പിന്‍വലിച്ച നോട്ടുകളെല്ലാം തിരിച്ചെത്തുമെന്ന് റവന്യൂ സെക്രട്ടറി; അപ്പോള്‍ കള്ളപ്പണം എവിടെപ്പോയെന്ന് പ്രതിപക്ഷം

By Web DeskFirst Published Dec 7, 2016, 3:44 AM IST
Highlights

2016 മാര്‍ച്ച് 31 വരെ 1000, 500 നോട്ടുകളിലുള്ള 14,17,000 കോടി രൂപയുടെ കറന്‍സികളാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നത്. ഈ നോട്ടുകള്‍ അസാധുവാക്കിയ ശേഷം നവംബര്‍ 30വരെ 11 ലക്ഷം കോടി രൂപ ബാങ്കുകളില്‍ തിരിച്ചെത്തി. ബാക്കി നോട്ടുകള്‍ കൂടി തിരിച്ചെത്താനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര റവന്യു സെക്രട്ടറി ഹഷ്മുഖ് അധിയ പറഞ്ഞു. മൂന്ന് ലക്ഷം കോടി രൂപയിലധികം നോട്ടുകള്‍ തിരിച്ചെത്തില്ല എന്ന സര്‍ക്കാര്‍ പ്രതീക്ഷകള്‍ക്ക് ഇതോടെ മങ്ങലേല്‍ക്കുകയാണ്. എല്ലാ നോട്ടുകളും തിരിച്ചെത്തുമെങ്കില്‍ പിന്നെ കള്ളപ്പണത്തിന്റെ പേരുപറഞ്ഞ് ജനങ്ങളെ ദ്രോഹിച്ചതെന്തിനാണെന്ന് രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ചോദിച്ചു.

മൂന്ന് ലക്ഷത്തോളം കോടി രൂപയുടെ കള്ളപ്പണം പ്രത്യക്ഷത്തില്‍ തന്നെ ഇല്ലാതാകുമെന്ന വിലയിരുത്തലാണ് നോട്ടുപിന്‍വലിക്കലിനെ പിന്തുണച്ച സാമ്പത്തിക വിദഗ്ദര്‍ പോലും അഭിപ്രായപ്പെട്ടിരുന്നത്. നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ ഇനിയും മൂന്ന് ആഴ്ചയിലധികം സമയം ശേഷിക്കെ മിക്കവാറും റിസര്‍വ് ബാങ്ക് പുറത്തിറക്കിയ നോട്ടുകളെല്ലാം തിരികെ എത്തുമെന്നാണ് കണക്കൂകൂട്ടല്‍. ഇങ്ങനെയായാല്‍ കള്ളപ്പണം പിടികൂടുമെന്ന പ്രഖ്യാപനം വെറും കള്ളനോട്ട് പിടികൂടലായി മാറും. ബാങ്കില്‍ തിരിച്ചെത്താത്ത നോട്ടുകള്‍ സര്‍ക്കാറിന് നേട്ടമാകുമെന്ന അവകാശവാദത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നു. ഇതില്‍ നിന്ന് മാറി ബാങ്കില്‍ നിക്ഷേപിച്ച പണം പരിശോധിച്ച് അതിന്റെ ഉറവിടം അന്വേഷിക്കുമെന്നും നികുതി ചുമത്തുമെന്നുമാണ് റവന്യൂ സെക്രട്ടറി ഇന്ന് വിശദീകരിച്ചത്.

പണം ബാങ്കില്‍ നിക്ഷേപിച്ചത് കൊണ്ട് അത് വെളുപ്പിച്ചുവെന്ന് അര്‍ത്ഥമില്ലെന്നും പണം നിക്ഷേപിച്ചവരെ കണ്ടെത്തി ഇവരെ ചോദ്യം ചെയ്ത ശേഷം നികുതി ചുമത്തുമ്പോള്‍ മാത്രമേ പണം വെളുപ്പിച്ചെന്ന് പറയാനാകൂവെന്നും ഹഷ്മുഖ് അധിയ പറഞ്ഞു. കള്ളപ്പണക്കാരില്‍ ആരെയും വെറുതെ വിടില്ലെന്നും 50,000 രൂപ വീതം 500 പേരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചവരെയും പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

click me!