നീരവ് മോദി തട്ടിപ്പിന്റെ വ്യാപ്തി കൂടുന്നു; ഇരുപതിനായിരം കോടിയെന്ന് ഇ.ഡി

By Web DeskFirst Published Feb 25, 2018, 2:47 PM IST
Highlights

ദില്ലി: വിദേശത്തേക്ക് കടന്ന നീരവ് മോദി തട്ടിയെടുത്ത പണം ഏകദേശം ഇരുപതിനായിരം കോടിയോളം വരുമെന്ന് എന്‍ഫോഴ്‌സ്മെന്റ്ഡയറക്ടറേറ്റ്. വായ്പകളുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് കാണിച്ച് 16 ബാങ്കുകള്‍ക്ക് കൂടി ഇ.ഡി നോട്ടീസ് അയച്ചു.

രാജ്യത്തെ ബാങ്കിങ് സംവിധാനത്തെയാകെ പിടിച്ചുകുലുക്കിയ നീരവ് മോദിയുടെ തട്ടിപ്പുകളില്‍ ഇപ്പോള്‍ കണ്ടെത്തിയത് ഒരു ഭാഗം മാത്രമാണെന്ന വിലയിരുത്തലിലാണ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. നീരവ് മോദിക്കും മെഹുല്‍ ചോക്‌സിക്കും നല്‍കിയ വായ്പകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് 16 ബാങ്കുകള്‍ക്ക് കൂടി നോട്ടീസ് നല്‍കിയത്. വായ്പകളുടെ സ്വഭാവം, ഇതിന് ഗ്യാരന്റിയായി വാങ്ങിയിരിക്കുന്ന വസ്തുക്കളുടെ വിശദാംശങ്ങള്‍ എന്നിവയാണ് പ്രധാനമായും അന്വേഷിക്കുന്നത്. വായ്പാ തുകയുടെ 12 ശതമാനം മാത്രം മൂല്യമുള്ള വസ്തുക്കള്‍ ഗ്യാരന്റിയായി വാങ്ങി പല ബാങ്കുകളും നീരവിന് വന്‍ തുക വായ്പ അനുവദിച്ചിട്ടുണ്ടെന്നാണ് സൂചന. പണം തിരിച്ചടയ്‌ക്കാതെ വിദേശത്തേക്ക് മുങ്ങിയതിനാല്‍ ഇനി ഒരു തരത്തിലും ഈ തുക തിരിച്ച് പിടിയ്‌ക്കാന്‍ കഴിയാത്ത സ്ഥിതിയാവും. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തിയിലേക്ക് പോകുന്ന തരത്തിലാണത്രെ ഇവയുടെ വിതരണം.

ഈ ഘട്ടത്തില്‍ എന്ത് അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ വായ്പ അനുവദിച്ചതെന്നും ഇതില്‍ എന്തെങ്കിലും ഇനി തിരിച്ച് പിടിക്കാന്‍ കഴിയുമോ എന്നുമാണ് എന്‍ഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റ് ചോദിക്കുന്നത്. ഒരു ബാങ്കുകളോടും പരാതി നല്‍കാന്‍ ഇ.ഡി ആവശ്യപ്പെട്ടിട്ടില്ല. നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും ഉടമസ്ഥതയിലുള്ള 114 വസ്തുക്കള്‍ പിടിച്ചെടുക്കാന്‍ അനുമതി തേടി കേന്ദ്ര സര്‍ക്കാര്‍ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. നീരവ് മോദിയുടെ ഭാര്യയുടെയും സഹോദരന്റെയും പേരിലുള്ള വസ്തുക്കളും പിടിച്ചെടുക്കാന്‍ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം നീക്കം തുടങ്ങി.

click me!