ഇന്ത്യയുടെ വളര്‍ച്ച നിരക്കില്‍ സംശയം പ്രകടിപ്പിച്ച് രഘുറാം രാജന്‍: സംശയങ്ങള്‍ പരിഹരിക്കണമെന്നും മുന്‍ ആര്‍ബിഐ ഗവര്‍ണര്‍

By Web TeamFirst Published Mar 27, 2019, 11:45 AM IST
Highlights


സാമ്പത്തിക വളര്‍ച്ച നിരക്കിലെ സംശയങ്ങള്‍ തീര്‍ക്കാന്‍ ഒരു നിഷ്പക്ഷ സമിതിയെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദില്ലി: ഇന്ത്യന്‍ സമ്പദ്‍ഘടനയുടെ ജിഡിപി വളര്‍ച്ച നിരക്കില്‍ സംശയം പ്രകടിപ്പിച്ച് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. രാജ്യത്തെ തൊഴിലാവസരങ്ങള്‍ വര്‍ധിക്കാതിരുന്നിട്ടും സമ്പദ്‍വ്യവസ്ഥ ഏഴ് ശതമാനം വളര്‍ച്ച പ്രകടിപ്പിക്കുന്നത് സംശയം വര്‍ധിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

തൊഴിലവസരങ്ങള്‍ വളരാതെ എങ്ങനെയാണ് നമ്മള്‍ക്ക് ഏഴ് ശതമാനം വളര്‍ച്ച നിരക്ക് പ്രകടിപ്പിക്കാനാവുകയെന്ന് മോദി സര്‍ക്കാരിലെ ഒരു മന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. നമ്മള്‍ ഏഴ് ശതമാനം നിരക്കില്‍ വളരാന്‍ ഒരു സാധ്യതയുമില്ലെന്നും ഒരു ബിസിനസ് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രഘുറാം രാജന്‍ പറഞ്ഞു. എന്നാല്‍, മന്ത്രിയുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ല.  

സാമ്പത്തിക വളര്‍ച്ച നിരക്കിലെ സംശയങ്ങള്‍ തീര്‍ക്കാന്‍ ഒരു നിഷ്പക്ഷ സമിതിയെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2018 ല്‍ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് യുപിഎ കാലത്തെ ജിഡിപി നിരക്കുകള്‍ പുന:ക്രമീകരിച്ചത് കാരണമാണ് യുപിഎ കാലത്തെ വളര്‍ച്ച നിരക്ക് എ‍ന്‍ഡിഎ കാലത്തെ ശരാശരി വളര്‍ച്ചയെക്കാള്‍ കുറഞ്ഞ് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

click me!