പ്രിയപ്പെട്ടവരുടെ മരണശേഷം അവരുടെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങള്‍ ചെയ്യേണ്ടത്

By Web DeskFirst Published Sep 20, 2017, 4:41 PM IST
Highlights

മാതാവോ പിതാവോ അല്ലെങ്കില്‍ പ്രിയപ്പെട്ടവരോ മരണപ്പെട്ടാല്‍ പലപ്പോഴും നമ്മുടെ ജീവിതത്തില്‍ വലിയ ശൂന്യതയായിരിക്കും കുറേ നാളുകളെങ്കിലും.  വിഷമം നിങ്ങളെ  തളര്‍ത്തുമ്പോള്‍ പോലും മരണപ്പെട്ട പ്രിയപ്പെട്ടവരുടെ സമ്പാദ്യവും ബാധ്യതകളുമായി ബന്ധപ്പെട്ട്  നിങ്ങള്‍ ചെയ്യേണ്ട ചില പ്രധാന ചുമതലകള്‍ ഉണ്ട്. അവരുടെ ലോണ്‍ അടക്കമുള്ള ബാധ്യതകള്‍, അവര്‍ നിങ്ങള്‍ക്കായി കരുതിവച്ച സ്വത്തുക്കള്‍, പാര്യമ്പര്യമായി കൈമാറി വന്ന സ്വത്തുക്കള്‍ തുടങ്ങിയവയുടെ  സംരക്ഷണം നിങ്ങളുടെ കൈകളിലാകും. നിങ്ങള്‍  ചെയ്യേണ്ട ഏതാനും  ചില കാര്യങ്ങള്‍ ഇതാ
 

മരണ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം
മരണപ്പെട്ടയാളുടെ  അക്കൗണ്ടുകള്‍ മരവിപ്പിക്കാനോ അതിലെ തുടര്‍ നടപടികള്‍ക്കോ മരവിപ്പിക്കാനോ നിലനിര്‍ത്താനോ മരണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.  മരണ സര്‍ട്ടിഫിക്കറ്റിലെ വിശദാംശങ്ങള്‍ മറ്റ് തിരിച്ചറിയല്‍ രേഖകളുമായി പൊരുത്തപ്പെടണം. രേഖകളിലെ വിവരങ്ങളില്‍ വ്യത്യായമുണ്ടായാല്‍ അത് പിന്നീട് ബുദ്ധിമുട്ടാകും. മരണപ്പെട്ടയാള്‍ വില്‍പത്രം തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ മറ്റ് നൂലാമാലകള്‍ കുറവായിരിക്കും. ബാങ്ക് അക്കൗണ്ടുകളിലോ മറ്റോ നോമിനിയെ നിര്‍ണ്ണയിച്ചിട്ടുണ്ടെങ്കില്‍ പോലും വില്‍പ്പത്രമായിരിക്കും പ്രധാന രേഖയായി കണക്കാക്കുക. വില്‍പ്പത്രമില്ലെങ്കില്‍ അനന്തരാവകാശികള്‍ സ്വത്തുകളുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഇതുപയോഗിച്ച് മാത്രമേ വസ്തുവകകള്‍ മറ്റുള്ളവര്‍ക്ക് കൈമാറാന്‍ സാധിക്കുകയുള്ളൂ.

സാമ്പത്തിക രേഖകള്‍ ശേഖരിക്കണം
സാമ്പത്തികമായ ഇടപാടുകളും നിക്ഷേപങ്ങളും പലരും പരസ്യമാക്കാറില്ല. ഇതുമായി ബന്ധപ്പെട്ട രേഖകളും രഹസ്യമായി സൂക്ഷിക്കുകയാണ് പതിവ്. എന്നാല്‍ രേഖകളും പാസ്ബുക്ക് പോലുള്ളവയും ശേഖരിക്കേണ്ടത് ആവശ്യമാണ്. 

നിക്ഷേപങ്ങളും വായ്പകളും ബാധ്യതകളും
മരണപ്പെട്ടയാളുടെ നിക്ഷേപങ്ങള്‍, ബാധ്യതകള്‍, വായ്പകള്‍ എന്നിവയെല്ലാം വെവ്വേറെയാക്കി സൂക്ഷിക്കണം. ഇതുമായി ബന്ധപ്പെട്ട രേഖകളും വെവ്വേറെ തരംതിരിക്കണം. വായ്പകളുടെ പേരിലുള്ള വ്യാജ അവകാശവാദങ്ങള്‍ മനസിലാക്കാന്‍ അത് അത്യാവശ്യമാണ്. ആവശ്യമെങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ച് ഇത് ഉറപ്പുവരുത്താം. ആവശ്യമെങ്കില്‍ സാമ്പത്തിക വിദഗ്ദന്റെ സഹായവും തേടാവുന്നതാണ്.

അക്കൗണ്ട് മരവിപ്പാക്കുക
മരണശേഷം ഉടന്‍ തന്നെ ബാങ്കുകളെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും അറിയിച്ച് അക്കൗണ്ടുകള്‍ മരവിപ്പിക്കണം. അക്കൗണ്ട് ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ ഇത് സഹായിക്കും. 

ബാങ്ക് അക്കൗണ്ടുകള്‍, ക്രെഡിറ്റ് കാര്‍ഡ്, ലോണ്‍, ലോക്കറുകള്‍
ബാങ്ക് അക്കൗണ്ടുകള്‍ മരണത്തെ തുടര്‍ന്ന് ക്ലോസ് ചെയ്യണം. ഇതിനായി പ്രത്യേക അപേക്ഷ നല്‍കണം. മരണ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബാങ്കില്‍ നല്‍കേണ്ടി വരും. നോമിനിയായി രേഖപ്പെടുത്തിയിരിക്കുന്ന ആളിന്റെ വിവരങ്ങളും അയാളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും നല്‍കിയാല്‍ പണം അതിലേക്ക് മാറ്റാനാവും. ലോക്കറിന്റ രേഖയും മരണ സര്‍ട്ടിഫിക്കറ്റും നല്‍കിയാല്‍ സാധനങ്ങള്‍ തിരിച്ചെടുത്ത് ലോക്കര്‍ ക്ലോസ് ചെയ്യാം.

വാഹനങ്ങള്‍
പ്രത്യേക അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളുമായി വാഹനം രജിസ്റ്റര്‍ ചെയ്ത ആര്‍.ടി.ഒ ഓഫീസിനെ സമീപിച്ചാല്‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാനാകും. വാഹനങ്ങള്‍ പിന്നീട് വില്‍ക്കാനും ഇത് ആവശ്യമാണ്.

നിക്ഷേപങ്ങള്‍
 മ്യൂച്യുല്‍ ഫണ്ട്, ഫിക്സഡ് ഡെപ്പോസിറ്റുകള്‍, ഷെയറുകള്‍, ബാങ്ക് ഡെപ്പോസിറ്റ്, പോസ്റ്റല്‍ നിക്ഷേപം തുടങ്ങിയവയും ശ്രദ്ധിക്കണം. മരണ സര്‍ട്ടിഫിക്കറ്റിനൊപ്പം ആപേക്ഷാ ഫോം കൂടി നല്‍കിയാല്‍ നോമിനിയുടെ പേരിലേക്ക് അവ മാറ്റാന്‍ കഴിയും. നോമിനിയെ നിശ്ചയിച്ചിട്ടില്ലെങ്കില്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരും.

ഇലക്ട്രിസിറ്റി, ടെലിഫോണ്‍, ഇന്റര്‍നെറ്റ് കണക്ഷനുകള്‍ പോലുള്ള എല്ലാത്തിലും വിലാസം മാറ്റി മറ്റൊരാളുടെ പേരിലേക്കാണം. അതത് സ്ഥലങ്ങളില്‍ ഇതിനുള്ള അപേക്ഷ നല്‍കാം. മെയില്‍ വിലാസങ്ങളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ക്ലോസ് ചെയ്യണം. ബിസിനസ് ഉടമസ്ഥതാ വിവരങ്ങളില്‍ വിവിധി വകുപ്പുകളുമായി ബന്ധപ്പെട്ട് മാറ്റം വരുത്തണം. ആദായ നികുതി റിട്ടേണുകള്‍ നല്‍കിയ ശേഷം പാന്‍ കാര്‍ഡും ക്ലോസ് ചെയ്യേണ്ടതുണ്ട്.

കടപ്പാട്: bankbazaar.com

click me!