ആദ്യമായി ഭവന വായ്പയെടുക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

By Web DeskFirst Published Sep 20, 2017, 2:13 PM IST
Highlights

സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപനമാണ്. എന്നാല്‍ അതിന് പണം കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യവുമാണ്. അതിന് മിക്കവരും തെരഞ്ഞെടുക്കുന്ന ഒരു മാര്‍ഗ്ഗമാണ് ഭവനവായ്പ. വായ്പ സംഘടിപ്പിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് ഇപ്പോഴും പലര്‍ക്കും കൃത്യമായി അറിയില്ല. വായ്പ ആര്‍ക്കൊക്കെ ലഭിക്കും? എങ്ങനെയെക്കെയാണ് അതിന്റെ നടപടിക്രമങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍  ഇപ്പോഴും പലര്‍ക്കും സംശയമാണ്.  

എളുപ്പത്തില്‍ ഭവനവായ്പ ലഭിക്കാന്‍ ഒട്ടേറെ മാര്‍ഗ്ഗങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. വീട്ടിലിരുന്ന് തന്നെ വിവിധ സ്ഥാപനങ്ങളുടെ വായ്പാ നിരക്കുകള്‍ താരതമ്യം ചെയ്യാം. ഇന്റര്‍നെറ്റ് വഴി തന്നെ അപേക്ഷിക്കുകയും ചെയ്യാം. ഉപഭോക്താക്കളുടെ വരുമാനവും വായ്പയെടുത്തിട്ടുള്ള മുന്‍കാല ചരിത്രവും അടിസ്ഥാനമാക്കി വായ്പ അനുവദിക്കാന്‍ ബാങ്കുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും സ്വന്തമായ നിബന്ധനകളും നടപടിക്രമങ്ങളുമുണ്ട്. നിങ്ങളുണ്ടാക്കാന്‍ പോകുന്ന വീടിനെക്കുറിച്ചും നിങ്ങളുടെ വരുമാനവും മറ്റ് വായ്പകളുടെ തിരിച്ചടവുമെല്ലാം പരിശോധിച്ച ശേഷമേ ബാങ്കുകള്‍ വായ്പ അനുവദിക്കുകയുള്ളൂ. ആദ്യമായി ഭവന വായ്പയെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയൊക്കെയാണ്

ആര്‍ക്കൊക്കെ വായ്പ എടുക്കാം? യോഗ്യത, ക്രെഡിറ്റ് സ്കോര്‍
സ്ഥിര വരുമാനക്കാര്‍ക്കാണ് ഭവനവായ്പ ലഭ്യമാകുക. ശമ്പളമുള്ള ജോലി, സ്ഥിരവരുമാനം, പെന്‍ഷന്‍ തുടങ്ങിയ ഉള്ളവര്‍ക്ക് വായ്പ ലഭിക്കും. ബാങ്കുകളും മറ്റ് ഇതര ധനകാര്യ സ്ഥാപനങ്ങളും  വായ്പ അനുവദിച്ച്   നല്‍കാറുണ്ട്. സ്ഥിരവരുമാനമില്ലെങ്കിലും  ആദായനികുതി നല്‍കുന്നത്ര വരുമാനമുള്ളവര്‍ക്കും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്കും വായ്പ ലഭിക്കും. മിക്ക ബാങ്കുകളും ഇപ്പോള്‍ ക്രെഡിറ്റ് സ്കോര്‍ അടിസ്ഥാനമാക്കിയാണ് വായ്പകള്‍ അനുവദിക്കുന്നത്. 750ന് മുകളില്‍ ക്രെഡിറ്റ് സ്കോറുള്ളവര്‍ക്ക് ആകര്‍ഷകമായ പലിശ നിരക്കില്‍ വായ്പകള്‍ ലഭിക്കും. സ്കോര്‍ കുറവാണെങ്കില്‍ അല്‍പ്പം കൂടി കര്‍ശനമായ നിബന്ധനകളോടെ ബാങ്കുകള്‍ വായ്പ അനുവദിക്കും. എന്നാല്‍ ക്രെഡിറ്റ് സ്കോര്‍ വളരെ കുറവാണെങ്കില്‍ വായ്പാ അപേക്ഷകള്‍ നിരസിക്കപ്പെട്ടേക്കാം. ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്തിയ ശേഷം (നിലവിലുള്ള മറ്റ് വായ്പകള്‍ അടച്ച് തീര്‍ക്കുക, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ യഥാസമയം അടയ്ക്കുക) വീണ്ടും അപേക്ഷിക്കാം.

ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ ഒരുതവണ നിങ്ങളുടെ അപേക്ഷ നിരസിച്ചാല്‍ തുടര്‍ച്ചയായി അപേക്ഷിക്കരുത്.  ഇത് പിന്നെയും ക്രെഡിറ്റ് സ്കോര്‍ താഴാന്‍ ഇടയാക്കും.

വായ്പയെടുക്കാന്‍ പ്രായപരിധി ഉണ്ടോ?
പലര്‍ക്കും സംശയമുള്ള  കാര്യമാണ് ഭവന വായ്പയെടുക്കുമ്പോള്‍ പ്രായപരിധിയുണ്ടോയെന്നത്. 60 വയസ്സാണ് പൊതുവെ പ്രായപരിധി നിശ്ചിയിച്ചിട്ടുള്ളത്. വായ്പയെടുക്കുമ്പോള്‍ പ്രായം, ജോലി,കടബാധ്യത എന്നിവ മുന്‍നിര്‍ത്തിയായിരിക്കും ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ ലഭ്യമാക്കുന്നത്. 

വായ്പാതുകയും കാലാവധിയും
നിങ്ങളുടെ സാമ്പത്തിക നിലയ്ക്കനുസരിച്ച് 70 ശതമാനം മുതല്‍ 90 ശതമാനം വരെയാണ് ഭവന നിര്‍മ്മാണത്തിനായി വായ്പ ലഭിക്കുന്നത്. പരമാവധി 20 വര്‍ഷം മുതല്‍ 30 വര്‍ഷം വരെയാണ് ഭവന വായ്പയുടെ കാലാവധി. ദീര്‍ഘകാല വായ്പകള്‍ക്ക് മാസാമാസമുള്ള തിരിച്ചടവ് തുക കുറവായിരിക്കും. എന്നാല്‍ പലിശ നിരക്ക് കൂടുതലായിരിക്കും. കുറഞ്ഞ കാലയളവാണ് തെര‍ഞ്ഞെടുക്കുന്നതെങ്കില്‍ പലിശ നിരക്ക് കുറവായിരിക്കും. എന്നാല്‍ ഇ.എം.ഐ കൂടുതലായിരിക്കും. നിങ്ങളുടെ വരുമാനം അനുസരിച്ച് എത്രത്തോളം തുക പ്രതിമാസം തിരിച്ചടയ്ക്കാന്‍ കഴിയുമെന്ന് കണക്കാക്കുകയാണ് ആദ്യം വേണ്ടത്. ശേഷം കാലയളവ് നിശ്ചയിക്കാം. ദീര്‍ഘനാളത്തേക്കാണ് വായ്പ എടുക്കുന്നതെങ്കിലും നേരത്തെ തിരിച്ചടയ്ക്കാനുള്ള സംവിധാനം മിക്ക ബാങ്കുകളും നല്‍കുന്നുണ്ട്. 

പലിശ നിരക്ക്
പ്രധാനമായും രണ്ട് തരത്തിലുള്ള പലിശ നിരക്കുകളാണ് ബാങ്കുകള്‍ നല്‍കുന്നത്. സ്ഥിര നിരക്കിലും ഫ്ലോട്ടിങ് നിരക്കുകളിലും. സ്ഥിര പലിശയാണെങ്കില്‍ വായ്പാ കാലയളവിലുടനീളം ഒരേ തുകയായിരിക്കും തിരിച്ചടയ്ക്കേണ്ടിവരുന്നത്. എന്നാല്‍ വിവിധ കാരണങ്ങള്‍ അടിസ്ഥാനപ്പെടുത്തി നിശ്ചയിക്കുന്ന ഫ്ലോട്ടിങ് പലിശ നിരക്കിലും ബാങ്കുകള്‍ വായ്പ നല്‍കാറുണ്ട്. ഇതിന്റെ പലിശ നിരക്ക് മാറുന്നത് കൊണ്ട് തന്നെ തിരിച്ചടവിന്റെ തുകയും മാറിക്കൊണ്ടിരിക്കും. 

തിരിച്ചടവും മുന്‍കൂട്ടിയുള്ള തിരിച്ചടവും
വായ്പയെടുത്താല്‍ പ്രതിമാസ തിരിച്ചടവ് മറക്കരുത്.  വായ്പ എടുത്തിരിക്കുന്ന സംഖ്യയും പലിശ നിരക്കും അടിസ്ഥാനമാക്കിയായിരിക്കും തിരിച്ചടവ് പലിശ നിശ്ചയിരിക്കുന്നത്. ഭവന നിര്‍മ്മാണം നടക്കുമ്പോള്‍ പല ഘട്ടമായിട്ടായിരിക്കും ബാങ്കുകള്‍ തുക വിതരണം ചെയ്യുന്നത്. ഈ ഘട്ടത്തില്‍ തിരിച്ചടവ് തുകയും അതിന്റെ അടിസ്ഥാനത്തിലായിരിക്കും.

വായ്പ മുന്‍കൂട്ടി അടയ്ക്കല്‍
വായ്പയെടുക്കുന്നത് ദീര്‍ഘകാലത്തേക്കാണെങ്കിലും എപ്പോഴെങ്കിലും കൂടുതല്‍ പണം കൈയ്യില്‍ വരുമ്പോള്‍  അത് ഭവന വായ്പയിലേക്ക് ഒരുമിച്ച് അടക്കുന്നതിന് തടസ്സമില്ല. ഇത് പലിശ കുറയ്ക്കുന്നതിനൊപ്പം വായാപാ കാലാവധിയും കുറയ്ക്കാന്‍ സഹായിക്കും.

 ആദായ നികുതി ലാഭിക്കാം
 ഭവന വായ്പയെടുത്താല്‍ നിങ്ങള്‍ക്ക് ആദായ നികുതി ഇളവ് ലഭിക്കും. 80 സി വിഭാഗത്തില്‍ പലിശ തുകയില്‍ നിന്ന് 150,000 രൂപ വരെയും 24 ബി വിഭാഗത്തില്‍ നിന്ന്200,000 രൂപയും ഇളവ് ലഭിക്കും.

കടപ്പാട്: bankbazaar.com

click me!