പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഭീതി പടർന്നു പിടിക്കുകയാണ്. പെട്രോൾ, ഡീസൽ, സ്വർണ്ണം, വെള്ളി എന്നിവയുടെ വില കുത്തനെ ഉയർത്താനും ഓഹരി വിപണിയെ ബാധിക്കാനും സാധ്യതയുണ്ട്.    

അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാന്‍റെ തിരിച്ചടി കൂടുതൽ രാജ്യങ്ങളിലേക്ക്. ഇസ്രയേലിൽ അതിശക്ത ആക്രമണം നടത്തിയതിന് പിന്നാലെ ബഹ്റൈനിലും ഇറാൻ ആക്രമണം നടത്തിയെന്ന വാർത്തയാണ് അവസാനമായി പുറത്ത് വരുന്നത്. ബഹ്റൈനിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായും അപായ സൈറണുകൾ മുഴങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. മാസങ്ങളായി ഇസ്രയേലും ഇറാനും തമ്മിലുള്ള ബന്ധം ഒട്ടും സുഖകരമായിരുന്നില്ല. നേരത്തെ ഇറാൻ ഇസ്രയേലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പ്രത്യാക്രമണമായാണ് ഇപ്പോള്‍ ഇസ്രായേല്‍ തിരിച്ചടിച്ചിരിക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ ഇന്ത്യ അടക്കമുള്ള മറ്റു രാജ്യങ്ങളെ ഇത് എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്. 

ഇപ്പോൾ ഉള്ള ഈ സാഹചര്യം ആഗോള തലത്തിൽ പെട്രോൾ, ഡീസൽ വിലകൾ ഉയരാൻ കാരണമായേക്കും. ഇന്ത്യയിലടക്കം കുറച്ചു ദിവങ്ങളിലായി പെട്രോൾ, ഡീസൽ വില ഏറിയും കുറഞ്ഞും വരികയായിരുന്നു. ഓഹരി വിപണിയെയും ഈ സാഹചര്യം ബാധിച്ചേക്കും. സ്വർണം, വെള്ളി വിലകളും കുത്തനെ കുതിച്ചുയരാൻ സാധ്യതയുണ്ട്. ഇന്ന് തന്നെ കേരളത്തിൽ ഉച്ചയായപ്പോഴേക്കും പവന് 2920 രൂപ കൂടിയിരുന്നു. ഇന്നാകെ 5240 രൂപ വർധിച്ച് 1,23, 720 രൂപയിലെത്തി. സ്വർണം, വെള്ളി വില വർധനയേക്കാൾ രാജ്യത്തെ സാധാരണക്കാരെ ബാധിക്കുക ഉയരാനിരിക്കുന്ന പെട്രോൾ, ഡീസൽ വിലകൾ തന്നെയായിരിക്കും. യാത്രാച്ചെലവടക്കം കുത്തനെ കൂടാനാണ് സാധ്യത.