളില്‍ യുഎസ് സമ്മര്‍ദ്ദം ചെലത്തുകയും സ്വയം ഉല്‍പാദനം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ, അമേരിക്കന്‍ ക്രൂഡ് ഓയില്‍- പെട്രോള്‍ ശേഖരത്തില്‍ പെട്ടെന്ന് ഉയര്‍ച്ചയുണ്ടായി. 

യുഎസിന്‍റെ ഭാഗത്ത് നിന്നുണ്ടായ ഈ നിരന്തര ഇടപെടല്‍ എണ്ണ വിലക്കയറ്റത്തെ പ്രതിരോധിച്ചു. അന്താരാഷ്ട്ര തലത്തില്‍ എട്ടരലക്ഷം ബാരലിന്‍റെ കുറവുണ്ടാകുമെന്ന് കണക്കാക്കിയ സ്ഥാനത്ത് 6.8 ദശലക്ഷം ബാരലിന്‍റെ അധിക ശേഖരമാണ് യുഎസിന്‍റെ പക്കല്‍ ഇപ്പോഴുളളത്. പ്രതിദിനം 1.24 കോടി ബാരലാണ് ഇപ്പോഴത്തെ അമേരിക്കന്‍ ഉല്‍പാദനം. ഉല്‍പാദനത്തോടൊപ്പം ഇറക്കുമതി കൂടി എത്തിയതോടെ യുഎസ് എണ്ണ ശേഖരം ലോകത്തെ ഞെട്ടിച്ചു. 

യുഎസ് - ചൈന വ്യാപാര തര്‍ക്കം ആഗോള സാമ്പത്തിക വളര്‍ച്ചയെ ദോഷകരമായി ബാധിച്ചതും എണ്ണ വില ഇടിയാനിടയാക്കി. വില ഇടിയുന്ന സാഹചര്യത്തില്‍ ഒപെക് എണ്ണ ഉല്‍പാദനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം തുടരാനുളള സാധ്യത വര്‍ധിച്ചു. ചിലപ്പോള്‍ നിയന്ത്രണം കടുപ്പിക്കാനും സാധ്യതയുണ്ട്. ഉല്‍പാദന നിയന്ത്രണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഒപെക് - ഒപെക് ഇതര രാജ്യങ്ങളുടെ മന്ത്രിതല യോഗം ജൂണ്‍ 26ന് വിയന്നയില്‍ ചേരാനിരിക്കുകയാണ്. 

ഒപെക് രാജ്യങ്ങളില്‍ സൗദിയുടെയും ഒപെക് ഇതര രാജ്യങ്ങളില്‍ റഷ്യയുടെയും നിലപാടുകള്‍ യോഗത്തില്‍ നിര്‍ണായകമാകും. അമേരിക്കന്‍ എണ്ണ വിലയെ സ്വാധീനിക്കുന്ന വെസ്റ്റ് ടെക്സസ് ഇന്‍റര്‍മീഡിയറ്റ് ക്രൂഡ് (ഡബ്യൂടിഐ) വില നാല് ശതമാനം ഇടിഞ്ഞ് ബാരലിന് 51.31 ഡോളറായതും യുഎസ് എണ്ണ ശേഖരം ഉയരാനിടയാക്കി. മൊത്ത ആവശ്യകതയുടെ 83.7 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് യുഎസ് ഇടപെടല്‍ വന്‍ നേട്ടമായി. ഇന്ത്യയ്ക്ക് കുറഞ്ഞ് വിലയ്ക്ക് എണ്ണ ലഭിക്കാനുളള സാഹചര്യം ഇതിലൂടെ ഉയര്‍ന്നു വന്നു. ഇത് ഇന്ത്യയുടെ വ്യാപാര കമ്മി കുറയ്ക്കാന്‍ ഏറെ സഹായകരമാണ്.  

click me!