കേരളത്തിലെ ഐടി മേഖലയില്‍ നിക്ഷേപം നടത്താനും ടൂറിസം രംഗത്ത് സഹകരിക്കാനും താല്‍പര്യമറിയിച്ച് അമേരിക്കന്‍ അംബാസഡര്‍

By Web TeamFirst Published Mar 28, 2019, 4:24 PM IST
Highlights

ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കിന്‍റെ ഭാഗമായ ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരളത്തില്‍ സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുമായി ബന്ധപ്പെട്ട ഉയര്‍ന്ന തലത്തിലുള്ള ഗവേഷണത്തില്‍ അമേരിക്കയുമായി സഹകരിക്കാനും കേരളം താല്‍പര്യമറിയിച്ചു. കേരളത്തിന്‍റെ സാംസ്കാരിക വൈവിധ്യത്തെ അംബാസഡര്‍ പ്രകീര്‍ത്തിച്ചു. 

തിരുവനന്തപുരം: ഐടി മേഖലയിലടക്കം കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താനും ടൂറിസം രംഗത്ത് കൂടുതല്‍ സഹകരിക്കാനും അമേരിക്കയ്ക്ക് താല്‍പര്യമുണ്ടെന്ന് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍ മുഖമന്ത്രിയെ അറിയിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചര്‍ച്ചയിലാണ് അംബാസഡര്‍ ഇക്കാര്യം പറഞ്ഞത്. ടൂറിസം, ബിസിനസ്സ്, ആരോഗ്യം മുതലായ മേഖലകളിലും സാങ്കേതിക രംഗത്തും കൂടുതല്‍ സഹകരിക്കാനുള്ള താല്‍പര്യം മുഖ്യമന്ത്രിയും മുന്നോട്ടുവച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച നടന്നത്. പ്രളയം നേരിടുന്നതിലും നിപ വൈറസിനെ പ്രതിരോധിക്കുന്നതിലും കേരളം സ്വീകരിച്ച നടപടികളെ കെന്നത്ത് ജസ്റ്റര്‍ അഭിനന്ദിക്കുകയും ചെയ്തു. 

വെള്ളപ്പൊക്ക നിയന്ത്രണം ലക്ഷ്യമാക്കി കേരളം രൂപീകരിക്കുന്ന റിവര്‍ ബേസിന്‍ മാനേജ്മെന്‍റ് അതോറിറ്റിക്ക് അമേരിക്കയുടെ സാങ്കേതിക സഹകരണമുണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഗള്‍ഫ് മേഖയില്‍ നിന്നും തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ധാരാളം പേര്‍ വിദഗ്ധ ചികിത്സയ്ക്കായി കേരളത്തിലെ ആരോഗ്യമേഖലയെ ആശ്രയിക്കുന്നെണ്ടെന്നും ഈ രംഗത്ത് അമേരിക്കയുമായി സഹകരിക്കാന്‍ തയ്യാറാണെന്നും കേരളം അറിയിച്ചു. 

ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കിന്‍റെ ഭാഗമായ ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരളത്തില്‍ സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുമായി ബന്ധപ്പെട്ട ഉയര്‍ന്ന തലത്തിലുള്ള ഗവേഷണത്തില്‍ അമേരിക്കയുമായി സഹകരിക്കാനും കേരളം താല്‍പര്യമറിയിച്ചു. കേരളത്തിന്‍റെ സാംസ്കാരിക വൈവിധ്യത്തെ അംബാസഡര്‍ പ്രകീര്‍ത്തിച്ചു. ഏറ്റവും പുരാതനമായ ജൂതപ്പള്ളി (കൊച്ചി) യുടെ കാര്യം ചര്‍ച്ചയില്‍ അദ്ദേഹം എടുത്തുപറഞ്ഞു. വ്യാപാര-സാങ്കേതിക സഹകരണത്തോടൊപ്പം ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിനും വലിയ പ്രാധാന്യമുണ്ടെന്നും അംബാസിഡര്‍ ചൂണ്ടിക്കാട്ടി.  


 

click me!